നമ്മുടെ സമൂഹത്തില്‍ സമത്വം വരണമെങ്കില്‍ അതിന് തുടക്കമിടേണ്ടത് വീടും വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെയാണ്. പലപ്പോഴും അറിഞ്ഞും അറിയാതെയും പാഠപുസ്തകങ്ങളും കുട്ടികള്‍ക്കുള്ള മറ്റ് പുസ്തകങ്ങളുമെല്ലാം സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ ചട്ടക്കൂടുകളിലാണ് കയറ്റിനിര്‍ത്താറുള്ളത്. ഇതിന്റെ ഭാഗമായി സ്ത്രീകളെ വീട്ടിലെ ജോലിയും മറ്റും ചെയ്യുന്നവരായും പുരുഷന്മാരെ വ്യത്യസ്തങ്ങളായ ജോലി ചെയ്യുന്നവരുമായെല്ലാം ചിത്രീകരിക്കാറുണ്ട്. പക്ഷേ, ഇപ്പോഴിതാ യുകെ -യിലെ ഭൂരിഭാഗം സ്‌കൂള്‍ പുസ്തകങ്ങളും അച്ചടിക്കുന്ന പ്രസാധകരും എജ്യുക്കേഷൻ കമ്പനിയുമായ പിയേഴ്‌സണ്‍,  ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകളെയും ലിം​ഗവിവേചനപരമായ ചിത്രീകരണത്തെ കുറിച്ചുമെല്ലാമുള്ള കാര്യങ്ങള്‍ പുന:പരിശോധിക്കാനുള്ള മാർ​ഗനിർദ്ദേശം തന്നെ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ അഗ്നിരക്ഷാസേനാംഗങ്ങളായോ പുരുഷന്മാര്‍ ചെടിക്ക് വെള്ളം നനക്കുന്നവരായോ ഒക്കെ പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം. 

ദ ഫോസെറ്റ് സൊസൈറ്റിയുമായി ചേര്‍ന്നുള്ള ഈ നീക്കം പെണ്‍കുട്ടികളെ ബഹിരാകാശ യാത്രികര്‍, മെക്കാനിക്കുകള്‍, അഗ്നിരക്ഷാസേനാംഗങ്ങള്‍ എന്നിവയൊക്കെയായി ചിത്രീകരിക്കുമ്പോള്‍ ആണ്‍കുട്ടികളെ കേക്ക് നിര്‍മ്മിക്കുന്നതായും അടുക്കളയില്‍ ജോലി ചെയ്യുന്നതായും നൃത്തമത്സരത്തിന് ഒരുങ്ങുന്നതായുമെല്ലാം ചിത്രീകരിക്കുമെന്നാണ് പറയുന്നത്. പുരുഷന്മാര്‍ക്ക് ഇന്ന ജോലി, സ്ത്രീകള്‍ക്ക് ഇന്ന ജോലി എന്ന വാര്‍പ്പ് മാതൃകകളെ ഉടച്ചുപണിയുമെന്നും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമുള്ളത് എന്ന രീതിയില്‍ ഒന്നും പുസ്തകത്തിലുണ്ടാവില്ലായെന്നും പ്രസാധകര്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെയുള്ള ലിംഗവിവേചനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പിയേഴ്‌സണ്‍ പുതിയ മാറ്റത്തിന് തയ്യാറെടുക്കുന്നത്. 

ഫോസെറ്റ് സൊസൈറ്റി നടത്തിയ ഒരു സര്‍വേയില്‍ 51 ശതമാനം പേര്‍ ലിംഗവിവേചനം തങ്ങളുടെ കരിയര്‍ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തിയതായി അഭിപ്രായപ്പെട്ടിരുന്നു. 45 ശതമാനം പേര്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേകരീതിയിലാണ് തങ്ങൾ പെരുമാറേണ്ടത് എന്ന് കരുതിയിരുന്നതായും വെളിപ്പെടുത്തി.

കുട്ടികള്‍ക്കായി പഠന സാമഗ്രികള്‍ സൃഷ്ടിക്കുമ്പോള്‍ ഇത്തരം പക്ഷപാതപരമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് പിയേഴ്സൺ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ ലോലഹൃദയമുള്ളവരാണെന്നും പുരുഷന്മാര്‍ ഉറച്ച ഹൃദയമുള്ളവരാണ് എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. പരമ്പരാഗതമായി പുരുഷന്മാര്‍ക്ക് എന്ന് പറഞ്ഞുവരുന്ന ജോലികളില്‍ സ്ത്രീകളെയും, സ്ത്രീകള്‍ക്ക് എന്ന് വിശ്വസിക്കുന്ന ജോലികളില്‍ പുരുഷന്മാരെയും ചിത്രീകരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

'സ്ത്രീകളെ ബിസിനസ് ഉടമയായും, വീട് പെയിന്റ് ചെയ്യുന്നവരായും, ലാബ് കോട്ട് ധരിച്ചിരിക്കുന്നവരായും കാര്‍ ശരിയാക്കുന്നവരായുമെല്ലാം ചിത്രീകരിക്കാം. അതുപോലെ പുരുഷന്മാരെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നവരായും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കേക്കുണ്ടാക്കുന്നവരായും പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്നവരായുമെല്ലാം ചിത്രീകരിക്കാം' എന്നും ഇതില്‍ പറയുന്നു. സ്ത്രീകളായ റോബോട്ടുകള്‍, ദിനോസറുകള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയെല്ലാം ചിത്രീകരിക്കാം. അതേസമയം അവയെ ചിത്രീകരിക്കുമ്പോള്‍ ലിം​ഗവിവേചനപരമായ കാര്യങ്ങളൊഴിവാക്കണം. ഉദാഹരണത്തിന്, പെണ്ണാണ് എന്ന് കാണിക്കാൻ മൃഗങ്ങൾക്ക് നീളമുള്ള കണ്‍പീലികള്‍ വരക്കുന്നത്. 

ഗ്രാഫുകള്‍, ടാലി, ഡാറ്റ എന്നിവയെല്ലാം നല്‍കുമ്പോഴും ലിംഗവിവേചനം വരാതെ ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഉദാഹരണത്തിന് ശമ്പളത്തിന്റെ കാര്യത്തില്‍ ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളേക്കാള്‍ ശമ്പളം വാങ്ങുന്നു -ഇത്തരത്തിലുള്ള പരാമര്‍ശങ്ങളും ഒഴിവാക്കണം. അതുപോലെ ചില വാക്കുകള്‍ പ്രയോഗിക്കുമ്പോഴും കരുതലാവശ്യമാണ്. ഉദാഹരണത്തിന് മാന്‍കൈന്‍ഡ് (mankind) എന്നതിനുപകരം ഹ്യുമന്‍കൈന്‍ഡ് (humankind) എന്നുപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

പ്രൈമറി ക്ലാസുകൾക്കായി ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത ജുങ്കോ താബെയ് ടൈറ്റിലായി വരുന്ന ഒരു പുസ്തകം പിയേഴ്‌സണ്‍ ബഗ് ക്ലബ് പങ്കുവെച്ചിട്ടുണ്ട്. അതുപോലെ 'മൈ ഷാഡോ ആന്‍ഡ് മീ' എന്ന പുസ്തകത്തില്‍ പറയുന്നത് നന്നായി കുട്ടികളെ പരിചരിക്കുന്ന ഒരു സിംഗിള്‍ ഫാദറിനെ കുറിച്ചാണ് എന്നും പ്രസാധകര്‍ പറയുന്നു. കമ്പനിയുടെ വിവിധ രാജ്യങ്ങളിലുള്ള ജീവനക്കാര്‍ക്ക് ബോധപൂർവമോ അബോധപൂർവമോ ഉള്ള ലിം​ഗവിവേചനപരമായ പരാമർശങ്ങളും ചിത്രീകരണങ്ങളും പുസ്തകത്തിൽനിന്നും ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശം കമ്പനി നല്‍കിക്കഴിഞ്ഞുവെന്നാണ് ഡെയ്ലി മെയിൽ എഴുതുന്നത്. 

(ചിത്രങ്ങൾ: പ്രതീകാത്മകം, കടപ്പാട് ​ഗെറ്റി ഇമേജസ്)