Asianet News MalayalamAsianet News Malayalam

അറബ് ലോകത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി, ടുണീഷ്യയിൽ നജ്‍ല ബൗഡൻ ചുമതലയേറ്റപ്പോൾ

അവരുടെ നിയമനത്തിൽ ടുണീഷ്യയിലെ ജനറൽ ലേബർ യൂണിയനിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഉടനടി പ്രതികരണമുണ്ടായില്ല. 

Tunisias first woman prime minister Najla Bouden
Author
Tunisia, First Published Oct 4, 2021, 2:52 PM IST
  • Facebook
  • Twitter
  • Whatsapp

അറബ് ലോകത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി അധികാരത്തിലേറിയിരിക്കുന്നു. ടുണീഷ്യ(Tunisia)യുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി (first woman prime minister) ജിയോളജിസ്റ്റ് നജ്ല ബൗഡൻ (Najla Bouden) ചുമതലയേറ്റു.    

റിപ്പോർട്ടുകൾ അനുസരിച്ച്, പരിമിതമായ എക്സിക്യൂട്ടീവ് സ്വാധീനമുള്ള ഒരു സർക്കാർ രൂപീകരിക്കാൻ രാജ്യത്തെ പ്രസിഡന്റ് കൈസ് സെയ്ദ് അവരോട് ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ് പ്രസിഡന്റായ കൈസ് സെയ്ദ് ജൂലൈ 25 -ന് മുൻ പ്രധാനമന്ത്രി ഹിഷേം മിഷേഷിയെ പുറത്താക്കി സർക്കാർ പിരിച്ചുവിട്ടു. തുടർന്ന്, അദ്ദേഹം പാർലമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയും, ജുഡീഷ്യറി ഏറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഈ അധികാരം പിടിച്ചെടുക്കലിനെത്തിരെ ആഭ്യന്തരവും അന്തർദേശീയവുമായ അസംതൃപ്തി വർദ്ധിക്കുന്നതിനിടയിലാണ് പുതിയ സർക്കാർ രൂപീകരിക്കാൻ 63 -കാരിയായ നജ്ലയെ ബുധനാഴ്ച ചുമതലപ്പെടുത്തിയത്.  

പല സർക്കാർ സ്ഥാപനങ്ങളിലും വ്യാപിച്ചിരിക്കുന്ന അഴിമതിയും അരാജകത്വവും നേരിടാൻ നജ്ലയോടൊപ്പം പ്രവർത്തിക്കുമെന്ന് സായിദ് പറഞ്ഞു. 2014 ഭരണഘടന പ്രകാരം മുൻ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് നജ്‌ലയ്ക്ക് നേരിട്ടുള്ള അധികാരം കുറവായിരിക്കാം. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് -19 അടിയന്തരാവസ്ഥയും നേരിടാൻ സഹായിക്കുന്ന ഒരു താൽക്കാലിക നടപടിയാണിതെന്ന് സെയ്ദ് തന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് കൊണ്ട് പറയുന്നു.  

Tunisias first woman prime minister Najla Bouden

1958 -ൽ ടുണീഷ്യയിലെ സെൻട്രൽ കെയ്റോവൻ പ്രവിശ്യയിൽ ജനിച്ച നജ്‌ല ടുണീസിലെ നാഷണൽ സ്കൂൾ ഓഫ് എഞ്ചിനീയേഴ്സിലെ ജിയോളജി പ്രൊഫസറാണ്. പ്രധാനമന്ത്രിയായി നിയമിതയാകുന്നതിനുമുമ്പ്, ലോകബാങ്ക് പ്രോഗ്രാമുകളുടെ മേൽനോട്ടം വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിൽ ജോലി ചെയ്തു. 2011 -ൽ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഡയറക്ടർ-ജനറൽ ആയി നിയമിക്കപ്പെട്ടു. അധികം അറിയപ്പെടാത്ത അവർക്ക് രാഷ്ട്രീയപരമായി യാതൊരു മുൻപരിചയവുമില്ലെന്ന് അനഡോലു ഏജൻസി പറയുന്നു.

അവരുടെ നിയമനത്തിൽ ടുണീഷ്യയിലെ ജനറൽ ലേബർ യൂണിയനിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഉടനടി പ്രതികരണമുണ്ടായില്ല. എന്നിരുന്നാലും, ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ചേംബറിന്റെ സമ്മതമില്ലാതെ നടത്തിയ ഈ നിയമനത്തിന്റെ നിയമസാധുതയെ പാർലമെന്റ് അംഗങ്ങൾ വെല്ലുവിളിച്ചേക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യം ഒരു രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലാണ്. സെയ്ദിന്റെ അസാധാരണമായ നയങ്ങളെ തുടർന്ന് അത് കൂടുതൽ വഷളായി. തന്റെ മൊത്തം അധികാരത്തെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ഒരു നീക്കം കൂടിയാണ് ഈ പുതിയ നിയമനം എന്ന് കരുതുന്നു. ഭരണകൂടങ്ങളെ അട്ടിമറിച്ച ജനകീയ വിപ്ലവങ്ങളെത്തുടർന്ന് ഒരു ജനാധിപത്യ സർക്കാർ രൂപീകരിക്കുന്നതിൽ വിജയിച്ച ഏക അറബ് രാജ്യമെന്ന രാജ്യത്തിന്റെ പ്രതിച്ഛായയെ നജ്ല പുനരുജ്ജീവിപ്പിക്കുമെന്ന് ടുണീഷ്യയിലെ പലരും പ്രതീക്ഷിക്കുന്നു.  


 

Follow Us:
Download App:
  • android
  • ios