17 കോടി രൂപ ലോട്ടറി അടിച്ചിട്ട് 18 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ പഴയ അതേ വീട്ടില്‍ താമസിക്കുന്നു, പഴയ അതേ ജോലി തുടരുന്നു, പഴയതിലും ലളിതമായി ജീവിക്കുന്നു. 

അപ്രതീക്ഷിതമായി പണം കൈയില്‍ വരുമ്പോള്‍ പലരും സ്വയം മതിമറക്കാറുണ്ട്. അതുവരെ നയിച്ച ജീവിതമായിരിക്കില്ല പിന്നീടങ്ങോട്ട്. വലിയ വീട്, കാര്‍, ഒരുപാട് ജോലിക്കാര്‍ എന്നിങ്ങനെ തീര്‍ത്തും ആര്‍ഭാടപൂര്‍വ്വമായ ഒരു ജീവിതമായിരിക്കും അവരുടേത്. എന്നാല്‍ പണം കണ്ട് കണ്ണ് മഞ്ഞളിക്കാത്തവരുമുണ്ട്. 

സൗത്ത് യോര്‍ക്ക്‌ഷെയറിലെ ട്രിഷ് എംസണ്‍ അതിനൊരുദാഹരണമാണ്. 17 കോടി രൂപ ലോട്ടറി അടിച്ചിട്ട് 18 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ പഴയ അതേ വീട്ടില്‍ താമസിക്കുന്നു, പഴയ അതേ ജോലി തുടരുന്നു, പഴയതിലും ലളിതമായി ജീവിക്കുന്നു. 

Image courtesy: The Mirror

2003 -ലാണ് ട്രിഷ് എംസണ് 1.7 മില്യണ്‍ പൗണ്ടിന്റെ (17.22 കോടി രൂപ) ലോട്ടറി അടിക്കുന്നത്. ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയായിരുന്നു അവര്‍ക്ക്. ദാരിദ്യത്തിനും, കഷ്ടപ്പാടിനും ഇടയില്‍ ജീവിതം നയിച്ചിരുന്ന അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ തുകയായിരുന്നു. അത്. വേണമെങ്കില്‍ മറ്റേതൊരാളെയും പോലെ അവര്‍ക്കും വലിയ വീടും, കാറും, വിലകൂടിയ വസ്ത്രങ്ങളും സ്വന്തമാക്കാമായിരുന്നു. എന്നാല്‍ ആ അപ്രതീക്ഷിത വിജയം ജീവിതത്തെ മാറ്റിമറിക്കാന്‍ അവള്‍ അനുവദിച്ചില്ല.


സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അവര്‍ തന്റെ പഴയ ജീവിതം ഉപേക്ഷിച്ചിട്ടില്ല. 51 വയസ്സുള്ള ട്രിഷ് ഇന്നും പതിവ് പോലെ പ്രൈമറി സ്‌കൂളില്‍ ജോലിയ്ക്ക് പോകുന്നു. തന്റെ പങ്കാളിയായ ഗ്രഹാം നോര്‍ട്ടനൊപ്പം റോഥര്‍ഹാമിലുള്ള പഴയ വാടക വീട്ടിലാണ് താമസിക്കുന്നത്. 

അതേസമയം, ലോട്ടറി അടിച്ചതായിരുന്നില്ല തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് അവള്‍ പറയുന്നു. ജാക്ക്പോട്ട് സ്വന്തമാക്കിയതിന് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് അവള്‍ ഗര്‍ഭിണിയായത്. അതായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം. അഞ്ച് വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന്റെ ഒടുവില്‍ അവള്‍ അമ്മയായ നിമിഷമായിരുന്നു അത്. 

മകന്‍ ബെഞ്ചമിനു ഇപ്പോള്‍ 17 വയസ്സാണ്. അടുത്തുള്ള ഒരു സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവന്‍ ഇന്ന്. 'പണം നിങ്ങളെ ഒരു മികച്ച ആളാക്കുന്നില്ല. പണം ഉണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ വെറുതെ പൊങ്ങച്ചം കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് അങ്ങനെ സ്‌റ്റൈലൊക്കെ കാണിച്ച് ജീവിക്കാന്‍ കഴിയില്ല' -ട്രിഷ് പറഞ്ഞു.

'എന്നെ കണ്ടാല്‍ ഞാന്‍ ഒരു കോടീശ്വരിയാണെന്ന് ആരും പറയില്ലായിരിക്കാം. പക്ഷേ ആളുകളെ കാണിക്കാന്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കാനൊന്നും എന്നെ കിട്ടില്ല. കാരണം എനിക്ക് ഞാനായിരിക്കാനാണ് ഇഷ്ടം. '-അവള്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് കിട്ടിയ പണത്തില്‍ നിന്ന് അവള്‍ ആകെ വാങ്ങിയത് ഒരു കാരവനായിരുന്നു. ഇപ്പോള്‍ തനിക്ക് രണ്ട് കാരവന്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് താന്‍ അത് വാങ്ങിയതെന്നും അവള്‍ പറഞ്ഞു. കൂടതെ അവധിദിവസങ്ങളില്‍ സ്‌പെയിനിലേയ്ക്ക് യാത്ര പോയിരുന്നുവെന്നും, അമ്മക്കൊപ്പം ഒരു ക്രൂയിസില്‍ യാത്ര ചെയ്തിരുന്നെന്നും ട്രിഷ് പറഞ്ഞു. അത്തരം ചെറിയ ചെറിയ സന്തോഷങ്ങളില്‍ തൃപ്തയാണ് അവള്‍.