ഇന്ന് ദില്ലി ഹൈക്കോടതിയുടെ ജസ്റ്റിസ് എസ് മുരളീധറും ജസ്റ്റിസ് തൽവന്ത് സിങ്ങും അടങ്ങിയ ബെഞ്ച് ദില്ലി കലാപ വിഷയത്തിൽ പോലീസിനെയും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയെയും കോടതിയിൽ വിളിപ്പിച്ചു. പൊതുപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഹർഷ് മാന്ദർ സീനിയർ അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് വഴി സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കെ ആയിരുന്നു വിഷയത്തിന്റെ നിജസ്ഥിതി സ്ഥിരീകരിക്കാൻ വേണ്ടി സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രതിനിധികളെ കോടതി വിളിപ്പിച്ചത്. ഇതുവരെ ഇരുപതോളം പേർ കൊല്ലപ്പെടാൻ കാരണമായ ദില്ലി കലാപത്തിന് കാരണമായത് അനുരാഗ് താക്കൂർ, പർവേശ് വർമ്മ, കപിൽ മിശ്ര എന്നീ മൂന്ന് ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണ് എന്നും, അവയുടെ പേരിൽ അവർക്കെതിരെ എഫ്‌ഐആർ ഇട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹർജി. 

 

'ജസ്റ്റിസ് എസ് മുരളീധറും ജസ്റ്റിസ് തൽവന്ത് സിങ്ങും '

സോളിസിറ്റർ ജനറലിന്റെ ഭാഗത്തുനിന്നുണ്ടായ പല പരാമർശങ്ങളും കോടതിയെ ചൊടിപ്പിച്ചു. ദില്ലിയിലെ സാഹചര്യം ഏറെ കലുഷിതമാണ് എന്നതിനാൽ പൊലീസിന് ഇപ്പോൾ ഒന്നും ചെയ്യാനാവില്ല എന്ന് സോളിസിറ്റർ പറഞ്ഞതാണ് കോടതിക്ക് ആദ്യം അനിഷ്ടമുണ്ടാക്കിയത്. അനുയോജ്യമെന്നു തോന്നുന്ന ഘട്ടത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും എന്ന അടുത്ത പ്രസ്താവന കൂടി കേട്ടതോടെ കോടതി തിരിച്ചു ചോദിച്ചു, "ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് ആ അനുയോജ്യമായ ഘട്ടം? നഗരം മുഴുവൻ എരിഞ്ഞു തീരാൻ കാത്തിരിക്കുകയാണോ നിങ്ങൾ? " 

"നഗരം മുഴുവനൊന്നും എരിയുന്ന സാഹചര്യം നിലവിലില്ല, തൽക്കാലം ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സംഘർഷങ്ങൾ നടക്കുന്നത്. " എന്നായി സോളിസിറ്റർ. 

അപ്പോൾ, ജസ്റ്റിസ് മുരളീധറിന്റെ കോപം കലർന്ന സ്വരത്തോടുള്ള മറുചോദ്യം ഇങ്ങനെ, " നമ്മൾ എത്രകാലമാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ പോകുന്നത്? എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടാലാണ്? എന്തുമാത്രം വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചാലാണ്, നിങ്ങൾക്ക് സാഹചര്യം അനുയോജ്യമാണ് എന്ന് തോന്നിത്തുടങ്ങുക?" 
"കോടതി കോപിക്കരുത്..." എന്നായി അപ്പോൾ സോളിസിറ്റർ എസ് ജി മെഹ്ത. 
"ഇത് കോപമല്ല, മനോവിഷമമാണ്..." എന്ന് ജസ്റ്റിസ് മുരളീധറിന്റെ മറുപടി. 

"എന്തുകൊണ്ടാണ് ഈ വിദ്വേഷ പ്രസംഗങ്ങളിൽ എഫ്‌ഐആർ ഇടാൻ ഇനിയും കഴിയാഞ്ഞത്? അത് ജനങ്ങൾക്ക് എന്ത് സന്ദേശമാകും നൽകുക? ഇങ്ങനെയൊക്കെ പ്രസംഗിച്ചാലും ഒന്നും വരാനില്ല എന്ന് പൊതുജനം കരുതില്ലേ? " എന്ന് ബെഞ്ച് ദില്ലി പൊലീസിന്റെ പ്രതിനിധി, ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണറോട്  ചോദിച്ചു.

 

 

" ഞങ്ങൾ സാഹചര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണ് " എന്ന് ഡിസിപി മറുപടി പറഞ്ഞു. 

"നിങ്ങളുടെ കമ്മീഷണറോട് എത്രയും പെട്ടെന്ന് ഈ മൂന്നു വീഡിയോ ക്ലിപ്പുകൾക്കും കാരണമായ പ്രസംഗങ്ങളിൽ നടപടി എടുക്കാൻ പറയുക. ഇത് ഭരണഘടനയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു കോടതിയുടെ മനോവേദനയാണ്. നിങ്ങൾ എന്തുകൊണ്ടാണ് സമയബന്ധിതമായി ഈ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത്? എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിച്ചു കാണാനാണ് കോടതി ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ തന്നെ, ആവശ്യത്തിലധികം അക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമാണിത്. ഇനിയും ഒരു 1984 ഇവിടെ ആവർത്തിക്കാൻ അനുവദിച്ചുകൂടാ..! " എന്ന് ജസ്റ്റിസ് മുരളീധർ പറഞ്ഞു. 

"വസ്തുവകൾക്ക് വന്ന നഷ്ടങ്ങളുടെ പേരിൽ വരെ അപ്പപ്പോൾ എഫ്‌ഐആർ ഇട്ടിട്ടുള്ള ദില്ലി പൊലീസിന് ഈ പ്രസംഗങ്ങളുടെ പേരിൽ സമയത്ത് എഫ്‌ഐആർ ഇടാൻ എന്ത് തടസ്സമാണുള്ളത്? ഇങ്ങനെ ഒരു കുറ്റകൃത്യം നടന്നതായി അംഗീകരിക്കാൻ പോലും നിങ്ങൾക്ക് വയ്യെന്നാണോ?" ജസ്റ്റിസ് മുരളീധർ സോളിസിറ്ററോട് ചോദിച്ചു. 

 "വൈകുന്ന ഓരോ ദിവസവും സാഹചര്യം കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കും. പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കും. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന എല്ലാ നേതാക്കൾക്കും മേല്പറഞ്ഞത് ബാധകമാണ്, ബിജെപിക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഞാൻ പറയുന്നത്..." അദ്ദേഹം നിരീക്ഷിച്ചു.

 

എന്നാൽ, ദില്ലിയിൽ നടന്ന അക്രമം പല പാർട്ടികളിൽ നിന്നുള്ള പല നേതാക്കൾ പലപ്പോഴായി നടത്തിയ പല പ്രസംഗങ്ങളുടെയും പ്രകോപനങ്ങളുടെ ഫലമായിട്ടുണ്ടായതാണ്. അതിൽ നിന്ന് മൂന്നു ബിജെപി നേതാക്കളുടെ പ്രസംഗങ്ങളുടെ മാത്രം ക്ലിപ്പിംഗ് എടുത്ത് കോടതി സമക്ഷം വെച്ച് ഹർജിക്കാരൻ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന് സോളിസിറ്റർ മെഹ്ത പറഞ്ഞു. എന്ന് മാത്രമല്ല, ഈ ഹർജി ദില്ലി പൊലീസിനെ അനാവശ്യമായി അപഹസിക്കുന്ന ഒന്നുകൂടിയാണ് എന്നും സോളിസിറ്റർ കോടതിയെ ബോധിപ്പിച്ചു. 

"എന്താണ് നിങ്ങളീ പറയുന്നത്? അപ്പോൾ ഈ മൂന്നു പ്രസംഗങ്ങൾ മാത്രമല്ല നിങ്ങളുടെ പൊലീസ് നടപടി എടുക്കാത്തതായിട്ട് ഉള്ളതെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്? അപ്പോൾ ഈ മൂന്നു കേസുകളിൽ മാത്രമല്ല പൊലീസ് കെടുകാര്യസ്ഥത കാണിച്ചിട്ടുള്ളത്, ഇനിയും നിരവധി കേസുകൾ വേറെയും ഉണ്ടെന്നാണ് നിങ്ങൾ തന്നെ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്തായാലും, അതും കോടതി മുഖവിലക്കെടുത്തിരിക്കുന്നു." ജസ്റ്റിസ് മുരളീധർ പറഞ്ഞു. 

ബിജെപി നേതാക്കൾ തങ്ങളുടെ ആ വിദ്വേഷ പ്രസംഗങ്ങൾ നിഷേധിക്കുന്നില്ലെന്നു മാത്രമല്ല അങ്ങനെ പ്രസംഗിച്ചതിൽ പിന്നീട് പരസ്യമായിത്തന്നെ അഭിമാനം കൊണ്ടിട്ടുളളവർ കൂടിയാണ് എന്ന് സീനിയർ കോൺസൽ ഗോൺസാൽവസ് കോടതിയെ ബോധിപ്പിച്ചു. അത്യാവശ്യമായി ദില്ലി പൊലീസ് ചെയ്യേണ്ടത് അവരെ അറസ്റ്റു ചെയ്യുകയാണ് എന്നും അദ്ദേഹം കോടതിയെ അറിയിച്ചു. " ദില്ലിയിൽ കലാപത്തിന് നേതൃത്വം നൽകിയവർ ബിജെപിയിൽ നിന്നുള്ളവരാണ്. അവരുടെ അക്രമങ്ങൾക്കുനേരെ കണ്ണടച്ചുകൊണ്ട് പൊലീസ് കയ്യും കെട്ടി നിൽക്കുകയാണ് " അഡ്വ. ഗോൺസാൽവസ് കൂട്ടിച്ചേർത്തു. 

വിഷയം പഠിക്കാൻ കൂടുതൽ സമയം വേണമെന്നും സംഗതി അടിയന്തരപ്രാധാന്യമുള്ളതാണ് എന്നു ബോധ്യം വന്നാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും എന്നും സോളിസിറ്റർ പറഞ്ഞപ്പോൾ, " നിങ്ങൾ ടിവി ചാനലുകളിൽ ഈ അക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ടിട്ടും, സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലേ? " എന്നായി ജസ്റ്റിസ് മുരളീധർ.

" ഞാൻ ടെലിവിഷനോ വാർത്തകളോ കാണാറില്ല " എന്നായി സോളിസിറ്റർ. 

" അങ്ങനെ നാട്ടിൽ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ നിർഭാഗ്യവശാൽ ഞങ്ങൾ ജഡ്ജിമാർക്ക് കഴിയില്ല.." എന്ന് ജസ്റ്റിസ് മുരളീധറിന്റെ മറുപടി. 

അടുത്തതായി ജസ്റ്റിസ് മുരളീധറിന്റെ ചോദ്യം ദില്ലി പൊലീസിന്റെ പ്രതിനിധിയായി വന്ന ക്രൈം ബ്രാഞ്ച് ഡിസിപിയോടായിരുന്നു,"ഇനി നിങ്ങളും ഈ ദൃശ്യങ്ങളൊന്നും കണ്ടിട്ടില്ല എന്ന് കോടതിയോട് പറയുമോ?" 

 

" ആദ്യത്തെ രണ്ടെണ്ണം കണ്ടിട്ടുണ്ട്. കപിൽ മിശ്രയുടെ പ്രസംഗം ശ്രദ്ധയിൽ പെട്ടിരുന്നില്ല." എന്നായി ഡിസിപി. 

അത് ജസ്റ്റിസ് മുരളീധറിൽ വല്ലാത്ത അമ്പരപ്പുണ്ടാക്കി. " ഇത് വളരെ ഗുരുതരമായ സാഹചര്യമാണ് മിസ്റ്റർ ഡിസിപി. നിങ്ങളുടെ ഓഫീസിൽ എത്ര ടെലിവിഷൻ സെറ്റുകളുണ്ട് ? അതിൽ ഒന്നിൽ പോലും നിങ്ങൾ, ചാനലുകൾ 24 മണിക്കൂറും കാണിച്ചുകൊണ്ടിരുന്ന ഈ പ്രസംഗം കണ്ടില്ല എന്നാണോ പറഞ്ഞുവരുന്നത്? ഒരു പൊലീസ് ഓഫീസർക്ക് എങ്ങനെയാണ് നാട്ടിൽ നടന്ന ഇങ്ങനെ ഗുരുതരമായ ഒരു കുറ്റകൃത്യത്തിന്റെ ദൃശ്യം കാണാതിരിക്കാൻ കഴിയുന്നത്?  നിങ്ങൾ ദില്ലി പൊലീസിന്റെ ദയനീയാവസ്ഥ എന്നെ സത്യത്തിൽ വല്ലാതെ ചിന്തിപ്പിക്കുന്നുണ്ട്..." ജസ്റ്റിസ് മുരളീധർ പറഞ്ഞു. 

അടുത്തതായി കോടതി കപിൽ മിശ്രയുടെ ആ വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗ് കോടതിയിൽ ഇട്ടു കാണിക്കാൻ ആവശ്യപ്പെട്ടു. "നമുക്ക് എല്ലാവർക്കും ഒന്നിച്ചിരുന്ന് ഈ ദൃശ്യം ഒരിക്കൽ കൂടി കാണാം. " ദൃശ്യങ്ങൾ പ്ളേ ചെയ്തു തീർന്നപ്പോൾ, ക്രൈം ബ്രാഞ്ച് ഡിസിപി ആ ദൃശ്യത്തിൽ കപിൽ മിശ്രയോടൊപ്പം നിൽക്കുന്ന പൊലീസ് ഓഫീസർ നോർത്ത് ഈസ്റ്റ് ദില്ലി ഡിസിപി സൂര്യ ആണെന്ന് തിരിച്ചറിഞ്ഞു. 

ദില്ലി ഹൈക്കോടതി നഗരത്തിൽ നടക്കുന്ന കലാപവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.