Asianet News MalayalamAsianet News Malayalam

നീട്ടിത്തുപ്പല്‍ മല്‍സരം, അടുത്ത നമ്പര്‍...!

വെരി സിമ്പിള്‍ എന്ന മട്ടില്‍ ഇമ്മമ്മ വായില്‍ തുപ്പാനുള്ളത് സംഭരിച്ചു. എന്നിട്ട് പരമാവധി ശക്തിയില്‍ നീട്ടിത്തുപ്പി. 

ത്ഫൂൂൂൂ....

thahira abdul khadar  on tales of spitting
Author
Thiruvananthapuram, First Published Nov 29, 2021, 7:04 PM IST

തുപ്പലിനു പ്രതിഷേധത്തിന്റെ സ്വരം കൂടെയുണ്ടെന്ന് ഈയടുത്ത കാലത്താണ് ബോധ്യമായത്. സ്ത്രീകളെ തളര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള വഴി പരപുരുഷ ബന്ധം ആരോപിക്കലാണല്ലോ.ഫേസ്ബുക്കിലൊക്കെ പലരും പയറ്റിത്തെളിഞ്ഞ മാര്‍ഗമാണത്. ഇഷ്ടമില്ലാത്ത വിഷയം പറയുന്ന സ്ത്രീകളെ  'പോക്കു കേസാ'ക്കി ചിത്രീകരിക്കുക.  അനീതിക്ക് തന്റെയൊപ്പം നില്‍ക്കാത്തതിന് ഒരുത്തന്‍ ഒരുവളെക്കുറിച്ച് അതേ  പയറ്റു പയറ്റി..

 

thahira abdul khadar  on tales of spitting

 

തുപ്പുന്നത് കാണുന്നതില്‍ കൗതുകം കണ്ടിരുന്ന ഒരേയൊരു വ്യക്തി ഞാന്‍ മാത്രമാണോ എന്നെനിക്കറിയില്ല.  ഉമ്മായുടെ വീട്ടില്‍ വിരുന്നു പോയി തിരിച്ചെത്തിയ അന്നൊരു രാത്രി ഇമ്മമ്മായോട്  ഞാന്‍ ചോദിച്ചിരുന്നു. 

'ങ്ങക്ക് ചുണ്ടുകൂര്‍പ്പിക്കാതെ നീട്ടിത്തുപ്പാന്‍ കഴിയ്വോ?'

ജനാലക്കപ്പുറം, ഇരുള്‍ മുറ്റിയ മുറ്റത്തിന്റെ കിഴക്കേ അതിരില്‍ പാതി കെട്ടിയ മൂത്രപ്പുര ചൂണ്ടി ഞാന്‍ പറഞ്ഞു.
'ഇവിടുന്ന് തുപ്പിയാല്‍ അവിടെ വരെ എത്തണം.'

വെരി സിമ്പിള്‍ എന്ന മട്ടില്‍ ഇമ്മമ്മ വായില്‍ തുപ്പാനുള്ളത് സംഭരിച്ചു. എന്നിട്ട് പരമാവധി ശക്തിയില്‍ നീട്ടിത്തുപ്പി. 

ത്ഫൂൂൂൂ....

ഒച്ചക്കനുസരിച്ച് വേഗതയൊന്നുമുണ്ടായില്ല. 

ഏയ്, അല്ലെങ്കിലും ഇങ്ങനെ ഒച്ചയുണ്ടാക്കി തുപ്പാന്‍ പാടില്ല. 

ഉമ്മായുടെ നാട്ടില്‍, ഐത്താപ്പായുടെ മക്കളാണ് തുപ്പലില്‍ എന്റെ ഹീറോസ്. കളിക്കുന്നതിനിടെ പറങ്കൂച്ചിക്കൊമ്പിലിരുന്ന് അവര്‍ക്കൊരു തുപ്പലുണ്ട്..

'ത്..സ്......' എന്ന ലഘുവായൊരു ശബ്ദമേ കേള്‍ക്കൂ..

മുന്‍ പല്ലുകള്‍ കൊണ്ട് ഇളിച്ചു കാണിക്കുന്ന ആക്ഷന്‍.  ചുണ്ടു കൂര്‍പ്പിക്കില്ല. 

തുപ്പല്‍ അങ്ങ് ദൂരെ......ദൂരെ....തെറിച്ചു വീഴും.

അതുപോലെ തുപ്പാന്‍ മൂത്താപ്പായെയും എന്റെ ചില സുഹൃത്തുക്കളെയുമെല്ലാം വെല്ലു വിളിച്ചിട്ടുണ്ട്.

ഐത്താപ്പായുടെ മക്കളെ പോലെ അത്ര ലഘുവായി, ചുണ്ടു കൂര്‍പ്പിക്കാതെ, പല്ലു കടിച്ചു പിടിച്ച്  'ത്സ്' എന്ന് തുപ്പാന്‍ ഇതുവരെ ആര്‍ക്കും പറ്റിയിട്ടില്ല. 

സ്വന്തം കീഴ്ച്ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ തുപ്പല്‍ തുടച്ചു മാറ്റി എത്ര പേരാണ് പരാജയം സമ്മതിച്ചതെന്നറിയാമോ..

വായില്‍ തുപ്പലം നിറച്ച് ചുണ്ടുകൊണ്ട് വീര്‍പ്പിച്ച് പത ഉണ്ടാക്കിക്കളിക്കുന്നതും, പുഴയിലെ മീനുകള്‍ക്ക് തുപ്പലം തീറ്റ കൊടുത്ത് നോക്കിയിരിക്കുന്നതും മാറ്റിവെച്ചാല്‍, എന്റെ തുപ്പല്‍ വിചാരങ്ങള്‍ അതോടു കൂടെ അവസാനിക്കേണ്ടതായിരുന്നു. 

പക്ഷേ കാലം സമ്മതിക്കണ്ടേ..

തുപ്പലിനു പ്രതിഷേധത്തിന്റെ സ്വരം കൂടെയുണ്ടെന്ന് ഈയടുത്ത കാലത്താണ് ബോധ്യമായത്.

സ്ത്രീകളെ തളര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള വഴി പരപുരുഷ ബന്ധം ആരോപിക്കലാണല്ലോ.

ഫേസ്ബുക്കിലൊക്കെ പലരും പയറ്റിത്തെളിഞ്ഞ മാര്‍ഗമാണത്. ഇഷ്ടമില്ലാത്ത വിഷയം പറയുന്ന സ്ത്രീകളെ  'പോക്കു കേസാ'ക്കി ചിത്രീകരിക്കുക. 

അനീതിക്ക് തന്റെയൊപ്പം നില്‍ക്കാത്തതിന് ഒരുത്തന്‍ ഒരുവളെക്കുറിച്ച് അതേ  പയറ്റു പയറ്റി..

'കണ്ണില്‍ കണ്ട ആണുങ്ങളെ ആളില്ലാത്ത നേരം നോക്കി വീട്ടില്‍ കേറ്റുന്നോള്‍..'

സ്ത്രീകളെ ഇത്രമേല്‍ മാനസികമായും ശാരീരികമായും ദുര്‍ബലരായി സൃഷ്ടിക്കപ്പെട്ടതെന്തേ എന്ന് പല സംഭവങ്ങള്‍ കാണുമ്പോഴും എനിക്ക് തോന്നാറുണ്ട്. അന്തിമമായ നീതി പരലോകത്തു ലഭിക്കുമല്ലോ എന്നതാണ് ഏക ആശ്വാസം. 

തല്ലാന്‍ സാധിക്കാത്തതിനാല്‍, തന്റെ വെറുപ്പു മുഴുവന്‍ ആവാഹിച്ച്, അയാളുടെ കുറച്ചപ്പുറത്തേക്ക് മാറി നിന്നു അവള്‍ ഉറക്കെ കുലുക്കുഴിഞ്ഞ് തുപ്പി. 

അതവന്റെ മുഖത്തു തന്നെയാണ് ചെന്നു തറച്ചതെന്ന് പിന്നീടുള്ള സംസാരങ്ങളില്‍ നിന്ന് അവള്‍ക്ക് ബോധ്യമായെന്ന് പറയുന്നു. 

അപ്പോ, തുപ്പല്‍ നല്ല വൃത്തികേടുള്ള ഒരായുധമാണ്. 
 
പ്രതിഷേധത്തിനു മാത്രമല്ല. നോട്ടുകള്‍ എണ്ണാനും, പേജുകള്‍ മറിക്കാനും, കത്തിന്റ കവറൊട്ടിക്കാനും.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസിനു പോവാന്‍ ബസ് കാത്തു നില്‍ക്കുന്ന ഇടത്താണ്.

മുപ്പത്തിച്ചില്ല്വാനം പ്രായം തോന്നുന്ന രണ്ട് യുവാക്കള്‍ ഒരു കടക്കുള്ളിലിരുന്ന് കലപിലാ വര്‍ത്തമാനം പറയുന്നു.

മുപ്പതും നാല്‍പ്പതുമെല്ലാം ഇപ്പോഴെന്റെ കാഴ്ചപ്പാടില്‍ യുവാക്കളാണ്. 

ഇത്രയും കാലം 29 വരെയേ മനുഷ്യര്‍ക്ക് ഞാന്‍ യുവത്വം കല്‍പ്പിച്ചിരുന്നുള്ളൂ.

30 എന്നത് മധ്യവയസായിരുന്നു.  എന്നാലിപ്പോള്‍, എനിക്ക് പ്രായമാകും തോറും യുവത്വത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നുകൊണ്ടിരിക്കുമെന്ന് തോന്നുന്നു.. 

അവരുടെ യുവജന സംഘടനയില്‍ നാല്‍പ്പതും അമ്പതുമെല്ലാം പ്രായമുള്ള 'വയസ്സന്മാരെ' നിലനിര്‍ത്തുന്നതു പറഞ്ഞ് ഞാനെന്റെ ഒരു സുഹൃത്തിനെ കളിയാക്കുമായിരുന്നു. അതില്‍ ഞാനിപ്പോ ഖേദിക്കുന്നു.. നാല്പതുകാരുടെ അഭിപ്രായത്തില്‍ അവരിപ്പോഴും യുവാക്കള്‍ തന്നെ ആയിരിക്കാമല്ലോ.

അതുപോട്ടെ. അപ്പോ കടത്തിണ്ണയിലെ യുവാക്കള്‍ സംസാരിക്കുന്നതിലേക്ക് വരാം..

അവര്‍ സംസാരിക്കുന്നു.

തുപ്പുന്നു.

സംസാരിക്കുന്നു.
തുപ്പുന്നു...

രണ്ടുപേരും മല്‍സരിച്ച് തുപ്പുന്നത് ആളുകള്‍ ബസ് കാത്തു നില്‍ക്കുന്ന ഇടത്തേക്കാണ്.

ബസ്സിറങ്ങി നടന്നു പോകുന്ന വഴി റോഡില്‍ വെറുതെ എണ്ണി നോക്കി.. 

ഒന്ന്.. രണ്ട്.. മൂന്ന്.. ഇരുപത്തേഴ്.

പിന്നെയൊരിടത്ത് ഒരു കൂട്ടം.

ഓ..മുന്നില്‍ ഇറച്ചിപ്പീടികയാണ്. 

ചുവപ്പും മഞ്ഞയും വെളുപ്പും. റോഡു മുഴുക്കെ തുപ്പല്‍ പൂരം.

എണ്ണാന്‍ നിന്നില്ല. 

ലോകര്‍ക്ക് ഇത്രയധികം തുപ്പല്‍ എവിടെ നിന്നാണോ എന്തോ. 

ഈയിടെയായി അതാണ് ചിന്ത.. 

കടിച്ചു ചവച്ച് അന്നനാളത്തിലൂടെ ഭക്ഷണം എളുപ്പത്തില്‍ ഒഴുക്കിവിടാനും, ദഹനത്തിനു സഹായിക്കാനുമെല്ലാമായി സൃഷ്ടിക്കപ്പെട്ട സംഭവമാണ് ഈ തുപ്പല്‍. അതു വായിലൂടെ ഇറക്കി വിടണമെന്നൊന്നും പറയുന്നില്ല.

പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് നിയമമുണ്ട്. പുകവലിക്കരുതെന്ന് നിയമമുണ്ട്. തുപ്പേണ്ടതെവിടെ എന്നു തീരുമാനിക്കുന്നതും ഒരു മനോഭാവമായി വളരേണ്ടതാണ്.

തുപ്പരുത് എന്നല്ല പറയുന്നത്. കാറിയും ചുമച്ചും കഫം തുപ്പുന്നത് മറ്റുള്ളവര്‍ വഴി നടക്കുന്ന ഇടങ്ങളിലാവരുത്.. ശല്ല്യമില്ലാത്ത വിധം ഒരരികിലാവാമല്ലോ.

പൊതുവെ എന്റെ നടത്തത്തിനല്‍പ്പം വേഗത കൂടുതലാണ്.  കുറച്ചകലെയുള്ള ഒരു കടയില്‍ നിന്ന് ഒരാള്‍ റോഡിലേക്ക് നീട്ടിത്തുപ്പി.. 

സ..ഡ...ന്‍ ബ്രേക്ക്!

ഒരു സെക്കന്റ് വ്യത്യാസത്തില്‍ ആ തുപ്പല്‍ എന്റെ തൊട്ടു മുന്നില്‍ വന്നു വീണു.

നോക്കുമ്പോള്‍, എന്റെ തലയില്‍ നിന്ന് ജസ്റ്റ് മിസ്സായ ആ തുപ്പലത്തിന്റെ ഉടമസ്ഥന്‍ ഒരു അവിഞ്ഞ ചിരി ചിരിക്കുന്നു.

അറപ്പും വെറുപ്പും നിറഞ്ഞെങ്കിലും ഞാനെന്റെ കണ്ണുകള്‍ കൊണ്ട് തുപ്പലില്‍ നിന്നും അയാളിലേക്കുള്ള ദൂരമളന്നു.

ഐത്താപ്പായുടെ മക്കളെ ഇയാള്‍ തോല്‍പ്പിച്ചു കളഞ്ഞേക്കുമോ!

Follow Us:
Download App:
  • android
  • ios