'ഇതൊക്കെ എപ്പോ സംഭവിച്ചു' എന്നായിരുന്നു കോടതിയില്‍ എത്തിയപ്പോള്‍ അയാളുടെ പ്രതികരണം.   

അടിച്ച് പൂസായ ഒരു മുന്‍ സൈനികന്‍ വീട്ടിലെത്താനായി വഴിയില്‍ കിടന്ന ഡബിള്‍ ഡക്കര്‍ ബസ് മോഷ്ടിച്ചു. പാതി ബോധത്തില്‍ ബസ്സോടിച്ച അയാള്‍ വരുത്തിയത് ആറായിരം പൗണ്ടിന്റെ (അഞ്ചു ലക്ഷം രൂപയിലേറെ) നാശനഷ്ടങ്ങള്‍. ഒടുവില്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍, 'ഇതൊക്കെ എപ്പോ സംഭവിച്ചു' എന്നായിരുന്നു അയാളുടെ പ്രതികരണം.

ഇംഗ്‌ളണ്ടിലെ ഡോര്‍സെറ്റിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 -ന് 52 -കാരനായ സ്റ്റീഫന്‍ മക്കാര്‍ട്ടന്‍ ഒരു സുഹൃത്തിനോടൊപ്പം ഡോര്‍സെറ്റിലെ പൂളില്‍ പോയിരുന്നു. അവിടെവെച്ച് മദ്യപിച്ച് ലക്ക്‌കെട്ട സ്റ്റീഫന്‍ അല്‍പ്പം കഴിഞ്ഞ് സുഹൃത്തുമായി വേര്‍പിരിഞ്ഞു. വീട്ടിലേക്ക് മടങ്ങാം എന്ന ചിന്തയില്‍ അയാള്‍ പുലര്‍ച്ചെ ഒരു മണിക്ക് പട്ടണത്തിലെ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്ന് മൂന്ന് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാംവര്‍ത്തി ഗ്രാമത്തിലാണ് അയാളുടെ വീട്. ഒറ്റബസും ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ ബസ് സ്റ്റേഷനില്‍ എത്തിയ മുന്‍ എഞ്ചിനീയര്‍ കൂടിയായ സ്റ്റീഫന്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ഡബിള്‍ ഡെക്കര്‍ ബസിന്റെ വാതിലുകള്‍ തുറന്ന് മുകളിലത്തെ ഡെക്കിലേക്ക് കയറി അവിടെ കിടന്ന് ഒരു മണിക്കൂര്‍ ഉറങ്ങി. സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ അയാള്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

ഉറക്കമുണര്‍ന്നിട്ടും അയാള്‍ക്ക് വെളിവ് വന്നില്ല. അയാള്‍ നേരെ ഡ്രൈവരുടെ സീറ്റില്‍ കയറി ബസ് സ്റ്റാര്‍ട്ട് ചെയ്തു, വീട്ടിലേയ്ക്ക് പുറപ്പെട്ടു. 120 ടണ്‍ ഭാരമുള്ള ബസ് ഓടിച്ചു അയാള്‍ ബസ് സ്റ്റേഷന്റെ പുറത്ത് വന്നു. തുടര്‍ന്ന് വീട്ടിലേയ്ക്ക് വണ്ടി ഓടിച്ചു. പോകും വഴിയിലുള്ള റെയിലിംഗിലേക്കും അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഫിയറ്റ് പാണ്ട കാറിലേക്കും ഒക്കെ വാഹനം ഇടിച്ചു കയറ്റി. കണ്ടതെല്ലാം ഇടിച്ചു വന്ന വണ്ടി ഒടുവില്‍ എന്‍ജിന്‍ ഓഫാക്കാതെ വഴിയില്‍ ഉപേക്ഷിച്ച് കക്ഷി വീട്ടിലേക്ക് മടങ്ങി. 

മദ്യപിച്ച് വാഹനം ഓടിച്ച അയാള്‍ ഇതിനകം ഏകദേശം ആറായിരം പൗണ്ടിന്റെ (5.83 ലക്ഷം രൂപ) നാശനഷ്ടമാണ് വരുത്തിയത്. ഒടുവില്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് സ്റ്റീഫന്‍ അവകാശപ്പെട്ടു. എന്നാല്‍ സംഭവിച്ചതില്‍ താന്‍ വളരെ ഖേദിക്കുന്നുവെന്നും അയാള്‍ പറഞ്ഞു.

സ്റ്റീഫന്‍ കടുത്ത വിഷാദരോഗത്തിനും, ഉത്കണ്ഠക്കും അടിമയാണെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്നു രാത്രി 10 മണിയോടെ ഉത്കണ്ഠയെ പെട്ടെന്ന് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മരുന്ന് സ്റ്റീഫന്‍ കഴിച്ചതായും അതിനാല്‍ സംഭവിച്ചതൊന്നും പ്രതിക്ക് ഓര്‍ക്കാന്‍ സാധിക്കുന്നില്ല എന്നും അഭിഭാഷകയായ ഇവാ റസ്സല്‍ കോടതിയോട് പറഞ്ഞു. 

1992 -നും 1995 -നും ഇടയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ റോയല്‍ എഞ്ചിനീയേഴ്‌സില്‍ സേവനമനുഷ്ഠിച്ച സ്റ്റീഫന്, തന്റെ ജീവിതകാലത്ത് നിരവധി ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും, കടുത്ത ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന ഒരാളാണ് അയാളെന്നും ഇവാ കോടതിയില്‍ പറഞ്ഞു. 

എന്തായാലും കേസില്‍ സ്റ്റീഫന്‍ കുറ്റം സമ്മതിച്ചിരിക്കയാണ്. എങ്കിലും തല്‍കാലത്തേയ്ക്ക് കോടതി ശിക്ഷ വിധിച്ചില്ല. പകരം, തനിക്ക് നിയമം അനുസരിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ആറ് മാസത്തെ സമയം കോടതി സ്റ്റീഫന് അനുവദിച്ചു. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ ജയിലില്‍ പോകേണ്ടി വരും. നഷ്ടപരിഹാരമായി 250 പൗണ്ട് നല്‍കണമെന്നും കോടതി അയാളോട് ആവശ്യപ്പെട്ടു.