പുലർച്ചെ ഹോട്ടൽ റിസപ്‍ഷനിലെത്തിയപ്പോൾ ആരുമില്ല, പിന്നാലെ മൂന്ന് കൂട്ടുകാർ ചെയ്തത്, വൈറലായി വീഡിയോ...
കോളുകൾക്ക് മറുപടി നൽകിയും അതിഥികൾക്ക് ഭക്ഷണം നൽകിയും അവിടുത്തെ കാര്യങ്ങൾ മുഴുവനും അവർ നോക്കി. ഒരു മണിക്കൂറിന് ശേഷം ജോലിക്കാരായ രണ്ട് പേർ എത്തിയ ശേഷമാണ് ഇവർക്ക് വിശ്രമം ലഭിച്ചത്.

നിങ്ങൾ ഒരു ഹോട്ടൽ റിസപ്ഷൻ ഏരിയയിൽ എത്തി. അവിടെ ആരുമില്ല. എന്ത് ചെയ്യും? ഒന്നുകിൽ ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കും. അല്ലെങ്കിൽ, മറ്റേതെങ്കിലും ഹോട്ടൽ തിരക്കി പോകും അല്ലേ? എന്നാൽ, WSMV4 -ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം സുഹൃത്തുക്കളായ കെൻസി ബ്രൂക്‌സ്, ആരോൺ ഹോവാർഡ്, നൂറെൻ ഡോബാനി എന്നിവർ ഒരു ഹോട്ടലിൽ എത്തി.
ഹോവാർഡിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി നാഷ്വില്ലെയിലേക്ക് പോയ ഇവർ
ഒരു കൺസേർട്ടിന് ശേഷമാണ് അതിരാവിലെ ഹോട്ടലിൽ എത്തിയത്. നാല് മണിക്കൂർ യാത്രയ്ക്ക് ശേഷം വിൻഹാം ഹോട്ടൽസ് നടത്തുന്ന ലാ ക്വിന്റാ ഇന്നിൽ എത്തിയ അവർ കണ്ടത് ഒഴിഞ്ഞ റിസപ്‍ഷനാണ്. ഒപ്പം രോഷാകുലരായ കസ്റ്റമേഴ്സിനെയും. എന്നാൽ, അവർ നിരാശരോ പരിഭ്രാന്തരോ ആകുന്നതിന് പകരം ജോലിക്കാരെ പോലെ മൊത്തത്തിൽ ഹോട്ടൽ ഏറ്റെടുത്തു. അവിടേക്ക് വരുന്ന ഫോൺകോളുകൾക്ക് മറുപടി നൽകി. അതിഥികളെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തു. അവർക്ക് പ്രഭാതഭക്ഷണം പോലും നൽകിയത്രെ.
കെൻസി, ആരോൺ, നൂറെയ്ൻ എന്നിവർ രാവിലെ അഞ്ച് മണിക്കാണ് ഹോട്ടലിലെത്തിയത്. ആ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല, ഒരു ഹൗസ് കീപ്പറൊഴികെ. അവർക്ക് ഇംഗ്ലീഷും അറിയുമായിരുന്നില്ല. ആ സമയത്ത് ഒരു സ്ത്രീ ലിഫ്റ്റിൽ നിന്നും നിലവിളിച്ചു കൊണ്ട് ഇറങ്ങി വന്നു. അവരുടെ കാർഡിൽ നിന്നും പണം നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. പിന്നാലെ പൊലീസെത്തി, ഇവരെ മൂവരേയും അടക്കം പരിശോധിച്ചു എങ്കിലും ഒന്നും കണ്ടെത്തിയില്ല.
പിന്നാലെ, പൊലീസ് മടങ്ങി. യുവാക്കളോട് അവിടെ ജോലിക്കാരെ ആരേയും കാണാത്തത് കൊണ്ട് നിങ്ങൾക്ക് വല്ലതും ചെയ്യാനാകുമെങ്കിൽ ചെയ്തോളൂ എന്നാണ് പറഞ്ഞത്. പിന്നാലെ യുവാക്കൾ ഹോട്ടലിന്റെ ഭരണം ഏറ്റെടുക്കുകയായിരുന്നു. കോളുകൾക്ക് മറുപടി നൽകിയും അതിഥികൾക്ക് ഭക്ഷണം നൽകിയും അവിടുത്തെ കാര്യങ്ങൾ മുഴുവനും അവർ നോക്കി. ഒരു മണിക്കൂറിന് ശേഷം ജോലിക്കാരായ രണ്ട് പേർ എത്തിയ ശേഷമാണ് ഇവർക്ക് വിശ്രമം ലഭിച്ചത്. പിന്നാലെ ഇവർ തങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്ത റൂമിലെത്തിയെങ്കിലും അവിടെ രണ്ടാഴ്ചയായി മറ്റൊരു സ്ത്രീ താമസിക്കുകയായിരുന്നു.
ഒടുവിൽ ഇവർക്ക് ഒരു കോംപ്ലിമെന്ററി റൂം നൽകി പ്രശ്നങ്ങൾ പരിഹരിച്ചു. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം വിവരിക്കുന്ന ഇവരുടെ ടിക്ടോക് വീഡിയോകൾ പ്രശസ്തമായി.