വിളിക്കുന്ന ഓരോരുത്തരും വീട്ടിലെത്തി എന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് ഇവര്‍ ഫോണ്‍ വയ്ക്കുന്നത്. വാതില്‍ തുറക്കുന്ന ശബ്ദമോ, വീട്ടുകാരോട് സംസാരിക്കുന്ന ശബ്ദമോ ഒക്കെ കേള്‍ക്കുന്നതു വരെ ഇവര്‍ കാത്തിരിക്കുന്നു. 

ഏത് രാജ്യത്താണ് എങ്കിലും സ്ത്രീകളുടെ സുരക്ഷ(Women's safety) ഇപ്പോഴും പ്രധാന വെല്ലുവിളിയാണ്. രാത്രികളില്‍ വളരെയധികം ഭയന്നു തന്നെയാണ് സ്ത്രീകള്‍ സഞ്ചരിക്കുന്നത്. അതാണ് പലയിടങ്ങളിലും അവസ്ഥ. കഴിഞ്ഞ വർഷം എഡിൻബർഗിൽ ആരംഭിച്ച 'സ്ട്രട്ട് സേഫ്'(Strut Safe) എന്ന ടെലിഫോൺ ഹെൽപ്പ് ലൈൻ ഇങ്ങനെ ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുന്ന സ്ത്രീകള്‍ക്ക് സഹായം കൊടുക്കുന്നതാണ്. രാത്രി തനിച്ച് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് വീടെത്തും വരെ ഇവർ ഫോണിലൂടെ കൂട്ടുപോവും. ഈ സ്ത്രീകൾ വീടെത്തി എന്ന് ഉറപ്പിച്ചാൽ മാത്രമേ ഇവർ ഫോൺകോൾ അവസാനിപ്പിക്കൂ. 

ആലീസ് ജാക്സണ്(Alice Jackson) ഇപ്പോഴും അന്ന് വന്ന ആ കോളിനെ കുറിച്ച് വ്യക്തമായി ഓര്‍മ്മയുണ്ട്. 'ഫോണെടുത്ത ഉടനെ തന്നെ നിങ്ങള്‍ക്ക് വിളിക്കുന്നയാള്‍ പേടിച്ചിരിക്കുകയാണോ അല്ലയോ എന്ന് മനസിലാവും. അവരുടെ ശബ്ദം വിറയ്ക്കുന്നുണ്ടാവും' എന്ന് ആലീസ് പറയുന്നു. അന്ന് വിളിച്ച സ്ത്രീ രാത്രി തനിച്ച് വീട്ടിലേക്ക് നടക്കുകയായിരുന്നു. എന്തോ സംഭവിക്കാന്‍ പോവുകയാണ് എന്നൊരു തോന്നല്‍ അവളിലുണ്ടായിരുന്നു. അവള്‍ ഓടുകയായിരുന്നു. 'ആരോ എന്നെ പിന്തുടരുന്നതായി തോന്നുന്നു' എന്ന് അവള്‍ ആലീസിനോട് പറഞ്ഞു. അവള്‍ ആലീസിന് തന്‍റെ പേര്, വയസ്, ജനനത്തീയതി, വിലാസം, കാണാനവളെങ്ങനെയിരിക്കുന്നു, എന്ത് ധരിച്ചിരിക്കുന്നു തുടങ്ങി മുഴുവന്‍ വിവരങ്ങളും നല്‍കി. ഇതുപോലെ രാത്രി വഴിയില്‍ അപ്രതീക്ഷിതമായ സാഹചര്യത്തില്‍ പെട്ടുപോയ നിരവധി സ്ത്രീകളാണ് അവരെ വിളിക്കുന്നത്. 

2021 ഏപ്രിലിലാണ് 22 -കാരിയായ ആലീസും അവളുടെ സുഹൃത്ത് റേച്ചൽ ചുംഗും രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുമ്പോൾ ആളുകൾക്ക് വിളിക്കാൻ കഴിയുന്ന ഒരു ടെലിഫോൺ ഹെൽപ്പ് ലൈൻ എന്ന ആശയവുമായി എത്തിയത്. അങ്ങനെ അവര്‍ വിലകുറഞ്ഞ ബർണർ ഫോൺ വാങ്ങി. ഫോണ്‍വിളികള്‍ക്ക് ഉത്തരം നൽകാൻ സന്നദ്ധസേവകരായ ആളുകളോട് ആവശ്യപ്പെടുകയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നമ്പർ പോസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതലിന്നോളം സ്ട്രട്ട് സേഫ് ഇതുപോലെ തനിച്ചായിപ്പോയവരുടെ കോളുകള്‍ എടുക്കുകയും വീട്ടിലെത്തും വരെ അവരോട് സംസാരിക്കുകയും ചെയ്യുന്നു. 

സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയുള്ളത് കൊണ്ട് തന്നെ ഇങ്ങനെ ഫോണ്‍ എടുക്കാന്‍ സജ്ജരാക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നു, അവരെ കുറിച്ച് പഠിക്കുന്നു, പശ്ചാത്തലം അന്വേഷിച്ച് ഉറപ്പ് വരുത്തുന്നു. സ്ത്രീകള്‍ പലപ്പോഴും അങ്ങേയറ്റം ഭയന്നാവും വിളിക്കുന്നത്. അവരോട്, 'ഞങ്ങള്‍ കൂടെയുണ്ട് ഭയക്കേണ്ടതില്ല' എന്ന് ആലീസും സംഘവും പറയുന്നു. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നു എന്ന് തോന്നിയാല്‍ അവര്‍ പൊലീസിനെയും ആംബുലന്‍സിനെയും വിവരമറിയിക്കുന്നു. സംഭാവനകളിലൂടെയാണ് സ്ട്രട്ട് സേഫ് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്.

വിളിക്കുന്ന ഓരോരുത്തരും വീട്ടിലെത്തി എന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് ഇവര്‍ ഫോണ്‍ വയ്ക്കുന്നത്. വാതില്‍ തുറക്കുന്ന ശബ്ദമോ, വീട്ടുകാരോട് സംസാരിക്കുന്ന ശബ്ദമോ ഒക്കെ കേള്‍ക്കുന്നതു വരെ ഇവര്‍ കാത്തിരിക്കുന്നു. ഏതായാലും ഈ ഹെല്‍പ്‍ലൈന്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സോഷ്യല്‍മീഡിയയിലും മറ്റും നമ്പര്‍ കണ്ട് നിരവധി സ്ത്രീകളാണ് രാത്രികളില്‍ ഇവരെ വിളിക്കുന്നത്. 

എല്ലായിടത്തും നടപ്പിലാക്കാന്‍ പറ്റിയ നല്ല മാതൃകയാണ് അല്ലേ.