ദില്ലിയില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി കൂടുതല്‍ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചാലോ എന്ന് ചിന്തിച്ചത് നല്ലൊരു തുടക്കമായിരുന്നു. മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് കൃഷി ചെയ്യാന്‍ മണ്ണ് ആവശ്യമില്ലായിരുന്നു. ജൈവ കൃഷിരീതി വഴി വിഷാംശമില്ലാത്ത പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. 1960 -ലെ ഹരിത വിപ്ലവത്തെത്തുടര്‍ന്ന് കാര്‍ഷിക രംഗത്ത് അതുവരെയില്ലാത്ത ഉണര്‍വും ഉത്പാദനവും പ്രകടമായെങ്കിലും വിഷാംശമുള്ള പച്ചക്കറികള്‍ വിപണിയിലെത്താന്‍ തുടങ്ങിയെന്നത് ദോഷകരമായ വശമാണ്.

ഹൈഡ്രോപോണിക്‌സില്‍ വെള്ളത്തെ അടിസ്ഥാനമാക്കി കൃഷി ചെയ്യുന്നതുകൊണ്ട് മണ്ണിന്റെ ആവശ്യമില്ല. നമ്മള്‍ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത്രയും വെള്ളം ഹൈഡ്രോപോണിക്‌സ് കൃഷിയില്‍ ആവശ്യമില്ല. ഏകദേശം 90 ശതമാനത്തോളം വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഈ രീതി വഴി കഴിയാറുണ്ട്. അതായത് വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് മികച്ച വിളവ് ലഭിക്കാന്‍ സഹായിക്കുന്ന കൃഷിരീതിയാണിത്. ഓരേ സ്ഥലത്ത് തന്നെ നാല് പ്രാവശ്യമെങ്കിലും കൃഷി ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

ഇത് വെറും പരീക്ഷണം

2014 സെപ്റ്റംബറിലാണ് ട്രിറ്റണ്‍ ഫുഡ് വര്‍ക് എന്ന ഇവരുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി നഗരപ്രദേശങ്ങളില്‍ കൃഷി ചെയ്യാനായി പരീക്ഷണത്തിനിറങ്ങിയത്. ദീപക്, ധ്രുവ് ഖന്ന, ഉല്ലാസ് സമ്രാട്ട്, ദേവാംശു ശിവ്‌നാനി എന്നിവരാണ് ഈ ഉദ്യമത്തിന്റെ പിന്നില്‍.

2014 മൊഹാലിയില്‍ ഉല്ലാസിന്റെ കുടുംബപരമായ കൃഷിഭൂമിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അമ്മയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊടിയും മാലിന്യങ്ങളും ശ്വസിക്കാതിരിക്കാനാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. കൃഷി സ്ഥലം വൃത്തിയാക്കാനും സുരക്ഷിതമായ രീതിയില്‍ കൃഷി ചെയ്യാനും പറ്റിയ ഒരു മാര്‍ഗമായിരുന്നു ഉല്ലാസിന് ആവശ്യം.

ധ്രുവ് സിങ്കപ്പൂരിലായിരുന്നു ആ സമയത്ത്. അവിടെ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട് അപ്പ് നടത്തുകയായിരുന്നു ധ്രുവ്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന് എന്തെങ്കിലും വ്യത്യസ്തമായി ഇവിടെ തുടങ്ങാമെന്ന ചിന്തയിലായിരുന്നു. അങ്ങനെ രണ്ടുപേരും കൂടി സംസാരിച്ചാണ് ഇത്തരമൊരു ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചത്.

 

സാമ്പത്തികമായും പാരിസ്ഥിതികമായും ഗുണമുണ്ടാക്കുന്ന എന്തെങ്കിലുമായിരുന്നു ഇവരുടെ മനസ്സില്‍. നിരവധി ഗവേഷങ്ങള്‍ക്കൊടുവിലാണ് ഹൈഡ്രോപോണിക്‌സ് തിരഞ്ഞെടുക്കാമെന്ന തീരുമാനത്തിലെത്തിയത്. സിങ്കപ്പൂരിലെ കുറച്ച് ഹൈഡ്രോപോണിക്‌സ് ഫാമുകള്‍ സന്ദര്‍ശിച്ച ധ്രുവ് ഫാമുകളുടെ പ്രവര്‍ത്തനം മനസിലാക്കി. ഓണ്‍ലൈന്‍ വഴിയാണ് ഉല്ലാസ് ദീപകുമായി പരിചയപ്പെടുന്നത്. ഹൈഡ്രോപോണിക്‌സിന്റെ സാധ്യതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുമ്പോഴാണ്  ദീപകിനെ കണ്ടെത്തിയത്. സംരംഭം തുടങ്ങണമെങ്കില്‍ സാമ്പത്തികമായി പിന്തുണ ആവശ്യമുണ്ടെന്ന് മനസിലായപ്പോഴാണ് ദേവാംശു ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

'കാര്‍ഷിക മേഖലയിലും ഭക്ഷണത്തിന്റെ കാര്യത്തിലും എന്തെങ്കിലും പുതിയതായി ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. പട്ടണത്തിന്റെ പരിധിയിലുള്ള കൃഷിയായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. ഡല്‍ഹിയിലെ സൈനിക് ഫാമില്‍ ഞങ്ങള്‍ സ്‌ട്രേബെറി കൃഷി ആരംഭിച്ചു. 500 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയില്‍ 8 ടണ്‍ സ്‌ട്രോബെറികള്‍ വളര്‍ത്താനായിരുന്നു പദ്ധതി. ഇത് നഗരത്തിന്റെ പരിധിക്കുള്ളില്‍ ചെയ്യുന്നതിന് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. അപ്പോഴാണ് വ്യാവസായികാടിസ്ഥാനത്തില്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് കൃഷി മാറ്റിയത്.' ബിസിനസിന്റെ ചുക്കാന്‍ പിടിക്കുന്ന 38 -കാരനായ ദീപക് പറയുന്നു.

തുടക്കത്തില്‍ ഏതൊരു സ്റ്റാര്‍ട്ടപ്പ് പദ്ധതിയും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ട്രിറ്റണ്‍ ഫുഡ് വര്‍ക്‌സും അനുഭവിച്ചു. ഓരോ ഘട്ടത്തിലും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടി വന്നു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവരുടെ സൈനിക് ഫാം ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അധികൃതര്‍ നശിപ്പിച്ചു കളഞ്ഞു.

'ഞങ്ങള്‍ ഡല്‍ഹി സര്‍ക്കാരിനെ സമീപിച്ച് ഫാം ഉണ്ടാക്കാനാവശ്യമായ സഹായം ചെയ്തുതരാന്‍ അഭ്യര്‍ഥിച്ചു. ചില വസ്തുവില്‍പ്പനക്കാര്‍ ഞങ്ങള്‍ക്ക് കടബാധ്യതയുണ്ടാക്കിവെച്ചു. ഞങ്ങള്‍ക്ക് മുന്‍പരിചയമോ ഈ മേഖലയില്‍ സഹായിക്കാനോ ആരും ഉണ്ടായിരുന്നില്ല.' ബിസിനസിന്റെ സാമ്പത്തിക കാര്യങ്ങള്‍ നടപ്പാക്കുന്ന ദേവാംശു പറയുന്നു.

ഹൈഡ്രോപോണിക്‌സുമായി തളരാതെ മുന്നോട്ട്

'വിഷാംശമുള്ള ഭക്ഷണം കഴിക്കുന്നത് തടയുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എത്രത്തോളം വിഷാംശമുള്ള ഭക്ഷണമാണെന്ന് കഴിക്കുന്ന മനുഷ്യര്‍ ഒരിക്കലും അറിയുന്നില്ലല്ലോ. നിങ്ങള്‍ ഒരു പാക്ക് പൊട്ടറ്റോ ചിപ്‌സ് വാങ്ങുമ്പോള്‍ ഇത് എവിടെനിന്ന് വരുന്നുവെന്ന് ചിന്തിക്കാറുണ്ടോ? ആരാണ് ഉരുളക്കിഴങ്ങ് കൃഷി ചെയ്‍തത് ? വളരാനായി അയാള്‍ എന്തൊക്കെ വളപ്രയോഗം നടത്തിയെന്ന് അന്വേഷിക്കാറുണ്ടോ? ഞങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാനാണ് സാധാരണക്കാരെ പഠിപ്പിക്കുന്നത്' ധ്രുവ് പറയുന്നു.

ആയുര്‍വേദത്തിലെ ചേരുവകളും പ്രകൃതിജന്യമായ കീടനിയന്ത്രണമാര്‍ഗങ്ങളുമാണ് ഇവരുടെ ടീം നടപ്പിലാക്കിയത്. 80 ശതമാനം വെള്ളത്തിന്റെ ഉപയോഗവും കുറച്ചു.

ഇന്ത്യയില്‍ മൂന്ന് സ്ഥലങ്ങളിലായി അഞ്ച് ഏക്കറില്‍ കൂടുതല്‍ സ്ഥലത്ത് ഹൈഡ്രോപോണിക്‌സ് ഫാം ഇവര്‍ ആരംഭിച്ചു. മഹാബലേശ്വറില്‍ സ്‌ട്രോബെറി ഫാം ആയിരുന്നു ആരംഭിച്ചത്. 20 ടണ്‍ സ്‌ട്രോബെറി ഒരു വര്‍ഷം വളര്‍ത്തുന്നു. മഹാരാഷ്ട്രയിലെ വാദാ ജില്ലയില്‍ 1.25 ഏക്കര്‍ സ്ഥലത്ത് 400 ടണ്‍ തക്കാളിയും 150 ടണ്‍ വെള്ളരിയും 400 കെട്ട് ചീരയും 700 കെട്ട് പുതിനയിലയും ഇവര്‍ ഉണ്ടാക്കിയെടുത്തു.

പൂനെയില്‍ ഒരു ഏക്കറില്‍ തക്കാളിയും വെള്ളരിയും കൃഷി ചെയ്ത് മാര്‍ക്കറ്റിലെത്തിക്കുന്നു. ഹൈഡ്രോപോണിക്‌സുമായി സഹകരിക്കാന്‍ തയ്യാറുള്ള ഹൈദരാബാദിലെയും ബംഗളുരുവിലെയും കമ്പനികള്‍ക്ക് എല്ലാവിധ ഉപദേശങ്ങളും ഇവര്‍ നല്‍കുകയും ചെയ്യുന്നു.

ട്രിറ്റണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ഹൈഡ്രോപോണിക്‌സ് കൃഷിക്കായി രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കൃഷിസ്ഥലമുണ്ട്. ഒരു വര്‍ഷത്തില്‍ 700 ടണ്‍ വിഷാംശമില്ലാത്ത പച്ചക്കറികളും പഴങ്ങളും ഇവര്‍ ഉത്പാദിപ്പിക്കുന്നു.

 

ഈ കൃഷിയിലൂടെ ഒരു വര്‍ഷം 22 കോടി ലിറ്റര്‍ വെള്ളം ഇവര്‍ പാഴാക്കാതെ സൂക്ഷിക്കുന്നു. വെര്‍ട്ടിക്കല്‍ രീതിയിലുള്ള കൃഷിയായതുകൊണ്ട് പരമ്പരാഗതശൈലിയിലുള്ള കൃഷിഭൂമിയുടെ വലുപ്പവും ആവശ്യമില്ല. പരമ്പരാഗതരീതിയില്‍ 10 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കൃഷിഭൂമിയില്‍ നിന്ന് വിളവെടുക്കുന്നത് ഇവര്‍ വെറും 8 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് വിളവെടുക്കുന്നു. നഗരത്തില്‍ നിന്നും 100 കി.മീ ചുറ്റളവിനുള്ളിലുള്ള ഫാം ആയതു കാരണം മാര്‍ക്കറ്റുകളില്‍ എത്തിക്കാനും പ്രയാസമില്ല.