അഖുന്ദ്‌സാദ സർവകലാശാലകൾ അടയ്‍ക്കാൻ ഉത്തരവിട്ടു, അത് അടച്ചു. തുറക്കാൻ ഉത്തരവിട്ടാൽ അത് അപ്പോൾ തന്നെ തുറക്കും. ഞങ്ങളുടെ എല്ലാ നേതാക്കളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്, മന്ത്രിമാരടക്കം എന്നും ഉപദേഷ്ടാവ് എപി -യോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പുന:പ്രവേശനം നൽകാൻ തയ്യാറാണ്, എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് താലിബാൻ ഭരണാധികാരിക്ക് മാത്രമേ പറയാൻ സാധിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉപദേഷ്ടാവ്. കഴിഞ്ഞ ഡിസംബറിലാണ് താലിബാൻ വിദ്യാർത്ഥിനികളെ കോളേജിൽ നിന്നും വിലക്കിയത്. ഇത് ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ തന്നെ ഇവിടെ ആറാം ക്ലാസിനുശേഷം പെൺകുട്ടികൾ സ്കൂളിൽ പോകേണ്ടതില്ല എന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചിരിക്കുന്ന ലോകത്തിലെ ഏക രാജ്യവും അഫ്ഗാനിസ്ഥാനാണ്.
അഫ്ഗാനിസ്ഥാന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം ആ സമയത്ത് പറഞ്ഞത് സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നത് തടയാൻ സർവകലാശാലയിൽ വിദ്യാർത്ഥിനികൾക്ക് നിരോധനം അത്യാവശ്യമാണ് എന്നായിരുന്നു. അതുപോലെ പഠിപ്പിക്കുന്ന ചില വിഷയങ്ങൾ ഇസ്ലാമിന്റെ തത്വങ്ങൾ ലംഘിക്കുന്നതാണ് എന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. അഖുന്ദ്‌സാദ ഇക്കാര്യത്തിൽ മറിച്ചെന്തെങ്കിലും പറയുന്നത് വരെ നിരോധനം തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് അഖുന്ദ്‌സാദ നൽകിയാൽ ഉടനെ തന്നെ വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാൻ സർവകലാശാലകൾ തയ്യാറാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉപദേഷ്ടാവ് മൊൾവി അബ്ദുൾ ജബ്ബാർ പറഞ്ഞത്. എന്നാൽ, അത് എന്ന് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല എന്നും അബ്ദുൾ ജബ്ബാർ വ്യക്തമാക്കി.
അഖുന്ദ്‌സാദ സർവകലാശാലകൾ അടയ്‍ക്കാൻ ഉത്തരവിട്ടു, അത് അടച്ചു. തുറക്കാൻ ഉത്തരവിട്ടാൽ അത് അപ്പോൾ തന്നെ തുറക്കും. ഞങ്ങളുടെ എല്ലാ നേതാക്കളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്, മന്ത്രിമാരടക്കം എന്നും ഉപദേഷ്ടാവ് എപി -യോട് പറഞ്ഞു.
അതേ സമയം തന്നെ താലിബാൻ ഭരണത്തിലേറി രണ്ട് വർഷം പൂർത്തിയാകാൻ പോകുന്ന വേളയിലാണ് ഈ അഭിപ്രായം എന്നതും ശ്രദ്ധേയമാണ്.
