‘ട്രിഗർ ഫിഷ്’ എന്ന് പേരുള്ള ഒരു മൽസ്യം അതിന്റെ വിചിത്രമായ രൂപം കാരണം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു. മലേഷ്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ ഒരു വിചിത്രരൂപമുള്ള മത്സ്യത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമം വഴി പങ്ക് വെക്കുകയുണ്ടായി. ഈ മത്സ്യത്തെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത് അതിന്റെ ചുണ്ടുകളും പല്ലുകളും ഒരു മനുഷ്യന്‍റേത് പോലെയാണ് എന്നതാണ്.  ചിത്രം ഓൺ‌ലൈനിൽ പോസ്റ്റുചെയ്‍തതുമുതൽ, ഇത് വൈറലായി. മത്സ്യത്തെ കണ്ട് ആളുകൾ ആശ്ചര്യപ്പെട്ടു.  

പലരീതിയിലുള്ള പ്രതികരണമാണ് ആളുകളിൽ ഇന്ന് ലഭിക്കുന്നത്. ചില നെറ്റിസൻ‌മാർ‌ മത്സ്യത്തിന്റെ ഫോട്ടോ ആഞ്ചലീന ജോളിയെപ്പോലെയിരിക്കുന്നു എന്ന് തമാശയായി പറഞ്ഞു. ഒരാൾ തന്നെക്കാൾ മനോഹരമായ ചുണ്ടാണ് മത്സ്യത്തിന് എന്നും പറയുകയുണ്ടായി. ഇന്തോ-പസഫിക് മേഖലയിൽ കാണപ്പെടുന്ന ട്രിഗർ ഫിഷ് തെക്ക് കിഴക്കൻ ഏഷ്യൻ ജലാശയങ്ങളിൽ സുലഭമാണ്.

ബലിസ്റ്റഡ ഫാമിലിയില്‍ പെടുന്ന ട്രിഗർ ഫിഷിൽ മിക്കതിനും വലിയ തലയുള്ള ഓവൽ ആകൃതിയിലുള്ള ശരീരമാണുള്ളത്. ശക്തമായ താടിയെല്ലോടു കൂടിയ വായയും പല്ലുകളും ഉള്ള ഇവ ഷെല്ലുകൾ തകർക്കാൻ പ്രാപ്‍തമാണ്. അക്രമസ്വഭാവത്തിന് പേരുകേട്ടവയാണ് ട്രിഗര്‍ ഫിഷ്. ഇവയ്ക്ക് രണ്ട് നട്ടെല്ലുകൾ ഉള്ളതിനാൽ ഇവയെ ട്രിഗർ ഫിഷ് എന്ന് വിളിക്കുന്നു. കഴിഞ്ഞ വർഷം, ഒരു ചൈനീസ് ഗ്രാമത്തിലെ ജലാശയത്തിൽ കാണപ്പെട്ട മനുഷ്യസമാനമായ മറ്റൊരു മത്സ്യത്തിന്റെ ചിത്രങ്ങളും ഇത് പോലെ വൈറലായിരുന്നു.