Asianet News MalayalamAsianet News Malayalam

കുടുംബത്തിലെ ആരെങ്കിലും കുറ്റം ചെയ്‍താല്‍ പെണ്‍കുട്ടികളെ 'ദൈവത്തിന്‍റെ ഭാര്യമാരാ'ക്കി നടതള്ളും; ഇത് ട്രോകോസി സമ്പ്രദായം

ഇന്ന് ബ്രിഗിറ്റ് ഒരു യുവതിയാണ്. തന്നെയൊരിക്കല്‍ ദൈവത്തിന്‍റെ ഭാര്യയാക്കിത്തീര്‍ത്ത ആ ആചാരത്തിന്‍റെ വേര് തിരഞ്ഞ് അവളും പുറപ്പെട്ടു. ഘാന, ടോഗോ, ബെനിന്‍ എന്നിവിടങ്ങളിലാണ് ഈ ആചാരം നിലനിന്നുപോന്നിരുന്നത്. 

Trokosi system in Africa
Author
Ghana, First Published Dec 16, 2019, 5:47 PM IST

ട്രോകോസി, അതാണ് ആ പെണ്‍കുട്ടികളെ, സ്ത്രീകളെ വിളിക്കുന്ന പേര്. 'ദൈവത്തിന്‍റെ ഭാര്യമാര്‍' എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം. ആഫ്രിക്കയിലെ ഘാനയാണ് സ്ഥലം. ഇവിടെ നൂറുകണക്കിന് പെണ്‍കുട്ടികളാണ് ആരോ ചെയ്‍ത കുറ്റത്തിന്‍റെ പേരില്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും അകത്തിമാറ്റപ്പെട്ട് ദൈവത്തിന്‍റെ ഭാര്യമാരായി ഏകാന്തജീവിതം നയിക്കേണ്ട ഗതികേടിലെത്തുന്നത്. 

''ഏഴാമത്തെ വയസ്സില്‍ അടുത്ത പ്രദേശമായ ടോഗോയില്‍ നിന്നാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത്. പിന്നീട് എന്നെ ഇവിടെയുള്ള ദേവാലയത്തില്‍ പാര്‍പ്പിച്ചു. ട്രോകോസി എന്ന ആചാരത്തിന്‍റെ ഭാഗമായിട്ടാണിതെന്നാണ് പറഞ്ഞത്. എന്തിനാണ് എന്നെ അവിടെ കൊണ്ടുചെന്നാക്കിയത് എന്ന് എനിക്കറിയില്ലായിരുന്നു.'' പറയുന്നത് ബ്രിഗിറ്റ്. ഏഴാമത്തെ വയസ്സില്‍ ദൈവത്തിന്‍റെ ഭാര്യയെന്നും പറഞ്ഞ് ഒരു ദേവാലയത്തിലെത്തിച്ചേര്‍ന്ന പെണ്‍കുട്ടി.

1997 -ല്‍ ഒരു അമേരിക്കന്‍ ടെലിവിഷന്‍ സംഘം അവിടെയെത്തി. ബ്രിഗിറ്റ് അടക്കമുള്ള ദൈവത്തിന്‍റെ ഭാര്യമാരെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടികളുടെ കഥ ഷൂട്ട് ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. 'എന്തിനാണ് ഇവിടെ കൊണ്ടുവന്നത് എന്നറിയാമോ?' എന്ന സംഘത്തിന്‍റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബ്രിഗിറ്റിന്‍റെ മറുപടി. ട്രോകോസിമാരില്‍ ഒരാളായിരുന്നു അവള്‍. ആരെങ്കിലും ചെയ്‍ത തെറ്റിനാണ് ഈ പെണ്‍കുട്ടികളെ ഇങ്ങനെ 'ദൈവത്തിന്‍റെ ഭാര്യമാരെ'ന്നും പറഞ്ഞ് ഏതെങ്കിലും ദേവാലയങ്ങളില്‍ കൊണ്ടുപോയി നടതള്ളുന്നത്. 

അമ്മാവന്‍ ചെയ്‍ത തെറ്റിനാണ് ബ്രിഗിറ്റിനെ ദൈവത്തിന്‍റെ ഭാര്യയാക്കിയത്. ഏതായാലും അമേരിക്കന്‍ ടെലിവിഷന്‍ സംഘം ചിത്രീകരിച്ച് പുറത്തുവിട്ട വിവരങ്ങള്‍ ബ്രിഗിറ്റിന്‍റെ ജീവിതം മാറ്റിത്തീര്‍ത്തു. ഘാനയിലെ ഒരു അമേരിക്കക്കാരന്‍ ഈ ദൃശ്യങ്ങള്‍ കാണാനിടയായി. അദ്ദേഹം ബ്രിഗിറ്റിനെ മോചിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും അവളെ ദത്തെടുക്കുകയും ചെയ്‍തു. 

ഇന്ന് ബ്രിഗിറ്റ് ഒരു യുവതിയാണ്. തന്നെയൊരിക്കല്‍ ദൈവത്തിന്‍റെ ഭാര്യയാക്കിത്തീര്‍ത്ത ആ ആചാരത്തിന്‍റെ വേര് തിരഞ്ഞ് അവളും പുറപ്പെട്ടു. ഘാന, ടോഗോ, ബെനിന്‍ എന്നിവിടങ്ങളിലാണ് ഈ ആചാരം നിലനിന്നുപോന്നിരുന്നത്. വിവിധ വിഭാഗക്കാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ ഇങ്ങനെ ആരെങ്കിലും ചെയ്‍ത കുറ്റങ്ങളുടെ പേരില്‍ ദൈവത്തിന് നല്‍കിപ്പോന്നു. അത്തരം ഒരു വിഭാഗമാണ് ഈവ് (EWE) ജനവിഭാഗം. അവരിലെ പ്രായമായവരെ ബ്രിഗിറ്റ് കണ്ടു. ദൈവങ്ങള്‍ക്കായി ആടിനെയും പശുക്കളെയും ഒക്കെ നല്‍കാറുണ്ടെന്ന് അവര്‍ പറയുകയുണ്ടായി. തങ്ങള്‍ ചെയ്‍ത കുറ്റത്തിന് പരിഹാരമെന്നോണമാണ് ഈ സമര്‍പ്പണം. എപ്പോഴെങ്കിലും ഇങ്ങനെ മനുഷ്യരെ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ഓരോ ദൈവത്തേയും കുറ്റത്തേയും ഒക്കെ അടിസ്ഥാനമാക്കിയിരിക്കുമെന്നും ചില ദൈവങ്ങള്‍ക്ക് മനുഷ്യരെത്തന്നെ നല്‍കേണ്ടിവരും എന്നുമായിരുന്നു അവരുടെ മറുപടി. അതായത് ട്രോകോസി സമ്പ്രദായത്തെ കുറിച്ചായിരുന്നു അവര്‍ സൂചിപ്പിച്ചത്. പക്ഷേ, പശുവിനെയും ആടിനെയുമൊന്നും പോലെ കൊന്ന് സമര്‍പ്പിക്കാറില്ല, മറിച്ച് അവരെ ഒറ്റപ്പെടുത്തുകയാണെന്നും അവര്‍ സമ്മതിച്ചു. കുടുംബത്തിലാരെങ്കിലും ചെയ്‍ത കുറ്റത്തിന് അങ്ങനെ അവര്‍ ആ കുടുംബത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടുകയും ദൈവത്തിന്‍റെ ഭാര്യമാരാക്കി മാറ്റപ്പെടുകയും ചെയ്യുകയാണ്. 

ബ്രിഗിറ്റ് ആ ട്രോകോസി ആചാരത്തില്‍നിന്നും രക്ഷപ്പെട്ടുവരുമ്പോള്‍ ഏകദേശം 5000 പേരോളം വരുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ദൈവത്തിന്‍റെ ഭാര്യമാരെന്നും പറഞ്ഞ് അവിടെ തുടരേണ്ടി വന്നിരുന്നു. ഘാനയിലെ മാത്രം കണക്കാണിത്. എന്നാല്‍, 1998 -ല്‍ ട്രോകോസി സമ്പ്രദായം നിയമപരമായി നിരോധിച്ചു. ബ്രിഗിറ്റ് മോചിപ്പിക്കപ്പെട്ടതിന് ഒരു വര്‍ഷത്തിനുശേഷമായിരുന്നു ഇത്. പക്ഷേ, ഒരു പുരോഹിതന്‍പോലും ഇതിന്‍റെ പേരില്‍ വിചാരണ ചെയ്യപ്പെട്ടില്ല. മാത്രവുമല്ല, ഇപ്പോഴും നിയമവിരുദ്ധമായി ട്രോകോസി സമ്പ്രദായം നിലവിലുണ്ട്. 

14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ബ്രിഗിറ്റ് കണ്ടുമുട്ടുകയുണ്ടായി. പന്ത്രണ്ടാമത്തെ വയസ്സില്‍ ദൈവത്തിന്‍റെ ഭാര്യയായി മാറിയവളാണവള്‍. എന്തുകൊണ്ടാണ് ഇവിടെയാക്കപ്പെട്ടതെന്ന് അറിയുമോയെന്ന ബ്രിഗിറ്റിന്‍റെ ചോദ്യത്തിന് ഇല്ലായെന്നായിരുന്നു നിസ്സഹായ ആയ ആ പെണ്‍കുട്ടിയുടെ ഉത്തരം. സ്വന്തം വീട്ടിലായിരുന്നപ്പോള്‍ താന്‍ ഒരുപാട് സന്തോഷവതിയായിരുന്നുവെന്നും വീട്ടുകാരെയെല്ലാം ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ആ പെണ്‍കുട്ടി പറഞ്ഞു. കണ്ണ് നിറഞ്ഞുകൊണ്ടാണ് ബ്രിഗിറ്റ് അവളെ കേട്ടത്. അവള്‍ക്ക് അവളുടെ അമ്മയെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. എങ്ങനെയാണ് പെണ്‍കുട്ടികളോട് ഇത്രയും ക്രൂരത കാണിക്കുന്ന ഇങ്ങനെയൊരു ആചാരത്തെ ന്യായീകരിക്കാന്‍ കഴിയുന്നത് എന്നാണ് ബ്രിഗിറ്റ് ചോദിച്ചത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങേണ്ടി വന്ന ബ്രിഗിറ്റ് പിന്നീടിപ്പോഴാണ്  വീട്ടിലേക്കും തിരികെച്ചെല്ലുന്നത്. ഗ്രാമത്തില്‍ മുമ്പും ചെന്നിട്ടുണ്ടെങ്കിലും വീട്ടുകാരെ കാണാനുള്ള ധൈര്യം അവള്‍ക്കില്ലായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ കണ്ടുമുട്ടല്‍. എന്തുകൊണ്ടാണ് തന്നെ ഇങ്ങനെ ഒരിടത്തേക്ക് പറഞ്ഞയച്ചത് എന്ന ചോദ്യത്തിന്, അമ്മാവന്‍ വീട്ടിലെ സഹായങ്ങള്‍ക്ക് എന്ന് പറഞ്ഞാണ് അവളെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത് എന്നായിരുന്നു ബ്രിഗിറ്റിന്‍റെ അച്ഛന്‍റെ മറുപടി. ഗ്രാമത്തില്‍നിന്നും അകലെയായിരുന്നു അമ്മാവന്‍റെ വീട്. പിന്നീട് അന്വേഷിച്ചപ്പോള്‍ അവള്‍ അവിടെയില്ലെന്നും എങ്ങോട്ടോ പോയി എന്നും പറയുകയായിരുന്നു അമ്മാവന്‍. ഇതുകേട്ട അച്ഛന്‍ ആ നാട് മുഴുവന്‍ അവളെ അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിനറിയില്ല, എവിടേക്കാണ് അവളെ കൊണ്ടുപോയത് എന്ന്. ബ്രിഗിറ്റ് അത് വിവരിച്ചപ്പോള്‍ അദ്ദേഹം വേദനയോടെ കേട്ടുനിന്നു. ഒടുവില്‍ 'അവള്‍ തിരിച്ചു വന്നതില്‍ ഏറെ സന്തോഷമുണ്ട്. അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണം എന്ന് തോന്നുന്നുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തിക്കോളൂ'വെന്നും വികാരഭരിതനായി അവളോട് അച്ഛന്‍ പറഞ്ഞു. അവള്‍ അച്ഛനേയും അമ്മയേയും ആശ്ലേഷിച്ചു.

ഏതായാലും ബ്രിഗിറ്റിന് കുറ്റപ്പെടുത്താനുള്ളത് അവളുടെ അച്ഛനെയല്ല. പെണ്‍കുട്ടികളെ ഇങ്ങനയൊരു ക്രൂരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന ആ ആചാരത്തെയും അത് നടപ്പിലാക്കുന്ന സമൂഹത്തെയുമാണ്. താന്‍ നടത്തിയ യാത്രയിലും രക്ഷപ്പെടലിലും തനിക്ക് സന്തോഷമുണ്ടെന്നും എന്നാല്‍, നൂറുകണക്കിന് സ്ത്രീകള്‍ ഇപ്പോഴും അത് അനുഭവിക്കുന്നുണ്ടെന്നും തനിക്കതില്‍ വേദനയുണ്ടെന്നും കൂടി അവള്‍ പറയുന്നു. 

സ്ത്രീകള്‍ മാത്രം ഇരകളാക്കപ്പെടുന്ന ഇന്ത്യയിലെ ദേവദാസി സമ്പ്രദായം പോലെയുള്ള അനേകം അറിയുന്നതും അറിയപ്പെടാത്തതുമായ ആചാരങ്ങളിലൊന്നു മാത്രമാണ് ഈ ട്രോകോസി സമ്പ്രദായവും. 

 

(കടപ്പാട്: ബിബിസി)

Follow Us:
Download App:
  • android
  • ios