Asianet News MalayalamAsianet News Malayalam

ജയിലിലെത്തിയ അഭിഭാഷകയോട് ബ്രാ ഊരിമാറ്റാനാവശ്യപ്പെട്ടു, വിവാദത്തിലായി അധികൃതർ

ഐറിഷ് പ്രിസണ്‍ സര്‍വീസും പറയുന്നത്, ജയില്‍ സന്ദര്‍ശകരോട് അടിവസ്ത്രങ്ങളഴിക്കാന്‍ പറയുന്ന നിയമങ്ങളൊന്നും അവിടെയില്ല എന്നാണ്. 

the guard asked the female solicitor to remove bra to enter the prison
Author
Dublin, First Published Jul 8, 2021, 11:03 AM IST

ക്ലയന്‍റിനെ കാണാനെത്തിയ വനിതാ അഭിഭാഷകയോട് ബ്രാ ഊരിവയ്ക്കണം എന്ന് പറഞ്ഞതിനെ തുടർന്ന് ഐറിഷ് ജയിൽ സർവീസ് അതിന്റെ സുരക്ഷാ നടപടിക്രമങ്ങൾ അവലോകനം ചെയ്യുകയാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നും എങ്ങനെ ഇത് സംഭവിച്ചുവെന്ന് അറിയില്ല എന്നുമാണ് അധികൃതർ ഇപ്പോൾ ഇതേക്കുറിച്ച് പറയുന്നത്.

തന്നെ ഇത് വളരെയധികം വേദനിപ്പിച്ചുവെന്നും മനസിന് വലിയ ആഘാതമുണ്ടാക്കിയെന്നും പ്രസ്തുത അഭിഭാഷക പറയുന്നു. എന്നാല്‍, ജയിലില്‍ കഴിയുന്ന ആളെ കാണേണ്ടത് അത്യാവശ്യമായതിനാല്‍ താന്‍ അവര്‍ പറഞ്ഞത് അനുസരിച്ചുവെന്നും ബ്രാ മാറ്റി അകത്തേക്ക് പ്രവേശിച്ചുവെന്നും അവര്‍ പറഞ്ഞു. 

ആദ്യമായി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഐറിഷ് എക്സാമിനറാണ്. അത് പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ ക്ലോവര്‍ഹില്‍ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. മെറ്റല്‍ ഡിറ്റക്ടറിന്‍റെ പേര് പറഞ്ഞ് ഒരു പുരുഷ ഗാര്‍ഡ് തന്നോട് ബ്രാ ഊരിവയ്ക്കാനാവശ്യപ്പെട്ടുവെന്ന് അഭിഭാഷക നല്‍കിയ പരാതിയില്‍ പറയുന്നു. 

ഐറിഷ് ജയിൽ പ്രിസണ്‍ സര്‍വീസിന്‍റെ ഉത്തരവാദിത്തമുള്ള മന്ത്രി ഹിൽഡെഗാർഡ് നൊട്ടൻ സംഭവത്തില്‍ ഡയറക്ടർ ജനറലിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ജയിൽ സന്ദർശകനോടും വസ്ത്രങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെടരുതെന്നാണ് മിസ് നൊട്ടനും നീതിന്യായ മന്ത്രി ഹെതർ ഹംഫ്രീസും ഉറച്ചു വിശ്വാസിക്കുന്നതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.

സെക്യൂരിറ്റി സ്ക്രീനിംഗ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഐ‌പി‌എസ് അവലോകനം ചെയ്യുകയാണ്. മിസ് നൊട്ടൻ അവലോകനങ്ങളുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് കിട്ടുമെന്നാണ് കരുതുന്നത് എന്നും അതിൽ പറയുന്നു. റിപ്പോര്‍ട്ട് കിട്ടിയാല്‍ എത്രയും പെട്ടെന്ന് അടുത്ത നടപടി സ്വീകരിക്കും. ജയില്‍ സന്ദര്‍ശിക്കുന്ന പ്രൊഫഷണലുകളടക്കം എല്ലാവരോടും എല്ലാ സമയത്തും ബഹുമാനത്തോടെ പെരുമാറണമെന്നാണ് നയമെന്നും അത് വ്യക്തമാക്കി. 

പ്രധാനമന്ത്രിയായ മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞത് ഈ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും അതേക്കുറിച്ച് വിചിന്തനം നടത്തേണ്ടതുമാണ് എന്നാണ്. അഭിഭാഷകയുടെ അവസ്ഥ തനിക്ക് മനസിലാവും. ഇങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് പ്രിസണ്‍ സര്‍വീസും പറയുന്നത്, ജയില്‍ സന്ദര്‍ശകരോട് അടിവസ്ത്രങ്ങളഴിക്കാന്‍ പറയുന്ന നിയമങ്ങളൊന്നും അവിടെയില്ല എന്നാണ്. ഏതായാലും സംഭവത്തോടെ ജയിൽ സേവനങ്ങളിലെ സുരക്ഷാനടപടിക്രമങ്ങളടക്കം പുനരവലോകനം ചെയ്യുകയാണ് അവിടെ.

Follow Us:
Download App:
  • android
  • ios