Asianet News MalayalamAsianet News Malayalam

വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് വെക്കണം, പോകുന്നിടത്തെല്ലാം കൂടെ വരണമെന്നാവശ്യപ്പെടരുത്; ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ

1896 -ൽ സൂറിച്ച് പോളിടെക്നിക്കിൽ പഠിക്കുന്ന കാലത്താണ് മിലേവയെ ഐൻസ്റ്റീൻ ആദ്യമായി കണ്ടുമുട്ടുന്നത്. ജർമനിയിലെ ഐഐടികൾക്ക്  തുല്യമായ സ്ഥാപനങ്ങളാണ് പോളിടെക്നിക്കുകൾ.  

ten commandmentsAlbert Einstein laid in front of his wife Mileva Maric
Author
Zürich, First Published Nov 12, 2019, 6:00 PM IST

ഒരു പുരുഷനും സ്ത്രീയും ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്നത് അലിഖിതമായ ഒരു ഉടമ്പടിക്കുമേലാണ്. അവിടന്നങ്ങോട്ട് പരസ്പരം താങ്ങായി ജീവിച്ചുകൊള്ളാം എന്ന സ്നേഹത്തിലധിഷ്ഠിതമായ ഒരു പരസ്പരധാരണ. എന്നാൽ, അപൂർവ്വം ചിലർ, വിവാഹാനന്തരം തങ്ങളുടെ പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളെപ്പറ്റി കൃത്യമായ നിബന്ധനകൾ വിവാഹത്തിന് മുമ്പുതന്നെ എഴുതി തയ്യാറാക്കി പങ്കാളിയെ കാണിക്കുന്ന പതിവും ഉണ്ട്.  ചരിത്രത്തിൽ അത്തരം വിവാഹഉടമ്പടികളിൽ കുടുംബങ്ങൾ ഏർപ്പെട്ടതിന് തെളിവുകളുണ്ട്. പലപ്പോഴും വിവാഹച്ചടങ്ങിൽ ഭാഗമായി, സ്ത്രീധനം എന്ന പേരിലും മറ്റും, പരസ്പരം ധനമോ, വസ്തുവകകളോ ഒക്കെ കൈമാറുന്ന സാഹചര്യത്തിലാണ് അത് സംഭവിക്കാറുള്ളത്. വൈവാഹികജീവിതത്തിന്റെയും വിവാഹമോചനത്തിന്റെയും ഒക്കെ നിബന്ധനകൾ പലരും ഇത്തരം ഉടമ്പടികളിൽ പങ്കുവെക്കാറുണ്ട്. ചില  കേസുകളിൽ, വിവാഹത്തിന് മുമ്പുതന്നെയും, മറ്റുചിലതിൽ വിവാഹം കഴിഞ്ഞ ഉടനെയും ദമ്പതികൾക്കിടയിൽ ഇത്തരം ഉടമ്പടികൾ ഒപ്പിടാറുണ്ട്. 

അത്തരത്തിലുള്ള ഉടമ്പടിയില്‍ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ എന്ന വിശ്വപ്രസിദ്ധനായ ശാസ്ത്രജ്ഞൻ തന്റെ  ആദ്യഭാര്യയായ മിലേവാ മാരിച്ചുമായി ഒപ്പിട്ട വിവാഹ ഉടമ്പടി. 1896 -ൽ സൂറിച്ച് പോളിടെക്നിക്കിൽ പഠിക്കുന്ന കാലത്താണ് മിലേവയെ ഐൻസ്റ്റീൻ ആദ്യമായി കണ്ടുമുട്ടുന്നത്. ജർമനിയിലെ ഐഐടികൾക്ക്  തുല്യമായ സ്ഥാപനങ്ങളാണ് പോളിടെക്നിക്കുകൾ. അവിടെ ഗണിതവും ഊർജ്ജതന്ത്രവും അടങ്ങുന്ന കോഴ്സിന് പഠിക്കുകയായിരുന്ന, ആ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ സ്ത്രീ മാത്രമായ മിലേവയുമായി ആൽബർട്ട് പ്രണയത്തിലാകുകയും അവർ 1903 -ൽ വിവാഹിതരാവുകയും ചെയ്യുന്നു. 

ആൽബർട്ടിന് മിലേവയിൽ രണ്ടു പുത്രന്മാർ ജനിച്ചു. ഹാൻസും എഡ്വേർഡും. പതിനൊന്നു വർഷം കഴിഞ്ഞപ്പോൾ പരസ്പരമുള്ള ബന്ധത്തിലേക്ക് നടത്തിയ ഒരു തിരിഞ്ഞുനോട്ടത്തിൽ സ്നേഹം അവശേഷിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ദമ്പതികൾ വിഷയത്തെ തികച്ചും യുക്തിസഹമായി സമീപിക്കാൻ തീരുമാനിക്കുന്നു. പരസ്പരം കലഹിച്ചുകൊണ്ട് ഒരു വിവാഹമോചനത്തിലേക്ക് പോകേണ്ട കാര്യമില്ല, മക്കൾക്ക് വേണ്ടി ഒരുമിച്ചുതന്നെ തുടരാം എന്ന് അവർ തീരുമാനമെടുക്കുന്നു. 

ആ വിവാഹജീവിതം തുടങ്ങുന്ന കാലത്ത് മിലേവയ്ക്കുമുന്നിൽ ആൽബർട്ട് ഐൻസ്റ്റീൻ വെച്ച ചില നിബന്ധനകൾ പിന്നീട്  'Einstein: His Life and Universe' എന്ന പേരിൽ Walter Isaacson എഴുതിയ ജീവചരിത്രത്തിലൂടെ പുറത്തുവരികയുണ്ടായി. ഇന്നത്തെക്കാലത്ത് ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുമായിരുന്ന ആ നിബന്ധനകൾ  ഇപ്രകാരമായിരുന്നു. 

1. നിങ്ങൾ എന്റെ വസ്ത്രങ്ങൾ വൃത്തിയായി അലക്കി, ഇസ്തിരിയിട്ട് അലമാരയിൽ വെക്കേണ്ടതാണ്. 

2. മൂന്നു നേരം എനിക്ക് കഴിക്കാനുള്ള സ്വാദിഷ്ടമായ ഭക്ഷണം എന്റെ മുറിക്കുള്ളിൽ എത്തിക്കേണ്ടതാണ്.

3. എന്റെ കിടപ്പുമുറിയും സ്റ്റഡി ടേബിളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. 

4. സ്റ്റഡി ടേബിളിൽ എന്റെ സാധനങ്ങൾ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. 

5. എന്നിൽ നിന്നും യാതൊരു വിധത്തിലുള്ള അടുപ്പവും വേണമെന്ന് നിങ്ങൾ ശഠിക്കാൻ പാടുള്ളതല്ല. 

6. ഞാൻ സദാസമയം നിങ്ങളോടൊപ്പം വീട്ടിൽ ചെലവിടണം എന്ന് വാശിപിടിക്കാൻ പാടുള്ളതല്ല. 

7. ഞാൻ പോകുന്നിടത്തെല്ലാം കൂടെ വരണമെന്നും ആവശ്യപ്പെടാൻ പാടില്ല. 

8. ഞാൻ ആവശ്യപ്പെടുന്ന പക്ഷം, എന്നോട് മിണ്ടാതെ, എന്നെ ശല്യപ്പെടുത്താതെ കഴിച്ചുകൂട്ടാൻ നിങ്ങൾ ബാധ്യസ്ഥയാണ്. 
 

9. ഞാൻ ആവശ്യപ്പെട്ടാൽ ഏത് നിമിഷവും സ്റ്റഡി റൂമോ, ബെഡ്‌റൂമോ വിട്ട്, യാതൊരു പ്രതിഷേധവും കൂടാതെ ഇറങ്ങിപ്പോകാൻ നിങ്ങൾ തയ്യാറാകണം. 

10. നമ്മുടെ കുട്ടികൾക്ക് മുന്നിൽ എന്നെ യാതൊരുവിധത്തിലും, വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിക്കുന്ന ഒരു നടപടികളും നിങ്ങളിൽ നിന്നുണ്ടാകാൻ പാടുളളതല്ല. 


തുടക്കത്തിൽ ഈ നിബന്ധനകളൊക്കെയും പാലിച്ചുകൊണ്ടുതന്നെ മിലേവ ഐൻസ്ടീനൊപ്പം കഴിഞ്ഞെങ്കിലും, രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അധികനാൾ കഴിയും മുമ്പ് അവർ ഐൻസ്റ്റീന്റെ വീട് വിട്ട് സൂറിച്ചിലെ സ്വന്തം വീട്ടിലേക്ക് തിരികെപ്പോയി. അഞ്ചുവർഷം കഴിഞ്ഞ് ഔപചാരികമായി വിവാഹമോചനം നേടി അവർ എന്നെന്നേക്കുമായി പരസ്പരം വേർപിരിയുകയും ചെയ്തു. 


 

Follow Us:
Download App:
  • android
  • ios