പലവട്ടം ജാവനക്കാര്‍ വിലക്കി, എന്നിട്ടും കളി തുടര്‍ന്നു. ഡെക്കാത്‍ലണിൽ സാധനങ്ങൾ വാങ്ങാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്. സിവിക് സെന്‍സില്ലായ്മയെ കുറിച്ചാണ് യുവാവ് പറയുന്നത്. ഒപ്പം കുട്ടികളും ഇതല്ലേ കണ്ടുപഠിക്കുന്നത് എന്നും പോസ്റ്റില്‍ കാണാം.
ഇന്ത്യക്കാരുടെ സിവിക് സെൻസ് ഇല്ലായ്മയെ കുറിച്ച് നിരവധിപ്പേരാണ് പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ളത്. എവിടെപ്പോയാലും സിവിക് സെൻസില്ലാതെയാണ് പെരുമാറ്റം എന്നാണ് പ്രധാന പരാതി. അതുപോലെ ഒരു പോസ്റ്റാണ് എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. താൻ ഡെക്കാത്‍ലണിൽ സാധനങ്ങൾ വാങ്ങാനായി പോയപ്പോൾ അവിടെ ഒരാൾ തന്റെ മക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് കണ്ടതായിട്ടാണ് യുവാവ് കുറിക്കുന്നത്. ജീവനക്കാർ പലതവണ പറഞ്ഞിട്ടും ഇയാൾ കളി നിർത്താൻ തയ്യാറായില്ല എന്നും യുവാവ് പറയുന്നു. കളിക്കുന്നതിനിടെ അത് തുടരാനായി തന്നോട് മാറി നിൽക്കാൻ അയാൾ പറഞ്ഞെന്നും പോസ്റ്റിൽ കാണാം. ഒരു റീട്ടെയ്ൽ സ്റ്റോറിനുള്ളിൽ വെച്ച്, സാധനങ്ങൾ വാങ്ങാൻ വന്ന ഒരാളോട്, മറ്റൊരാൾക്ക് ക്രിക്കറ്റ് കളിക്കാൻ വേണ്ടി മാറിനിൽക്കാൻ ആവശ്യപ്പെടുന്നു. ഒടുവിൽ ജീവനക്കാരൻ വന്ന് അയാളോട് കളി നിർത്താൻ പറഞ്ഞു.
ഇത് ക്രിക്കറ്റിനെക്കുറിച്ചോ കുട്ടികൾ ആസ്വദിക്കുന്നതിനെക്കുറിച്ചോ ഉള്ള പ്രശ്നമല്ല. ഇത് അടിസ്ഥാനപരമായ സിവിക് സെൻസിനെ കുറിച്ചാണ്. ഇതിൽ നിന്നും കുട്ടികളെന്താണ് പഠിക്കുന്നത് എന്നും യുവാവ് ചോദിക്കുന്നുണ്ട്. മാതാപിതാക്കൾ ജീവനക്കാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും, പൊതു ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നതും, എന്നിട്ടും തങ്ങൾക്ക് അതിനുള്ള അവകാശമുണ്ടെന്ന ഭാവത്തിൽ പെരുമാറുന്നതും കാണുമ്പോൾ കുട്ടികളും ഇതേ സ്വഭാവം തന്നയല്ലേ പഠിക്കുക എന്നാണ് യുവാവിന്റെ ചോദ്യം.
ഇവിടെ പ്രശ്നം വിദ്യാഭ്യാസത്തിന്റേതല്ല, മറിച്ച് ചിന്താഗതിയുടേതാണെന്നും പോസ്റ്റിൽ പറയുന്നു. നമ്മൾ എപ്പോഴും വികസനത്തെക്കുറിച്ചും, മികച്ച നഗരങ്ങളെക്കുറിച്ചും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും, പൊതുവിടങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാൽ പൊതുവിടങ്ങളിൽ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല എന്നാണ് യുവാവിന്റെ അഭിപ്രായം.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിനെന്താ ഡെക്കാത്‍ലണിൽ എല്ലാം ഉപയോഗിച്ച് നോക്കാമല്ലോ എന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. എന്നാൽ, ഉപയോഗിച്ച് നോക്കുന്നതും തുടർച്ചയായി അതുവച്ച് കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നാണ് പലരും പറഞ്ഞത്. ഇന്ത്യക്കാരുടെ സിവിക് സെൻസ് നാൾക്കുനാൾ മോശം അവസ്ഥയിലാണല്ലോ എന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ട്.
