സോവിയറ്റ് റഷ്യയുടെ അധികാരത്തിന്റെ ദന്തഗോപുരങ്ങളിൽ ഇരിക്കുന്ന പല റഷ്യൻ കമ്യൂണിസ്റ്റുപാർട്ടി പ്രമുഖരും നിത്യസന്ദർശകരായിരുന്ന ഒരു നക്ഷത്ര വേശ്യാലയം മുതൽ, ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വിശ്വപ്രസിദ്ധ സ്പോർട്സ് താരം വരെ. റഷ്യയുടെ സാമൂഹിക മണ്ഡലത്തെ പിടിച്ചു കുലുക്കിയ, മോസ്‌കോയിൽ കോളിളക്കം സൃഷ്‌ടിച്ച മൂന്നു കുപ്രസിദ്ധ ലൈംഗികാപവാദക്കേസുകൾ.

കമ്യൂണിസ്റ്റ് മന്ത്രി നിത്യസന്ദർശകനായിരുന്ന നക്ഷത്ര വേശ്യാലയം

വർഷം 1955. സോവിയറ്റ് യൂണിയന്റെ തലപ്പത്തുള്ള സുപ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവ് നികിതാ ക്രൂഷ്‌ചേവിന് ഒരു ഊമക്കത്തു തപാലിൽ കിട്ടുന്നു. "ഞാൻ ഒരു സോവിയറ്റ് പൗരയാണ്, ഒരമ്മയും" എന്നായിരുന്നു ആ കത്ത് അയച്ചയാളുടെ മേൽവിലാസം. ആ കത്തിലൂടെ വിവരിക്കപ്പെട്ടത് സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ അന്നോളം കേട്ടുകേൾവിയില്ലാത്ത കുറെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. അതിൽ വെളിപ്പെടുത്തപ്പെട്ടത് വളരെ രഹസ്യമായി മോസ്‌കോയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു രഹസ്യ അധോലോക നക്ഷത്ര വേശ്യാലയത്തെക്കുറിച്ചായിരുന്നു. ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത് സോവിയറ്റ് യൂണിയന്റെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന നിരവധി ബ്യൂറോക്രാറ്റുകൾ ആയിരുന്നു. 

 യൗവ്വനത്തിലേക്കു കാലെടുത്തുവെക്കുന്ന സുന്ദരികളായ റഷ്യൻ കോളേജ് വിദ്യാർത്ഥിനികളെയും മറ്റുയുവതികളെയും ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുക, അതിന്റെ സാക്ഷാത്കാരത്തിന് ഈ സംവിധാനം പ്രയോജനപ്പെടുത്തുക. ആദ്യബന്ധത്തിനു ശേഷം ഈ യുവതികളെ ദുരുപയോഗം ചെയ്തുകൊണ്ട്, അവരെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തുകൊണ്ട് നാട്ടിലെ പ്രമുഖർക്ക് അവരെ കാഴ്ച വെക്കുന്ന ഒരു അധോലോക സംഘം തന്നെ മോസ്‌കോയിൽ ഉണ്ട് എന്നായിരുന്നു ഈ അമ്മയുടെ വെളിപ്പെടുത്തൽ. അവർ അങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത് ഏറെ വേദനയോടെ ആയിരുന്നു. സ്വന്തം മകൾ ആ ഗൂഢസംഘത്തിന്റെ വലയിൽ പെട്ടുപോയതിന്റെ, സമയത്തിന് തിരിച്ചറിഞ്ഞ് അത് തടയാൻ സാധിക്കാതെ പോയതിന്റെ അടക്കാനാവാത്ത വേദന. ഈ ഗൂഢസംഘത്തിന്റെ നേതാക്കളെ കണ്ടെത്തണമെന്നും അവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണം എന്നും, തനിക്ക് ഏറെ വിശ്വാസവും സ്നേഹവുമുള്ള സഖാവ് ക്രൂഷ്‌ചേവിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. 

തന്നെ ചൂഷണം ചെയ്തവരുടെ കൂട്ടത്തിൽ മകൾ വെളിപ്പെടുത്തിയ ചില പേരുകളും ആ അമ്മ കത്തിൽ കുറിച്ചിരുന്നു. ആ പേരുകൾ വായിച്ച നികിതാ ക്രൂഷ്ചേവ് ഞെട്ടിത്തരിച്ചിരുന്നു പോയി. ഒന്നാമൻ, സോവിയറ്റ് യൂണിയനിലെ സാംസ്കാരിക വകുപ്പ് മന്ത്രി ജോർജ് അലക്‌സാണ്ടറോവ്, രണ്ടാമൻ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അറിയപ്പെടുന്ന ഔദ്യോഗിക ബുദ്ധിജീവിയും പ്രസിദ്ധ റഷ്യൻ സാഹിത്യ വിമര്ശകനുമായ അലക്‌സാണ്ടർ യെഗോലിൻ. 

 

ജോർജ് അലക്‌സാണ്ടറോവ്

'രോഗി ഇച്ഛിച്ചതും പാൽ, വൈദ്യൻ കല്പിച്ചതും പാൽ'  എന്ന് പറഞ്ഞതുപോലെ ആയിരുന്നു ആ കത്ത് നികിതാ ക്രൂഷ്‌ചേവിനെ സംബന്ധിച്ചിടത്തോളം. പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരെ കരുക്കൾ നീക്കുന്ന തന്റെ ബദ്ധവൈരികളായിരുന്നു മേൽപ്പറഞ്ഞ രണ്ടു കുറ്റാരോപിതരും. എന്തായാലും കിട്ടിയ പരാതി പരമാവധി അവർക്കെതിരെ പ്രയോജനപ്പെടുത്താൻ ക്രൂഷ്ചേവ് ഉറപ്പിച്ചു. ഈ വിഷയത്തിൽ വിശദമായ ഒരു അന്വേഷണം തന്നെ പ്രഖ്യാപിക്കപ്പെട്ടു. തുടർന്നുണ്ടായ അന്വേഷണത്തിൽ ഈ രണ്ടുപേർക്കും എതിരായ ആ അമ്മയുടെ ആക്ഷേപങ്ങൾ പൂർണമായും ശരിയാണ് എന്ന് ബോധ്യപ്പെട്ടു. എന്നാൽ, അതിൽ കുടുങ്ങിയത് ഇവർ രണ്ടു പേരും മാത്രമല്ലായിരുന്നു. അന്നത്തെ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പല പ്രധാനപ്പെട്ട നേതാക്കളും, പാർട്ടി ബുദ്ധിജീവികളും, സാഹിത്യരംഗത്ത് ശോഭിച്ചിരുന്ന പലരും, പല പ്രൊഫസർമാരും, പ്രൊപ്പഗാൻഡിസ്റ്റുകളും എന്നുവേണ്ട മുൻ വിദ്യാഭ്യാസ മന്ത്രി സ്റ്റാലിൻ സെർഗെയി കാഫ്ത്താനോവ് വരെ ഈ കേസിൽ കുടുങ്ങി. 

ഈ നക്ഷത്ര വേശ്യാലയത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് അന്നത്തെ ഒരു പരാജയപ്പെട്ട നാടക സംവിധായകനായ കോൺസ്റ്റന്റൈൻ ക്രൊവോഷെയ്ൻ ആയിരുന്നു. നാടക രംഗത്തേക്ക് അഭിനയ മോഹവുമായി വന്നെത്തുന്ന യുവതികളെ പറഞ്ഞു പറ്റിച്ച് ഈ വേശ്യാലയത്തിലേക്ക് എത്തിക്കുന്നത് ഇയാളുടെ പണിയായിരുന്നു. അങ്ങനെ കൊണ്ടുവരുന്ന സുന്ദരികളായ യുവതികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇയാൾ സെക്സ് പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. അതീവ രഹസ്യമായി നടത്തപ്പെട്ടിരുന്ന ഇത്തരം പാർട്ടികളിലാണ് മേൽപ്പറഞ്ഞ രാഷ്ട്രീയനേതാക്കളും ബുദ്ധിജീവികളും എല്ലാം തന്നെ കുടിച്ചു കൂത്താടാൻ വേണ്ടി വന്നെത്തിയിരുന്നത്. 

കേസ് ഉയർന്നു വന്ന പാടെ അലക്‌സാണ്ടറോവ് തന്റെ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു കൊണ്ട് പാർട്ടി നേതൃത്വത്തോട് മാപ്പിരന്നു. ഈ നക്ഷത്ര വേശ്യാലയത്തിന്റെ നടത്തിപ്പുകാരനായ ക്രൊവോഷെയ്ൻ ഒഴികെ മറ്റാരും തന്നെ അന്ന് ശിക്ഷിക്കപ്പെട്ടില്ല. നിരുപാധികം മാപ്പിരന്നിട്ടും അന്ന് മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു അലക്‌സാണ്ടറോവ്. പിന്നീട് ഒരു ശിക്ഷ എന്ന നിലക്ക് ബെലാറസിലെ ലോക്കൽ അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയുടെ മേധാവിയായി കാലം കഴിക്കേണ്ടി വന്നു അദ്ദേഹത്തിന്. 

റഷ്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഈ കേസ് പിന്നീട് അറിയപ്പെട്ടത് ഗ്ലാഡിയേറ്റർ സ്കാൻഡൽ എന്നാണ്. അതിനു പിന്നിലും രസകരമായ ഒരു കാരണമുണ്ട്. ഇതിൽ കുറ്റാരോപിതരായ പലരും പറഞ്ഞത്, ഞങ്ങൾ അവിടെ ചെന്നിരുന്ന് സ്ത്രീകളെ തഴുകിയതേയുള്ളൂ എന്നാണ്. തഴുകുക എന്നതിന് റഷ്യൻ ഭാഷയിൽ പറയുന്ന വാക്കാണ് ഗ്ലാഡിറ്റ് എന്നത്. ഇതിൽ കുറ്റാരോപിതരായവരെ പിന്നീട് കളിയാക്കി ഗ്ലാഡിയേറ്റേഴ്സ് എന്ന് മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ടിരുന്നു. 

ഫുട്ബോൾ ബലാത്സംഗക്കേസ്

റഷ്യയിലെ അറിയപ്പെടുന്ന ഒരു സോക്കർ താരമായിരുന്നു, ടോർപിഡോ മോസ്‌കോ ഫുട്ബാൾ ക്ലബ്ബിന്റെ ഫോർവേഡ് ആയിരുന്ന എഡ്‌വേർഡ് സ്‌ട്രെൽറ്റ്സോവ്. പതിനെട്ടാം വയസ്സിൽ തന്നെ റഷ്യക്ക് വേണ്ടി അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച സ്‌ട്രെൽറ്റ്സോവ് റഷ്യക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ്. 

1958 -ലെ ലോകകപ്പിന് തൊട്ടുമുമ്പായി ഉയർന്നുവന്ന ഒരു ലൈംഗികാരോപണം ഈ യുവതാരത്തിന്റെ സോക്കർ കരിയർ തകിടം മറിച്ചു. ഒരു പാർട്ടിയിൽ വെച്ച്, മറീന ലെബിഡേവ എന്ന ഒരു യുവതിയെ ബലാത്സംഗം ചെയ്തു സ്‌ട്രെൽറ്റ്സോവ് എന്നായിരുന്നു ആരോപണം. പ്രോസിക്യൂഷൻ കേസ് പ്രകാരം, സ്‌ട്രെൽറ്റ്സോവും കൂട്ടുകാരും ചേർന്ന് ഒരു ഡാച്ചയിൽ വെച്ച് നടന്ന പാർട്ടിയ്ക്കിടെ ഒരു കൂട്ടം യുവതികളെ പരിചയപ്പെടുന്നു. അക്കൂട്ടത്തിൽ ഒരാളുമായി, മറീനയുമായി സ്‌ട്രെൽറ്റ്സോവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അടുത്ത ദിവസം രാവിലെ മറീന വീട്ടിൽ എത്തിയപ്പോൾ അവളുടെ സ്‌ട്രെൽറ്റ്സോവിനെതിരെ പൊലീസിൽ ബലാത്സംഗക്കേസ് ഫയൽ ചെയ്യുന്നു. 

എഡ്‌വേർഡ് സ്‌ട്രെൽറ്റ്സോവ്

ഈ കേസിൽ സ്‌ട്രെൽറ്റ്സോവ് ശിക്ഷിക്കപ്പെട്ടത് 12 വർഷത്തെ കഠിനതടവിനാണ്. അഞ്ചു വർഷത്തിന് ശേഷം ജയിൽ മോചിതനായ സ്‌ട്രെൽറ്റ്സോവ് സ്വന്തം സോക്കർ ക്ലബ്ബിലേക്കും പിന്നീട് ദേശീയ ടീമിലേക്കും തിരികെ പ്രവേശിപ്പിക്കപ്പെട്ടു. സ്‌ട്രെൽറ്റ്സോവ് പിന്നീട് 1968 -ലെ ഏറ്റവും മികച്ച സോക്കർ താരമായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 

സ്‌ട്രെൽറ്റ്സോവിനെതിരെ അന്നുയർന്നത് കെട്ടിച്ചമച്ച കേസ് ആയിരുന്നു എന്നും ആ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ആയിരുന്നു എന്നും പിന്നീട് വാദങ്ങൾ ഉയർന്നിരുന്നു. 1990 -ൽ സ്‌ട്രെൽറ്റ്സോവ് മരണപ്പെട്ടപ്പോൾ ഇതേ മറീന ലെബിഡേവ തന്നെ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ പൂക്കളുമായെത്തി അവിടെ ഏറെ നേരം ചെലവിട്ടിരുന്നു. 

ചെളിയിൽ വീണ യെൽത്സിൻ

1989 സെപ്റ്റംബർ. ബോറിസ് യെൽത്സിൻ എന്ന റഷ്യയുടെ ഭാവി പ്രസിഡന്റിന്റെ രാഷ്ട്രീയം അതിന്റെ പ്രാരംഭദശയിൽ എത്തിനിൽക്കുന്ന കാലം. മോസ്‌കോയിൽ ജില്ലാതലത്തിലുള്ള തെരഞ്ഞെടുപ്പിൽ യെൽത്സിൻ ജയിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. സോവിയറ്റ് യൂണിയന്റെ ആർക്കിടെക്ച്ചർ, കൺസ്ട്രക്ഷൻ സുപ്രീം കമ്മിറ്റികളെ നയിച്ചിരുന്നതും യെൽത്സിൻ തന്നെ ആയിരുന്നു അന്ന്. 

ഒരേയൊരു മാസത്തിനിപ്പുറം ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ലൈംഗികാപവാദത്തിന്റെ നിഴലിൽ വന്നു നിൽക്കേണ്ടി വന്നു യെൽത്സിന്.  സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന മോസ്കോയിലെ ഒരു പ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് യെൽത്സിൻ മേലാകെ ചെളി പുരണ്ട്, വസ്ത്രങ്ങൾ പിന്നിക്കീറിയ അവസ്ഥയിൽ ചെന്ന് കയറുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം കുറിക്കപ്പെടുന്നത്. ഒരു കാറിൽ വന്ന ചിലർ തന്നെ തട്ടിക്കൊണ്ടു പോയതായിരുന്നു എന്ന് യെൽത്സിൻ പൊലീസിനോട് പറഞ്ഞു. തന്നെ മോസ്‌കോ പാലത്തിന്റെ മുകളിൽ നിന്ന് നദിയിലേക്കെറിഞ്ഞു അവർ എന്നും പറഞ്ഞ യെൽത്സിൻ പക്ഷെ, ഈ വിവരം ആരോടും പങ്കുവെക്കരുത് എന്നും ഇതേ ഉദ്യോഗസ്ഥരോട് ചട്ടം കെട്ടി. 

ഈ നിർദേശം ഉണ്ടായിരുന്നിട്ടും പൊലീസുകാർ ഇതേപ്പറ്റി വിശദമായി അന്വേഷിച്ചു. അതോടെ സംഭവങ്ങൾ പരസ്യമായി. വലിയൊരു രാഷ്ട്രീയ വിവാദത്തിനു തന്നെ ഇത് തിരികൊളുത്തി. സംഭവം അന്വേഷണവിധേയമാക്കണം എന്ന് ഗോർബച്ചേവ് ആവശ്യപ്പെട്ടു. 

 

 

അന്വേഷണത്തിൽ ഒരു കാര്യം വെളിപ്പെട്ടു. യെൽത്സിൻ പറഞ്ഞ കഥ കള്ളമാണ്. ആ പാലത്തിന്റെ മുകളിൽ നിന്ന് യെൽത്സിൻ പറഞ്ഞ പോലെ നദിയിലേക്ക് അറിയപ്പെട്ടിരുന്നു എങ്കിൽ സാരമായ പരിക്കുകൾ അദ്ദേഹത്തിന് ഏറ്റിരുന്നെനെ. എന്ന് മാത്രമല്ല, സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ബൊക്കെ അവിടെ എങ്ങനെ വന്നു എന്നും വിശദീകരിക്കാൻ യെൽത്സിന് കഴിഞ്ഞില്ല. അന്ന് യെൽത്സിന്റെ ദേഹത്ത് എങ്ങനെ ചെളിപുരണ്ടു എന്നത് സംബന്ധിച്ച് സ്ത്രീകളും, മദ്യവും ഒക്കെ ഉൾപ്പെട്ട നിരവധി അഭ്യൂഹങ്ങൾ കെജിബി വഴി തന്നെ പറഞ്ഞു പരത്തപ്പെട്ടു. അന്നത്തെ യെൽത്സിന്റെ പ്രവൃത്തികളിൽ കുറ്റകരമായി ഒന്നും തന്നെ കണ്ടെത്തപ്പെട്ടില്ല എങ്കിലും, ഈ അഭ്യൂഹങ്ങൾ അന്ന് രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് ദോഷം ചെയ്തു. എന്നാൽ, അത് പിന്നീട് റഷ്യയുടെ പ്രസിഡന്റ് പദവിയിൽ എത്തുന്നതിൽ നിന്ന് ബോറിസ് യെൽത്സിനെ തടുക്കാൻ മാത്രം ശക്തി പ്രസ്തുത ആക്ഷേപങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നുമാത്രം. 
 

Courtesy : RBTH