ഒരു ടിക് ടോക്ക് വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ ഇത് കേട്ട് അത്ഭുതപ്പെട്ടു. സ്വന്തം മക്കളില്‍ നിന്ന് വാടക വാങ്ങിക്കുകയോ? പക്ഷേ കേറ്റിന് അവരുടേതായ വിശദീകരണമുണ്ടായിരുന്നു.  


എല്ലാ മാതാപിതാക്കളും മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരായിക്കും. ജീവിതപാതയില്‍ ആത്മവിശ്വാസത്തോടെ മക്കള്‍ മുന്നേറുന്നത് കാണാന്‍ കൊതിക്കും. അതിനായി ഏതറ്റം വരെ പോകാനും അവര്‍ തയ്യാറാണ്. അക്കൂട്ടത്തില്‍ ന്യൂസിലാന്‍ഡിലെ ഒരു അമ്മ മകളെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് പഠിപ്പിക്കാനായി തിരഞ്ഞെടുത്തത് തീര്‍ത്തും വിചിത്രമായ ഒരു മാര്‍ഗ്ഗമായിരുന്നു. ഇതിനായി, തന്റെ വീട്ടില്‍ താമസിക്കുന്ന പെണ്‍മക്കളില്‍ നിന്ന് അവര്‍ വാടക ഈടാക്കി.

അമ്മയുടെ പേര് കേറ്റ് ക്ലാര്‍ക്ക്. ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. അവര്‍ അടുത്തിടെ പങ്കിട്ട ഒരു ടിക് ടോക്ക് വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ ഇത് കേട്ട് അത്ഭുതപ്പെട്ടു. സ്വന്തം മക്കളില്‍ നിന്ന് വാടക വാങ്ങിക്കുകയോ? പക്ഷേ കേറ്റിന് അവരുടേതായ വിശദീകരണമുണ്ടായിരുന്നു. 

വീഡിയോയില്‍ കേറ്റ് തന്റെ പെണ്‍മക്കളില്‍ ഒരാളുമായി ഗെയിം കളിക്കുന്നത് കാണാം. കളിയില്‍ ഒരാള്‍ ഒരു കപ്പിലേക്ക് പേന എറിയണം. പേന കപ്പിനകത്തേയ്ക്ക് വീണില്ലെങ്കില്‍ അയാള്‍ മറ്റേയാള്‍ പറയുന്നത് കേള്‍ക്കണം. 18 വയസ്സുള്ള മകള്‍ ലറ്റിഷയ്ക്കൊപ്പമാണ് കേറ്റ് ഗെയിം കളിച്ചത്. ഒടുവില്‍, കളിയില്‍ കേറ്റ് ജയിച്ചു. അതോടെ വിചിത്രമായ ഒരു ആവശ്യവുമായി അവര്‍ മുന്നോട്ട് വന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് വീട്ടില്‍ താമസിക്കുന്നതിന്റെ വാടക മകള്‍ നല്‍കണമെന്നതായിരുന്നു അത്. ആഴ്ചയില്‍ 26 പൗണ്ട് (2600 രൂപ) വാടകയായി നല്‍കണമെന്ന് മകളോട് അവര്‍ പറഞ്ഞു.

വീഡിയോ വൈറലായതോടെ ആളുകള്‍ ഓണ്‍ലൈനില്‍ പല അഭിപ്രായങ്ങളും പങ്കിട്ടു. കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. എന്നാല്‍ അതൊന്നും അവരെ ബാധിച്ചില്ല. ഈ പണം മകള്‍ക്ക് വേണ്ടിയുള്ള ഒരു നിക്ഷേപമായി കേറ്റ് കാണുന്നു. മകള്‍ പിന്നീട് മറ്റൊരിടത്ത് താമസിക്കാന്‍ പോകുമ്പോള്‍ അമ്മ ഈ പണം അവള്‍ക്ക് തിരികെ നല്‍കും. ഈ രീതിയില്‍, ജീവിതത്തില്‍ അവളെ സഹായിക്കാനും യഥാര്‍ത്ഥ ജീവിതത്തെ സാഹചര്യങ്ങളെ കുറിച്ച് അവളെ പഠിപ്പിക്കാനും ആ അമ്മ ആഗ്രഹിക്കുന്നു.

അതേസമയം, അമ്മയുടെ ഈ വിശദീകരണമൊന്നും ആളുകള്‍ക്ക് ബോധ്യമായില്ല. 'ആരാണ് സ്വന്തം മകളില്‍ നിന്ന് വാടക വാങ്ങുന്നത്' എന്നാണ് പലരും ചോദിക്കുന്നത്. ഈ പ്രായത്തില്‍ അവള്‍ വാടക നല്‍കേണ്ടതില്ലെന്നും, ഇത് തീര്‍ത്തും ലജ്ജാകരമാണെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.