Asianet News MalayalamAsianet News Malayalam

മരങ്ങള്‍ക്കുവേണ്ടി 'ഡോക്ടറെ' നിയമിച്ചു, ഇനി രോഗവിവരം നേരത്തെ അറിയാം...

അതേസമയം, പദ്ധതികൾ മുംബൈയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടോ എന്ന് ഇതിന് ശേഷം തീരുമാനിക്കുമെന്ന് മുംബൈ മേയർ കിഷോരി പെദ്‌നേക്കർ അറിയിച്ചു. 

tree surgeon appointed in mumbai
Author
Mumbai, First Published Jun 21, 2021, 4:14 PM IST

മനുഷ്യർക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരുണ്ട്, മരങ്ങൾക്കോ? മനുഷ്യരെ പോലെ മരങ്ങൾക്കും അസുഖം വന്നാൽ ചികിത്സിക്കാൻ ആളുകളുണ്ട്. ട്രീ സർജൻമാർ അല്ലെങ്കിൽ അർബോറിസ്റ്റ് എന്നറിയപ്പെടുന്ന അവർ മരത്തിനെ പരിശോധിച്ച് അതിന് എന്താണ് അസുഖമെന്ന് തിരിച്ചറിയുകയും അതിനെ ചികിത്സിച്ച് മാറ്റുകയും ചെയ്യുന്നു. പുറം രാജ്യങ്ങളിൽ എല്ലാം അത്തരക്കാർ ഒരുപാട് ഉണ്ടെങ്കിലും നമ്മുടെ രാജ്യത്ത് കുറവാണ്. ഇപ്പോൾ മുംബൈയിലെ റോഡിനിരുവശത്തുമുള്ള പ്രായമായ മരങ്ങളെ സംരക്ഷിക്കാൻ അത്തരം ട്രീ സർജന്മാരെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമിച്ചിരിക്കയാണ്.

മുംബൈയിൽ പഴയ മരങ്ങൾ ക്ഷയിച്ച് വീഴാതിരിക്കാനും, അത് കേടുകൂടാതെ സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഇത്. ഏതെങ്കിലും തരത്തിലുള്ള ഫംഗസ് അണുബാധകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും അപകടസാധ്യതകൾ എന്നിവ കാലേകൂട്ടി അറിയാൻ ഇത് സഹായിക്കും. വൃക്ഷത്തെ വിശകലനം ചെയ്ത ശേഷം അവർ അതിനെ സംരക്ഷിക്കാനുള്ള വഴികൾ നിർദ്ദേശിക്കുന്നു. മലബാർ ഹിൽ, ടാർഡിയോ, മുംബൈയിലെ പെദ്ദാർ റോഡ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന ബിഎംസിയുടെ ഡി വാർഡിന്റെ ചുമതല വൈഭവ് രാജെക്കാണ്. 100-150 ഓളം വരുന്ന മരങ്ങൾ അദ്ദേഹം പരിശോധിച്ച് വരുന്നു.  

നിരന്തരമായ വെള്ളപ്പൊക്കം, കനത്ത മഴ തുടങ്ങിയവമൂലം മരങ്ങൾ കടപുഴകാം. ചീഞ്ഞു തുടങ്ങിയ വേരുകൾ, ഫംഗസ് അണുബാധ തുടങ്ങി പലകാരണങ്ങളും അതിന് പിന്നിൽ ഉണ്ടാകും. അത്തരം കാര്യങ്ങൾ പുറത്തു നിന്ന് കാണാൻ കഴിയില്ല. അപകട സാധ്യത കുറയ്ക്കുന്നതിനും അവ വീഴുന്നത് തടയുന്നതിനും, മുൻകൂട്ടി അത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുക എന്നതാണ് ഏകമാർഗം, ANI -യോട് സംസാരിച്ച രാജെ വിശദീകരിച്ചു. ഇതിന് ആദ്യമായി വൃക്ഷങ്ങളുടെ പുറമെയുള്ള സവിശേഷതകൾ രേഖപ്പെടുത്തുന്നു. ഘടനാപരമായ, ശാരീരിക അപാകതകൾ, ഏതെങ്കിലും നാശത്തിന്റെയോ, രോഗത്തിന്റെയോ ലക്ഷണം, മണ്ണിന്റെയും വേരുകളുടെയും അവസ്ഥ, അത് വളരുന്ന മണ്ണിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് അവർ വിശദമായി പഠിക്കുന്നു. തുടർന്നാണ് പരിഹാരമാർ​ഗങ്ങൾ നിർദ്ദേശിക്കുന്നത്.      

ഒരു അർബറിസ്റ്റിന്റെ പ്രാധാന്യം ആളുകൾ മനസിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. 'ഇപ്പോൾ ആളുകൾ അർബറി കൾച്ചറിന്റെ മൂല്യം മനസ്സിലാക്കുന്നു. മുംബൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ജോലി ചെയ്യാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്' അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതികൾ മുംബൈയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടോ എന്ന് ഇതിന് ശേഷം തീരുമാനിക്കുമെന്ന് മുംബൈ മേയർ കിഷോരി പെദ്‌നേക്കർ അറിയിച്ചു. നഗരത്തിലെ വൃക്ഷങ്ങൾ സംരക്ഷിക്കാൻ ഇത് നല്ലൊരു മാർ​ഗമാണ് എന്നതിൽ സംശയമില്ല.  

Follow Us:
Download App:
  • android
  • ios