Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര പൊലീസിലെ ആ '1983' ബാച്ച്, മുംബൈ അധോലോകത്തെ വിറപ്പിച്ച 'ഡേർട്ടി ഹാരി'കൾ

മാഹിമിലെ പോക്കറ്റടിക്കാർ എല്ലാവരും തന്നെ ശർമയുടെ ഇൻഫോർമർമാരായി മാറി. അങ്ങനെ മാഹിമിന്റെ ഗലികളിലെല്ലാം പ്രദീപ് ശർമയ്ക്ക് കണ്ണുകളായി. 

The notorious 1983 batch dirty harries of Mumbai police that encountered the underworld ruthlessly
Author
Mumbai, First Published Nov 7, 2019, 5:27 PM IST

പൊലീസ് ട്രെയിനിങ്ങ് കോളേജിലെ അതികഠിനമായ പരിശീലനകാലം തീരാറാവുമ്പോൾ ഏതൊരു യുവ ഓഫീസറും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട്. ആദ്യത്തെ പോസ്റ്റിങ്ങ്‌, അതെവിടെയായിരിക്കും? ഓരോരുത്തർക്കും കാണും അതേപ്പറ്റി ഓരോ പ്രതീക്ഷകളും ഒത്തിരി ഭയങ്ങളും. ഒട്ടുമിക്കവരും ആഗ്രഹിക്കുന്ന ഒന്നുണ്ട്. ജനിച്ചുവളർന്ന, പഠിച്ചുപുറത്തിറങ്ങിയ നഗരത്തിൽ തന്നെ പോസ്റ്റിങ്ങ്‌ കിട്ടിയിരുന്നെങ്കിൽ..! എങ്കിൽ സ്വന്തം അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും പഠിപ്പിച്ച അധ്യാപകരും സഹപാഠികളും കാമുകിയുമൊക്കെ കാൺകെ യൂണിഫോമൊക്കെയിട്ട്  ജീപ്പിലങ്ങനെ ചെത്തിനടക്കാമായിരുന്നു. ചിലർ ഏറെ സാഹസികരായിരിക്കും. അവർക്ക് താത്പര്യം ആദ്യപോസ്റ്റിങ്ങ് തന്നെ നക്സൽ ബാധിതമായ പ്രദേശങ്ങളിലും മറ്റും കിട്ടണം എന്നാവും. അവിടെ അപകടം എന്നും സഹയാത്രികരായിരിക്കുമല്ലോ. അതിന്റെ ഹരം ഒന്നുവേറെ തന്നെയാണ്. പിന്നെയുമുണ്ട് ചിലർ. അവർക്ക് വേണ്ടത് പണവും, രാഷ്ട്രീയസ്വാധീനവും പ്രതാപവും ഏറ്റവും ചുരുങ്ങിയ അധ്വാനത്തിൽ ഏറ്റവും കുറഞ്ഞ കാലയളവുകൊണ്ട് സമ്പാദിക്കാൻ പറ്റുന്ന ഇടത്ത് പോസ്റ്റിങ്ങ്‌ ചോദിച്ച് വാങ്ങും അവർ. 

എൺപതുകളുടെ അവസാനത്തിൽ മഹാരാഷ്ട്രയിൽ പുതുതായി എൻറോൾ ചെയ്തിരുന്ന പൊലീസ് ഓഫീസർമാർ പോകാൻ ആഗ്രഹിച്ചിരുന്നത് ഒരേ ഇടത്തേക്കായിരുന്നു - മുംബൈ. അന്നത്തെ മുംബൈ, അധോലോകത്തിന്റെ കൈപ്പിടിയിൽ അമർന്നു കിടന്ന ഒരു മെട്രോ നഗരമായിരുന്നു. എക്ടോർഷൻ റാക്കറ്റുകളുടെ വിളനിലം. കരിം ലാലയും, ബാബു റെഷിമും, ബഡാ രാജൻ എന്നറിയപ്പെട്ടിരുന്ന രാജൻ നായരും പരസ്പരം കൊന്നുതിന്നാൻ നടന്നിരുന്ന ഒരു കാലം. പത്താൻ ഗാങ്ങും ദാവൂദ് ഇബ്രാഹിം ഗാങ്ങും തമ്മിലും നിരന്തരം പോരാട്ടങ്ങൾ നടന്നിരുന്നു. ഇടയ്ക്കിടെ മുംബൈയുടെ തെരുവുകളിൽ ചോരക്കളികൾ നടന്നുകൊണ്ടിരുന്നു അന്നൊക്കെ. അധോലോകത്തിന്റെ അതിക്രമത്തിൽ മുംബൈ നിവാസികൾ പൊറുതിമുട്ടിയ കാലം. അവർക്കെതിരെ ഒരു ചെറുവിരൽ പോലുമനക്കാനാവാതെ നിഷ്ക്രിയരായി നിസ്സഹായരായി മുംബൈ പൊലീസ് നിന്ന കാലം. 

മുംബൈ നഗരത്തിലെ ആദ്യത്തെ എൻകൗണ്ടർ 

എൻകൗണ്ടർ അഥവാ ഏറ്റുമുട്ടലിനിടെ നടക്കുന്ന കൊലപാതകം. അങ്ങനെ ഒരു പദം മുംബൈ ആദ്യമായി പരിചയിക്കുന്നത് 1982 -ലാണ്. മന്ന്യാ എന്ന് വിളിപ്പേരുള്ള മനോഹർ സുർവെ എന്ന കുപ്രസിദ്ധകൊള്ളക്കാരനാണ് പൊലീസ് ഓഫീസർമാരുടെ തോക്കിനിരയായത്. ദാദർ സ്വദേശിയായിരുന്നു മനോഹർ. കോളേജിലെ ക്ലാസ് ടോപ്പറായിരുന്നു മന്ന്യാ. എന്നാൽ, ജീവിതത്തിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അയാളെ ഒരു അധോലോകനായകനും പിടിച്ചുപറിക്കാരനുമാക്കി മാറ്റി. 1982 ജനുവരി 11 -ന്  മുംബൈയിലെ വാഡാലയിൽ വെച്ച് അയാൾ വെടിയേറ്റുമരിച്ചു. 

The notorious 1983 batch dirty harries of Mumbai police that encountered the underworld ruthlessly

ആ സംഭവം പൊലീസ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട് കൃത്യം ഒരു വർഷത്തിനുള്ളിൽ, നാസിക്കിലെ പൊലീസ് അക്കാദമിയിയുടെ കുപ്രസിദ്ധമായ 1983 ബാച്ചിൽ നിന്ന് 450 കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. അതിൽ 90 പേർക്ക് മുംബൈയിൽ പോസ്റ്റിങ്ങ്‌ കിട്ടി. വിജയ് സാലസ്കർ, പ്രദീപ് ശർമ്മ, രവീന്ദ്ര ആംഗ്രെ, പ്രഫുൽ ബോസാലെ, വിനായക് സൗദേ എന്നിങ്ങനെ പല എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളും ആ ബാച്ചിൽ പഠിച്ചിറങ്ങിയവരായിരുന്നു. മഹാരാഷ്ട്രാ പൊലീസ്‌ വൃത്തങ്ങളിൽ അവർ 'ഡേർട്ടി ഹാരീസ്' എന്നറിയപ്പെട്ടു.  ഇവരെക്കുറിച്ച് ഹുസ്സൈൻ സയിദി എഴുതി പെന്‍ഗ്വിന്‍ റാൻഡം ഹൗസ്‌ പുറത്തിറക്കിയ 'ക്ലാസ് ഓഫ് 83 - ദ പണിഷേർസ് ഓഫ് മുംബൈ പോലീസ്' എന്ന പുസ്തകത്തിൽ മുംബൈ പൊലീസിലെ എൻകൗണ്ടർ സ്പെഷലിസ്റ്റുകളുടെ ഔദ്യോഗിക ജീവിതത്തിന്റെ ചരിത്രം വർണ്ണിക്കുന്നുണ്ട്. 

ഇൻസ്‌പെക്ടർ  പ്രദീപ് ശർമ്മയുടെ മുംബൈ പൊലീസ് ജീവിതം

പ്രദീപ് ശർമയുടേതാണ് അക്കൂട്ടത്തിൽ പറഞ്ഞുപോകുന്ന ഒരു കഥ. ശർമ്മയ്ക്ക് തന്റെ പ്രതീക്ഷക്ക് വിരുദ്ധമായി എയർപോർട്ട് സ്റ്റേഷനിലാണ് പോസ്റ്റിങ്ങ്‌ കിട്ടിയത്. മുംബൈ എന്ന മായാനഗരിയുടെ വർണ്ണപ്പകിട്ടുകളിൽ നിന്നൊക്കെ അകന്നുമാറി പടിഞ്ഞാറൻ സബർബുകളിൽ ഒന്നിലായിരുന്നു എയർപോർട്ട് സ്ഥിതിചെയ്തിരുന്നത്. ഇന്ന് ഛത്രപതി ശിവാജി ടെർമിനസ്‌ എന്നറിയപ്പെടുന്ന അന്നത്തെ ആ ഡൊമസ്റ്റിക് ടെർമിനലിന്റെ പരിസരത്ത് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലായിരുന്നു. വല്ലപ്പോഴും ഒരു അടിപിടി. വല്ലപ്പോഴും ഒരു മരണം. അല്ലെങ്കിൽ നിത്യം നടക്കുന്ന പെറ്റിക്കേസും വഴക്കും വയ്യാവേലിയും ഒക്കെത്തന്നെ പതിവ്. തനിക്ക് കിട്ടിയ പോസ്റ്റിംഗിൽ പ്രദീപ് ശർമ്മ ഏറെ അസംതൃപ്തനായിരുന്നു. മുംബൈയിൽ പോസ്റ്റിങ്ങ് എന്ന് പറഞ്ഞപ്പോൾ ശർമ്മ പ്രതീക്ഷിച്ചപോലെ ഒരു ഹരവും അവിടെ ഉണ്ടായിരുന്നില്ല. ശർമ്മയെപ്പോലെ കർമ്മകുശലനും സദാ സാഹസികനുമായ ഒരു ഓഫീസറെ എയർപോർട്ട് പോലെ ഒരു വിജനമായ സ്റ്റേഷനിൽ പോസ്റ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ കഴിവിനോട് ചെയുന്ന അനീതിയാണെന്ന് ശർമ്മയുടെ റിപ്പോർട്ടിങ് ഓഫീസർ പോലും കരുതിയിരുന്നു. പറ്റുമെങ്കിൽ കമ്മീഷണറോട് സംസാരിച്ച് വേറെ എവിടേക്കെങ്കിലും പോസ്റ്റിങ്ങ് വാങ്ങി പൊയ്‍ക്കൊള്ളാന്‍ ശർമ്മയോട് പറഞ്ഞത് അദ്ദേഹത്തിന്റെ സീനിയർ തന്നെയായിരുന്നു. 

അങ്ങനെയാണ് ശർമ്മ അന്നത്തെ മുംബൈ സിറ്റി പൊലീസ് കമ്മീഷണറായ ജൂലിയോ റിബേറോയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ കാബിനിലേക്കെത്തുന്നത്. അസാമാന്യമായ വ്യക്തിപ്രഭാവമുള്ള ഒരു പൊലീസ് കമ്മീഷണറായിരുന്നു റിബേറോ. അസംബന്ധം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാത്ത കർക്കശസ്വഭാവിയായ അദ്ദേഹത്തിനു മുന്നിൽ ചെന്നുനിൽക്കുമ്പോൾ ഏതൊരു ഓഫീസർക്കും മുട്ടിടിക്കുമായിരുന്നു. പോസ്റ്റിങ്ങ് മാറ്റിത്തരണം എന്ന ആവശ്യവുമായി തന്നെ സമീപിച്ച പ്രദീപ് ശർമ്മ എന്ന യുവ ഓഫീസറോട് റിബേറോ തന്റെ  ഘനഗംഭീരശബ്ദത്തിൽ ഇങ്ങനെ ചോദിച്ചു, "പോസ്റ്റിങ്ങ്‌ മാറ്റമോ? എന്തിന്? വൈ?"  ഒന്ന് പരുങ്ങിയെങ്കിലും, ശർമ്മ ഉറച്ച ശബ്ദത്തോടെ തന്നെ മറുപടി പറഞ്ഞു, "സാർ, ഞാൻ മുംബൈയിലേക്ക് വന്നത് ക്രിമിനലുകളോട് പൊരുതാൻ വേണ്ടിയായിരുന്നു" ഒന്ന് മുരടനക്കിയ ശേഷം   ശർമ്മ ബാക്കി കൂടി പറഞ്ഞു, "ഇവിടിപ്പം ചൊറിയുംകുത്തി എയർപോർട്ടിൽ പോകുകയും വരുകയും ചെയ്യുന്നവരുടെ എണ്ണവും എടുത്ത് ചുമ്മാതിരിപ്പാണ്, മടുത്തു സാർ... അതാ..." 

അത്രയും നേരം ഫയലിൽ തല പൂഴ്ത്തിയിരുന്ന റിബേറോ തലയുയർത്തി തന്റെ മുന്നിൽ നിന്ന ഓഫീസറെ ഒന്ന് ഉഴിഞ്ഞു നോക്കി. 'ഇയാൾ ഈ പറയുന്നതിൽ വല്ല ആത്മാർത്ഥതയുമുണ്ടോ?' എന്നായിരുന്നു ആ നോട്ടത്തിലെ ധ്വനി. "ശരി..." എന്നൊരു വാക്കുമാത്രം പറഞ്ഞ്, മേശപ്പുറത്തു കിടന്നൊരു ഫയലിൽ എന്തോ കുനുകുനാ അക്ഷരങ്ങളിൽ കുറിച്ചിട്ട ശേഷം, ശർമ്മയെ ഡിസ്‌മിസ് ചെയ്തു റിബേറോ. ആ പ്രവൃത്തിയുടെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാൻ ശർമയ്ക്ക് ഒരാഴ്ച സമയമെടുത്തു. ആ ബോധ്യം വന്നത് ഒരു സ്ഥലംമാറ്റ ഉത്തരവിന്റെ രൂപത്തിലായിരുന്നു. ശർമയെ  റിബേറോ ക്വാർട്ടേഴ്സിന് കൂടുതൽ അടുത്തുള്ള ബാന്ദ്രയിലേക്ക്  സ്ഥലം മാറ്റി. 'സബർബുകളുടെ റാണി' എന്നാണ് ജനം ബാന്ദ്രയെ വിളിച്ചിരുന്നത്. 

The notorious 1983 batch dirty harries of Mumbai police that encountered the underworld ruthlessly

അങ്ങനെ സർവീസിൽ കയറിയതിനെ പതിനഞ്ചാം നാൾ, ശർമ്മ സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഇസ്മായിൽ രാജ്‌ഗുരുവിനു മുന്നിൽ റിപ്പോർട്ട് ചെയ്തു. രാജ്‌ഗുരുവിനായിരുന്നു 'മാഹിം' സ്റ്റേഷന്റെ ചുമതല. അന്നത്തെ അധോലോകത്തിന്റെ ഏറ്റവും സജീവമായ ഒരു ഏരിയ ആയിരുന്നു മാഹിം. രാജ്‌ഗുരുവിന് ഒറ്റനോട്ടത്തിൽ തന്നെ തന്റെ ജൂനിയറിനെ ബോധിച്ചു. തുടക്കക്കാരനാണ് എങ്കിലും വേണ്ടപോലെ തേച്ചുമിനുക്കിയെടുത്താൽ ഈ പയ്യൻ ഒരുഗ്രൻ പൊലീസ് ഓഫീസറായി തിളങ്ങുമെന്ന് രാജ്‌ഗുരുവിന് ഒരു ഉൾവിളി വന്നു. പ്രദീപ് ശർമയുടെ കരിയറിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഓഫീസറും രാജ്‌ഗുരു തന്നെയായിരുന്നു.

പോക്കറ്റടിക്കാരെ ഇൻഫോർമർമാരാക്കിക്കൊണ്ടുള്ള നെറ്റ്‌വർക്ക് 

മാഹിമിലെ ഗലികളിലാണ് പ്രദീപ് ശർമ്മ എന്ന പിൽക്കാല എൻകൗണ്ടർ സ്‌പെഷലിസ്റ്റ് തന്റെ പൊലീസ് കരിയറിലെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ഏതൊരു പൊലീസുകാരന്റെയും ബലം എന്നുപറയുന്നത് ജനങ്ങൾക്കിടയിൽ അവൻ ബുദ്ധിപൂർവം കണ്ടെത്തി നിലനിർത്തുന്ന ഇൻഫോർമർമാരുടെ നെറ്റ്‌വർക്ക് ആണ്. ഇന്നത്തെ കാലത്ത് സിസിടിവി കാമറകളിൽ നിന്നുള്ള ഫീഡുകളുണ്ട്. സെൽഫോൺ ടവർ ഡാറ്റയുണ്ട്. ഡിഎൻഎ ടെസ്റ്റ് ഫലങ്ങളുണ്ട്. ഫോറൻസിക് ടെക്‌നോളജി ഏറെ പുരോഗമിച്ചിട്ടുണ്ട്. എന്നാൽ, അതൊക്കെയും ശൈശവദശയിലായിരുന്ന അക്കാലത്ത് പൊലീസിന്റെ കണ്ണുകൾ ഈ ഇൻഫോർമർമാരായിരുന്നു. പല കേസുകൾക്കും വേണ്ട സുപ്രധാനമായ തുമ്പുകൾ പ്രസിദ്ധരായ പല ഓഫീസർമാർക്കും നൽകിയിരുന്നത് അവരുടെ വിലപ്പെട്ട ഇൻഫോർമർമാരായിരുന്നു. 

ഒരു പൊലീസ് വാൻ, പരിചയസമ്പന്നരായ രണ്ടു കോൺസ്റ്റബിൾമാർ. രാജ്‌ഗുരു പ്രദീപ് ശർമയുടെ ആദ്യകലാ ദൗത്യങ്ങൾക്ക് അനുവദിച്ചു നൽകിയ ഫോഴ്‌സ് ഇത്രയുമായിരുന്നു. സ്ഥലത്തെ പ്രധാന പോക്കറ്റടിക്കാരെ മുഴുവൻ തൂക്കിയെടുത്ത് അകത്തിട്ടുകൊണ്ടായിരുന്നു തുടക്കം. കളം തിരിച്ച് പരസ്പരം കുറുകെ ചെന്നു കേറാതെ വളരെ പ്രൊഫഷണലായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു പോക്കറ്റടി സംഘം മാഹിമിൽ ഉണ്ടായിരുന്നു. ആദ്യം ഒരാളെ അറസ്റ്റു ചെയ്തു. അയാളിൽ നിന്ന് അടുത്തയാളുടെ വിവരം ശേഖരിച്ച് അയാൾക്ക് പിന്നാലെ ചെന്ന് അയാളെ. പിന്നീട് അയാളിൽ നിന്ന് തുമ്പ് ശേഖരിച്ച് അടുത്തയാളിനെ. ഇങ്ങനെ കസ്റ്റഡിയിലെടുക്കുന്ന പോക്കറ്റടിക്കാരെ എങ്ങനെ സ്വാധീനിക്കണം എന്ന് പ്രദീപ് ശർമയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു.ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വെച്ച് പല കേസുകൾക്കും ശർമ്മ തുമ്പുണ്ടാക്കി. ശർമ്മയുടെ പ്രസിദ്ധി മാഹിമിന് പുറത്തേക്ക് പോകാൻ തുടങ്ങി. 

പ്രദീപ് ശർമയുടെ ഡയറി പോക്കറ്റടിക്കാർക്കിടയിലെ സംസാര വിഷയമായി. ആ ഡയറിയിൽ പേര് വരികയെന്നാൽ പിന്നെ ആ പോക്കറ്റടിക്കാരന് ഉറക്കമില്ലാത്ത രാത്രികളായി എന്നാണർത്ഥം. വല്ലാത്തൊരു വർക്ക്ഹോളിക് സ്വഭാവമായിരുന്നു ശർമയുടേത്. ദിവസം14 മണിക്കൂറിലധികം  ജോലി ചെയ്യും. മൂന്നുമാസത്തിനുള്ളിൽ ശർമ്മ പിടിച്ച് അകത്തിട്ടത് എഴുപതിലധികം പോക്കറ്റടിക്കാരെയായിരുന്നു. അവരെ പുറത്തിറക്കാനുള്ള സംവിധാനവും ശർമ്മ തന്നെ ഒരുക്കിയതോടെ മാഹിമിലെ പോക്കറ്റടിക്കാർ എല്ലാവരും തന്നെ ശർമയുടെ ഇൻഫോർമർമാരായി മാറി. അങ്ങനെ മാഹിമിന്റെ ഗലികളിലെല്ലാം പ്രദീപ് ശർമയ്ക്ക് കണ്ണുകളായി. 

അക്കൂട്ടത്തിൽ നമ്പാൻ പറ്റുമെന്ന് തോന്നിയ നാലഞ്ചുപേരെ ശർമ്മ തന്റെ ചിറകിൻ ചുവട്ടിലേക്ക് കൈപിടിച്ച് കയറ്റി. അവരോട് 'ഗുഡ് കോപ്പ്' നയം സ്വീകരിച്ചു. അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ ശർമ്മ ഇടപെട്ട് നടത്തിക്കൊടുത്തതോടെ പകരം 'ശർമ്മ സാബി'നു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി അവർ. അവർ ശർമയുടെ ഇൻഫോർമർവൃന്ദത്തിന്റെ ലോക്കൽ മേസ്ത്രിമാരായി. അതാത് ഏരിയകളിൽ നടക്കുന്ന കളവുകളെയും കൊള്ളകളെയും മറ്റു ക്രിമിനൽ കുറ്റങ്ങളേയും പറ്റി അവരോട് ചോദിച്ചാൽ മതിയാകും എന്ന അവസ്ഥയായി. 

അധികം താമസിയാതെ ശർമ്മ തന്റെ ശ്രദ്ധ മുംബൈയിലെ അധോലോകത്തിന്റെ കൊലയാളികൾക്ക് നേരെ തിരിച്ചു. ഇരുപത്തഞ്ചു കൊല്ലത്തെ പൊലീസ് ജീവിതത്തിനിടെ ലഷ്കർ എ ത്വയ്യിബയുടെ ഭീകരവാദികളടക്കം 312  അധോലോകബന്ധമുള്ള ക്രിമിനലുകളെ പ്രദീപ് ശർമ്മ എൻകൗണ്ടർ ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇബ്രാഹിം കസ്കറിനെയും ഒരു കവർച്ചക്കേസിൽ ശർമ്മ അറസ്റ്റുചെയ്യുകയുണ്ടായി.  

The notorious 1983 batch dirty harries of Mumbai police that encountered the underworld ruthlessly

എന്നാൽ, താമസിയാതെ ക്രിമിനലുകളുമായി സ്ഥാപിച്ചിരുന്ന 'ഗുഡ് കോപ്പ്' ബന്ധങ്ങൾ പ്രദീപ് ശർമ്മയ്ക്ക് വിനയായി. മുംബൈ ബോംബുസ്ഫോടനങ്ങൾ നടന്ന കാലയളവിൽ ദാവൂദ് ഗാംഗുമായി ഫോൺ സംഭാഷണങ്ങളിൽ ഏർപ്പെട്ടു എന്ന് ശർമ്മക്കെതിരെ മൊഴി കൊടുത്തത് ഐബി തന്നെയായിരുന്നു.  ഈ ആരോപണങ്ങളിന്മേൽ നടന്ന അന്വേഷണങ്ങൾക്ക് ശേഷം, 2008 -ൽ മഹാരാഷ്ട്ര സർക്കാർ ശർമ്മയെ സർവീസിൽ നിന്ന് ഡിസ്‌മിസ് ചെയ്തു. എന്നാൽ, 2009-ൽ സ്റ്റേറ്റ് ട്രിബ്യൂണൽ നടത്തിയ പുനരന്വേഷണത്തിൽ പ്രദീപ് ശർമ്മ കുറ്റവിമുക്തനാക്കപ്പെട്ടു. 2013 -ൽ മുംബൈ ഹൈക്കോടതിയും പ്രദീപ് ശർമയെ കുറ്റവിമുക്തനാക്കി. സർവീസ് കാലാവധി പൂർത്തിയാകും മുമ്പ് വിആർഎസ് എടുത്ത്  ശിവസേനയ്ക്കുവേണ്ടി തെരഞ്ഞെടുപ്പിലും പ്രദീപ് ശർമ്മ  ഒരു കൈ നോക്കി എങ്കിലും, വിജയിക്കാനായില്ല. വെറുമൊരു സബ് ഇൻസ്പെക്ടറായി സർവീസ് തുടങ്ങിയ പ്രദീപ് ശർമ്മ 2019  നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമ്പോൾ വെളിപ്പെടുത്തിയത് 36  കോടിയുടെ ആസ്തികളാണ്.  

Follow Us:
Download App:
  • android
  • ios