മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഈ ചിത്രം കാണാതെ പോകരുത്. ചിത്രം എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് ഐഎഫ്‍എസ് ഓഫീസറായ പർവീൺ കസ്വാനാണ്.
നിങ്ങളൊരു യാത്രാസ്നേഹിയാണോ? ഒരുപാട് യാത്രകൾ ചെയ്തതുകൊണ്ടു മാത്രം നമ്മളൊരു നല്ല യാത്രാസ്നേഹി ആവണമെന്നില്ല. മറിച്ച് കാണുന്ന സ്ഥലങ്ങളോടും, പ്രകൃതിയോടും, ജീവജാലങ്ങളോടും ഒക്കെ ബഹുമാനം നിലനിൽക്കുമ്പോഴാണ് നമ്മളൊരു നല്ല യാത്രാസ്നേഹിയും നല്ല മനുഷ്യനും ആകുന്നത് അല്ലേ? ഇന്ന് പലരും പോകുന്ന വഴിയിലെല്ലാം മാലിന്യങ്ങൾ വലിച്ചെറിയുന്നവരാണ്. അതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും പെടും. എന്തിന് എവറസ്റ്റിൽ പോലും മാലിന്യങ്ങൾ കുന്നുകൂടിക്കഴിഞ്ഞു.
എന്നാൽ, അങ്ങനെ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഈ ചിത്രം കാണാതെ പോകരുത്. ചിത്രം എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് ഐഎഫ്‍എസ് ഓഫീസറായ പർവീൺ കസ്വാനാണ്. ചിത്രത്തിൽ കുറച്ച് പേർ ചേർന്ന് മാലിന്യം പെറുക്കുന്നത് കാണാം. അതിൽ അധികവും പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റുമാണ്. 'ദുക്ചെൻ ബൂട്ടിയ ഞങ്ങളുടെ റേഞ്ച് ഓഫീസറാണ്. ഒരു സംഘത്തോടൊപ്പം ഫീൽഡിൽ ഇറങ്ങിയതാണ്. വിനോദസഞ്ചാരികൾ ധാരാളം മാലിന്യങ്ങൾ വലിച്ചെറിഞ്ഞിട്ടുണ്ട്. അത് കണ്ടെത്തി ശേഖരിക്കാൻ തീരുമാനിച്ചു. അവൾ അതിന് വഴി കാണിക്കുന്നു. കാട്ടിൽ മൃഗങ്ങളെ പോലെയാണ് പെരുമാറേണ്ടത്. അവ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല' എന്നും ഐഎഫ്‍എസ് ഓഫീസർ എഴുതുന്നു.
വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏറെപ്പേരും കമന്റിട്ടത് നമ്മളിതുപോലെ ഉത്തരവാദിത്തമില്ലാതെയാണ് മിക്കപ്പോഴും പെരുമാറുന്നത് എന്നാണ്. ഒരാൾ കമന്റ് ചെയ്തത്, കുട്ടികളുടെ ഡയപ്പർ വരെ ഓരോ സ്ഥലത്തും വലിച്ചെറിയുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ഓരോ സ്ഥലങ്ങളും മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.
ഒപ്പം തന്നെ കമന്റ് ബോക്സുകളിൽ ആളുകൾ മറ്റൊരു കാര്യം കൂടി ആവശ്യപ്പെട്ടു. ഓരോ സ്ഥലത്തും മാലിന്യനിർമ്മാർജ്ജനത്തിന് കൃത്യമായ അവബോധം നൽകേണ്ടത് സർക്കാരും പ്രാദേശിക ഭരണകൂടങ്ങളുമാണ് എന്നതായിരുന്നു അത്. ജനങ്ങളിൽ കൃത്യമായ ബോധവൽക്കരണം നടത്തി അവരെ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ നിന്നും പിന്തിരിപ്പിക്കണം എന്നും അവർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
