യുഎസ്സിലുള്ള ഒരു കുടുംബത്തിന് കഴിഞ്ഞ ആറ് മാസത്തിനിടെ ലഭിച്ചത് ഓർഡർ ചെയ്യാത്ത നൂറിലധികം ആമസോൺ പാക്കേജുകൾ ലഭിച്ചു. പ്രശ്നത്തിന് പരിഹാരമാകാതെ വലഞ്ഞ് കുടുംബം.
നമ്മൾ ഒന്നും ഓർഡർ ചെയ്യുന്നില്ല, എന്നാൽ നിരന്തരം നമ്മുടെ വീട്ടിലേക്ക് പാഴ്സലുകൾ വന്നുകൊണ്ടേയിരിക്കുന്നു, എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു സംഭവമാണ് അങ്ങ് വാഷിംഗ്ടൺ ഡിസിയിലുണ്ടായത്. ഇവിടെ ഒരു കുടുംബത്തിന് നിരന്തരം ആമസോൺ പാക്കേജുകൾ ലഭിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ നൂറിലധികം പാക്കേജുകളാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. അടുത്തുള്ള ഒരു ഹോട്ടലിന്റെ വിലാസത്തിന് പകരം ഇവരുടെ വിലാസം തെറ്റി കൊടുത്തതാണ് ഇതിന് കാരണം എന്നാണ് എൻബിസി 4 വാഷിംഗ്ടൺ റിപ്പോർട്ട് ചെയ്യുന്നത്.
വീട്ടിലെ താമസക്കാരിയായ ബ്രിട്ടാനി പറയുന്നത് ഒരു മൈൽ അകലെയുള്ള ആർലോ ഹോട്ടലിൽ താമസിക്കുന്ന അതിഥികൾ ഓൺലൈനായി ഓർഡർ നൽകുമ്പോൾ അബദ്ധത്തിൽ തന്റെ വീട്ടുവിലാസം കൊടുക്കുന്നതായി സംശയിക്കുന്നു എന്നാണ്. ഒപ്പം ആമസോണിന്റെ സജസ്റ്റഡ് ഡെലിവറി ലിസ്റ്റിൽ ഹോട്ടലുകളുടെ വിലാസത്തിന് മുന്നിൽ തന്റെ വിലാസം പ്രത്യക്ഷപ്പെടുന്നുവെന്നും ഇത് കാരണമാണ് ആളുകൾക്ക് അബദ്ധം പറ്റുന്നത് എന്ന് കരുതുന്നു എന്നും അവർ പറഞ്ഞു.
ആമസോണുമായും ഹോട്ടലുമായും ബന്ധപ്പെട്ടിട്ടും, ഇപ്പോഴും സാധനങ്ങൾ വീട്ടിലേക്കാണ് വരുന്നത്. ഒരിക്കലും ഓർഡർ ചെയ്യാത്ത സാധനങ്ങൾ വരെ വീട്ടിലേക്ക് വരുന്നു, ഇതുകൊണ്ട് ആകെ വലഞ്ഞിരിക്കുകയാണ് എന്നും ഇവർ പറയുന്നു. 'കാറ്റ് ഫുഡ് മുതൽ വിറ്റാമിൻ സപ്ലിമെന്റുകളും ചെയിൻസോയും വരെ ഞങ്ങൾക്ക് ലഭിച്ചു. ഭാഗ്യവശാൽ അത് തിരികെ എടുക്കാൻ വന്നു, ഞങ്ങൾ വാതിൽ തുറന്നില്ല, ഒന്നും ചോദിച്ചുമില്ല' എന്നും ബ്രിട്ടാനി പറഞ്ഞു.
ആമസോണിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ആർലോയിലെ അതിഥികൾ ഹോട്ടലിന്റെ വിലാസമാണ് നൽകുന്നത്. എന്നാൽ, ഓപ്ഷൻ ലിസ്റ്റിലെ ഹോട്ടലിന്റെ വിലാസത്തിന് മുമ്പായി പ്രത്യക്ഷപ്പെടുന്ന തന്റെ വിലാസത്തിൽ അബദ്ധത്തിൽ ക്ലിക്ക് ചെയ്യുകയാണ് എന്നും ബ്രിട്ടാനി വിശ്വസിക്കുന്നു. വിലാസങ്ങൾ തമ്മിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ. പലപ്പോഴും രാത്രികളിൽ വരെയും പാക്കേജുകൾ എത്തും, ഡോർബെല്ലടിക്കും കുട്ടികളൊക്കെ ഉള്ളപ്പോൾ അത് ബുദ്ധിമുട്ടാണ് എന്നും ബ്രിട്ടാനി പറഞ്ഞു.


