ക്രൂഷ്ചേവിന്റെ കാലത്ത് സോവിയറ്റ് യൂണിയനിൽ മൂന്നു വലിപ്പത്തിൽ കോണ്ടങ്ങൾ ലഭ്യമായിരുന്നു. അത് പക്ഷേ, വാങ്ങാനെത്തിയിരുന്നവർക്ക് പ്രയാസമുണ്ടാക്കി.

സോവിയറ്റ് യൂണിയനിൽ ജീവിച്ചിട്ടുള്ള ആരോടെങ്കിലും നിങ്ങൾ ചെന്ന് 'പ്രോഡക്റ്റ് #2' എന്നൊന്ന് പറഞ്ഞുനോക്കൂ. അവരുടെ മുഖത്ത് തെല്ലു നാണം കലർന്ന ഒരു പുഞ്ചിരി വിരിയുന്നതുകാണാം. അതവരെ കൊണ്ടുപോവുക, ആ പഴയ കാലത്തിന്റെ ഗൃഹാതുര സ്മരണകളിലേക്കാവും. " അതൊക്കെ ഒരു കാലം. അന്ന് സോവിയറ്റ് യൂണിയനിൽ ഞങ്ങൾ ഗർഭനിരോധ ഉറകളെ വിളിച്ചിരുന്ന പേരാണ് 'പ്രോഡക്റ്റ് #2'. നിങ്ങളോട് ഇതാര് പറഞ്ഞുതന്നു...?" എന്നവർ നിറഞ്ഞ കുതൂഹലത്തോടെ തിരിച്ചു ചോദിച്ചെന്നിരിക്കും. 

സോവിയറ്റ് റഷ്യയുടെ കോണ്ടങ്ങളുടെ ചരിത്രം ഏറെ രസകരമായ ഒന്നുതന്നെയാണ്. തുടക്കത്തിൽ റഷ്യയിൽ ഒരൊറ്റ കോണ്ടം ഫാക്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പേര് 'ബാക്കോവ്സ്കി റബ്ബർ ഗുഡ്‌സ് ഫാക്ടറി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് യൂണിയൻ എന്ന വിശാലമായ ആ രാജ്യത്തെ ലക്ഷക്കണക്കായ സുരക്ഷിതരതിപ്രിയർക്കുവേണ്ട കോണ്ടങ്ങൾ നിർമ്മിച്ചെടുക്കാൻ, മോസ്കോയിൽ സ്ഥിതി ചെയ്തിരുന്ന ആ ഒരൊറ്റ ഫാക്ടറി മാത്രം. അത് ആകെ രണ്ടുല്പന്നങ്ങളാണ് നിർമിച്ചിരുന്നത്. 'പ്രോഡക്റ്റ് #1' എന്നറിയപ്പെട്ടിരുന്ന ഗ്യാസ് മാസ്‌ക്കുകൾ. 'പ്രോഡക്റ്റ് #2' എന്നറിയപ്പെട്ടിരുന്ന കോണ്ടങ്ങൾ.

1930 കളിലാണ് 'ബാക്കോവ്സ്കി റബ്ബർ ഗുഡ്‌സ് ഫാക്ടറി' വ്യാവസായികാടിസ്ഥാനത്തിൽ കോണ്ടം പ്രൊഡക്ഷൻ തുടങ്ങുന്നത്. ഈ ഫാക്ടറിയിലെ രണ്ടാം പ്രൊഡക്ടിന്റെ നിർമാണം നിന്നുപോവാതിരിക്കാൻ സവിശേഷ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഒരാൾ കോമ്രേഡ് ജോസഫ് സ്റ്റാലിന്റെ അടുത്ത ഡെപ്യൂട്ടി ആയിരുന്നു, പേര് ലാവെൻട്രി ബെറിയ. 

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഗ്യാസ് മാസ്കുകളുടെ ഡിമാൻഡ് പെട്ടെന്ന് കൂടി. അന്ന് ഗവൺമെന്റിൽ നിന്നുള്ള നിർദേശപ്രകാരം 'ബാക്കോവ്സ്കി റബ്ബർ ഗുഡ്‌സ് ഫാക്ടറി' ഒന്നാം ഉത്പന്നമായ മാസ്കുകൾ മാത്രം നിർമിച്ചു. യുദ്ധമൊക്കെ കഴിഞ്ഞ്, അമ്പതുകളുടെ മധ്യത്തോടെയാണ് റഷ്യക്കാരുടെ ലൈംഗിക ബന്ധങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പിക്കാൻ വേണ്ടി വീണ്ടും ഈ ഫാക്ടറിയിലെ കോണ്ടം നിർമാണ യന്ത്രങ്ങൾ അനങ്ങിത്തുടങ്ങിയത്. 

അക്കാലത്ത് ബാക്കോവ്സ്കി വർഷത്തിൽ ഇരുപതു കോടി യൂണിറ്റ് 'പ്രോഡക്റ്റ് #2' ഉത്പാദിപ്പിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കീവിലും അർമാവിറിലും ഉള്ള ഫാക്ടറികളിൽ കൂടി കോണ്ടങ്ങൾ ഉത്പാദിപ്പിച്ചു തുടങ്ങി. അന്നത്തെ കോണ്ടങ്ങൾ പക്ഷേ, എന്നുള്ളതിൽ നിന്ന് ഡിസൈനിൽ തന്നെ വ്യത്യസ്തമായിരുന്നു. ഉള്ളിൽ ലൂബ്രിക്കേഷന് പകരം ടാൽക്കം പൗഡർ ആയിരുന്നു പുരട്ടിയിരുന്നത്. അതിൽ നിന്ന് പുറപ്പെട്ടിരുന്ന ഗന്ധം റഷ്യൻ യുവാക്കളുടെ ലൈംഗിക കാമനകൾക്ക് ഒട്ടും ഊർജം പകരുണാതായിരുന്നില്ല. എന്ന് മാത്രമല്ല ഉപയോഗിച്ചിരുന്ന റബ്ബറിന്റെ കട്ടികുറവു കാരണം പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്ന ദുര്യോഗവും ഈ ഉത്പന്നത്തിനുണ്ടായിരുന്നു. 

സ്റ്റാലിന് ശേഷം റഷ്യ ഭരിച്ചത് കോമ്രേഡ് നികിതാ ക്രൂഷ്ചേവ് ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സോവിയറ്റ് യൂണിയനിൽ മൂന്നു വലിപ്പത്തിൽ കോണ്ടങ്ങൾ ലഭ്യമായിരുന്നു. അത് പക്ഷേ, വാങ്ങാനെത്തിയിരുന്നവർക്ക് പ്രയാസമുണ്ടാക്കി. തങ്ങളുടെ ലിംഗങ്ങളുടെ വലിപ്പം പരസ്യമായി വിളിച്ചു പറയാതെ കോണ്ടം വാങ്ങാൻ പറ്റില്ല എന്ന അവസ്ഥയായി. വലിയകോണ്ടങ്ങൾ ഉപയോഗിച്ചിരുന്നവർ അഭിമാനത്തോടെ ചോദിച്ചുവാങ്ങി. സ്മാൾ സൈസ് കോണ്ടം വാങ്ങേണ്ടിയിരുന്നവർക്ക് അത് ഏറെ അപമാനജനകമായ ഒരു സാഹചര്യമുണ്ടാക്കി. 

അന്ന് ഒരു കോണ്ടത്തിന്റെ വില പത്ത് കോപ്പെക്ക് ആയിരുന്നു. ചെറിയൊരു താരതമ്യം പറഞ്ഞാൽ ഒരു ലിറ്റർ പാലിന്റെ വില 28 കോപ്പെക്കും, ഒരു പാക്കറ്റ് റൊട്ടിയുടെ വില 24 കോപ്പെക്കും ആയിരുന്നു. അന്നത്തെ കോണ്ടങ്ങൾക്ക് ഇത്രമേൽ വിലയുണ്ടായിരുന്നിട്ടും ഗുണനിലവാരം വളരെ മോശമായിരുന്നു. പെട്ടെന്ന് പൊട്ടിപ്പോയിരുന്നു എന്നുമാത്രമല്ല, ധരിക്കുമ്പോഴും, പെരുമാറുമ്പോഴും വേദനയുണ്ടാക്കിയിരുന്ന അനുഭവമായിരുന്നു ആ കോണ്ടങ്ങൾ നൽകിയിരുന്നത്. ബാക്കോവ്സ്കി ഫാക്ടറി ലാറ്റക്സിലേക്ക് മാറുന്നതും ഇലക്ട്രോണിക് ക്വാളിറ്റി കൺട്രോൾ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതും ഒക്കെ എൺപതുകളോടെ മാത്രമാണ്. 

എന്നാൽ, അതിനു മുമ്പുതന്നെ ലോകമാർക്കറ്റിൽ കോണ്ടം വിപ്ലവങ്ങൾ നടന്നിട്ടുണ്ടായിരുന്നു. ആ കോണ്ടങ്ങൾ റഷ്യയിലെ ബ്ലാക്ക് മാർക്കറ്റിൽ ലഭിച്ചതും തുടങ്ങിയിരുന്നു. എൺപതുകളിൽ ഊർജസ്വലമായ യൗവ്വനം പിന്നിട്ടിരുന്നവർ ആ വിദേശ നിർമിത ഡോട്ടഡ്, റിബ്ബഡ് കോണ്ടങ്ങൾ 3-5 റൂബിൾ കൊടുത്ത് വാങ്ങി. പലരും അത് പലവുരു കഴുകിയുണക്കി പൊട്ടുംവരെയും പുനരുപയോഗിച്ചു.

സെക്സ് എന്നത് സോവിയറ്റ് യൂണിയന്റെ തകർച്ച വരെയും നാട്ടിൽ ഗോപ്യമായി സൂക്ഷിക്കേണ്ടുന്ന ഒന്നുതന്നെ ആയിരുന്നു. അതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സമൂഹം ചെവികൊടുത്തിരുന്നില്ല. എന്നാൽ, കോണ്ടങ്ങൾക്ക് റഷ്യൻ ജനത വിശിഷ്യാ പര്വതാരോഹകർ, ജിയോളജിസ്റ്റുകൾ, മീൻപിടിത്തക്കാർ എന്നിവർ സെക്സ് എന്ന പ്രാഥമികധർമ്മത്തിന് പുറമെ മറ്റു പല ഉപയോഗങ്ങളും കണ്ടു. അതുകൊണ്ടുതന്നെ അവ ധാരാളമായി വിളിക്കപ്പെടും ചെയ്തു റഷ്യയിൽ.

റഷ്യക്കാർ കോണ്ടങ്ങൾ ഉപയോഗപ്പെടുത്തിയത് മണ്ണിന്റെ സാമ്പിളുകൾ സൂക്ഷിക്കാനുള്ള, സിഗരറ്റും തീപ്പെട്ടിയും നനയാതെ സൂക്ഷിക്കാനുള്ള, ഉപ്പിട്ടുവെക്കാനുള്ള എയർ ടൈറ്റ് കവറുകളായിട്ടാണ്. ബാക്കോവ്സ്കിയിൽ നിർമിച്ചിരുന്ന ഒരു സ്റ്റാൻഡേർഡ് സൈസ് കോണ്ടത്തിൽ ഒന്നര ലിറ്റർ വെള്ളം എളുപ്പത്തിൽ കൊള്ളുമായിരുന്നു. അക്കാലത്ത് കുട്ടികൾ ഈ കോണ്ടങ്ങളിൽ വെള്ളം നിറച്ച് മട്ടുപ്പാവുകളിൽ നിന്ന്, താഴെ നിരത്തിലൂടെ പോകുന്നവരുടെ തലയിലേക്ക് എറിഞ്ഞു കളിക്കുന്നതിൽ ഹരം കണ്ടെത്തി. കുപ്പിയുടെ എയർ ടൈറ്റ് അടപ്പ് എന്ന നിലയിലും അക്കാലത്ത് കോണ്ടങ്ങൾ റഷ്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തണുപ്പിൽ നിന്ന് വളർത്തു മൃഗങ്ങളുടെ കൈകാലുകൾക്ക് സുരക്ഷ പകരാനും അന്ന് അവ ഉപയോഗപ്പെട്ടു. 

1991 -ൽ യുഎസ്എസ്ആറിന്റെ പതനത്തിനു ശേഷം റഷ്യൻ മാർക്കറ്റിലേക്ക് വിലകുറഞ്ഞ ഇന്ത്യൻ, ചൈനീസ് കോണ്ടങ്ങളുടെ പെരുമഴയായി. ആ ആഗോളീകരണത്തിന്റെ മത്സരത്തിൽ പിടിച്ചു നില്ക്കാൻ ബാക്കോവ്സ്കി എന്ന കോണ്ടം നിർമാണ സ്ഥാപനം പരമാവധി ശ്രമിച്ചു നോക്കി എങ്കിലും അതിന് സാധിച്ചില്ല. 2020 മാർച്ചിൽ ബാക്കോവ്സ്കി പാപ്പർസ്യൂട്ടടിച്ചു, അടച്ചു പൂട്ടുകയും ചെയ്തു.

കടപ്പാട്: RTBH