ഇന്ന് നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 56-ാം ചരമവാർഷിക ദിനമാണ്. 1964 മെയ് 27 -ന്, തന്റെ 74-ാം വയസ്സിൽ ഹൃദയാഘാതം വന്നു മരിക്കും വരേയ്ക്കും അദ്ദേഹം രാജ്യത്ത് അക്ഷരാർത്ഥത്തിൽ  സർവ്വസമ്മതനായ ഒരു പ്രധാനമന്ത്രി തന്നെയായിരുന്നു. കേരളത്തിന്, വിശിഷ്യാ തിരുവന്തപുരത്തിന് പണ്ഡിറ്റ്‌ജിയുമായി ഒരു 'രക്തബന്ധ'മുണ്ട്. ഇനി പറയാൻ പോകുന്നത് അതിനെപ്പറ്റിയാണ്.

1948ൽ, അന്നത്തെ തിരുവിതാംകൂർ സർക്കാറാണ് തിരുവനന്തപുരത്ത് ഒരു 'മെഡിക്കൽ കോളേജ്' വേണം എന്ന തീരുമാനത്തിലെത്തുന്നത്. അറിയപ്പെടുന്ന ബാക്ടീരിയോളജി, മൈക്രോബയോളജി വിദഗ്ധനായിരുന്ന ആയിരുന്ന ഡോ. സി ഓ കരുണാകരനെ സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി ഒരു സമിതിയെ സാധ്യതാ പഠനത്തിന് നിയോഗിച്ചു. ആ സമിതിയുടെ റിപ്പോർട്ട് അതേ വർഷം ഒക്ടോബറിൽ അംഗീകരിക്കപ്പെട്ടു.  കോളേജ് സ്ഥാപിക്കാൻ വേണ്ടി 139 ഏക്കർ സ്ഥലം അന്നത്തെ രാജാവായ ശ്രീ ചിത്തിര തിരുന്നാൾ അനുവദിച്ചു നൽകി. സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന ഡോ. സി ഓ കരുണാകരൻ തന്നെയായിരുന്നു മെഡിക്കൽ കോളേജിന്റെ ആദ്യത്തെ ഡീനും. ഈ ചരിത്രദൗത്യത്തിൽ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത് ഡോ. കേശവൻ നായർ ആയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനമാരംഭിച്ചപ്പോൾ അതിന്റെ ആദ്യത്തെ  സൂപ്രണ്ടും ഡോ. കേശവൻ നായർ തന്നെയായിരുന്നു.

 

ഡോ. കേശവൻ നായർ, ഡോ. സി ഓ കരുണാകരൻ 

1950 ജനുവരി 26 -ന് അന്നത്തെ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മെഡിക്കൽ കോളജ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു. പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കപ്പെട്ടു. 1951 -ൽ തന്നെ ഏതുവിധേനയും കോളേജിന്റെ പ്രവർത്തനം തുടങ്ങണം എന്ന്  ഡോ. സി ഓ കരുണാകരനും, ഡോ. കേശവൻ നായരും  മനസ്സിൽ ഉറപ്പിച്ചിരുന്നു. അത് മുടങ്ങാതിരിക്കാൻ വേണ്ടി  മെഡിക്കൽ കോളേജിന്റെ രണ്ടു വിങ്ങിന്റെയും നിർമാണം പൂർത്തിയാക്കി അതിന്റെ ഉദ്‌ഘാടനം 1951 നവംബർ 27 -ന് നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങിന് വേണ്ടി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്നെ തിരുവനന്തപുരത്ത് എത്തി. അത് കേവലം സാങ്കേതികമായ ഉദ്‌ഘാടനമായിരുന്നു. കോളേജിലെ ആശുപത്രി പ്രവർത്തന സജ്ജമാകുന്നതും അതിന്റെ ഉദ്‌ഘാടനം നടത്തപ്പെടുന്നതായും പിന്നെയും മൂന്നു വർഷം കഴിഞ്ഞ് 1954 -ലാണ്. 

തലസ്ഥാനത്തെ സുപ്രസിദ്ധ ന്യൂറോളജിസ്റ്റും, മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മുൻ പ്രൊഫസറും, അറിയപ്പെടുന്ന വൈദ്യശാസ്ത്ര ചരിത്രകാരനുമായ ഡോ. കെ. രാജശേഖരൻ നായർ അന്നത്തെ സംഭവങ്ങളെപ്പറ്റിയുള്ള തന്റെ ഓർമ്മകൾ ഏഷ്യാനെറ്റ് ന്യൂസ്.കോമിനോട് പങ്കിട്ടു.  1951 - ൽ നെഹ്‌റു ആദ്യമായി തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹം ചെറുപ്പമാണ്. പത്തോ പതിനൊന്നോ വയസ്സുമാത്രം പ്രായം. എന്നാൽ രണ്ടാം വട്ടം, ആശുപത്രിയുടെ പ്രവർത്തനോദ്‌ഘാടനത്തിനായി 1954 ഫെബ്രുവരി 8 -ന് തിരുവനന്തപുരത്ത് വന്നതിന്റെ ദീപ്തസ്മരണകൾ ഈ ജീവിത സായാഹ്നത്തിലും അദ്ദേഹത്തിനുണ്ട്. അന്നദ്ദേഹം സിക്സ്ത്ത് ഫോമിൽ, അതായത് ഇന്നത്തെ ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന കാലമാണ്. ഉദ്‌ഘാടനം ചെയ്ത ശേഷം അടുത്ത ദിവസം പുത്തരിക്കണ്ടത്തോ മറ്റോ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുക കൂടി ചെയ്തിട്ടാണ് നെഹ്‌റു മടങ്ങിയത്. ആ സംഭവങ്ങൾക്ക് ഡോ. രാജശേഖരൻ നായർ സാക്ഷിയാണ്. 

 


 

അങ്ങനെ രണ്ടാം വട്ടം നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയുടെ  പ്രവർത്തനോദ്‌ഘാടനത്തിനായി സ്ഥലത്തെത്തിയപ്പോഴാണ് കേരളവുമായി നേരത്തെ പറഞ്ഞ 'രക്തബന്ധം' ഉടലെടുക്കുന്നത്. ഗേറ്റിന്റെ ഗ്രിൽസിൽ കുടുങ്ങിയ ഹാരം ഊരിയെടുക്കുന്നതിനിടെ കമ്പിയിൽ തട്ടി നെഹ്‌റുവിന്റെ കൈ മുറിഞ്ഞ് ചോരയൊഴുകുന്നു. കൈ മുറിഞ്ഞ്  ചോരവന്നപാടേ അധികൃതർ അദ്ദേഹത്തെ നേരെ പുതിയ മെഡിക്കൽ കോളേജിന്റെ ഒപിയിലേക്ക് കൊണ്ടുപോയി. അവിടെ  ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ ആദ്യത്തെ ടിക്കറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ എടുക്കപ്പെടുന്നു.

അന്ന്, നെഹ്‌റുവിന്റെ മുറിവ് ഡ്രസ് ചെയ്തു നൽകിയത്, ആശുപത്രി സൂപ്രണ്ടായ ഡോ. കേശവൻ നായർ ആയിരുന്നു. അങ്ങനെ വളരെ വിശേഷപ്പെട്ട ഒരു VVIP രോഗിയെ ചികിത്സിച്ചുകൊണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക്, ഒരർത്ഥത്തിൽ ശുഭാരംഭമായി എന്നുതന്നെ പറയാം.

ഇന്ന് നെഹ്‌റുവിന്റെ 56-ാം ചരമവാർഷിക ദിനത്തിൽ ഈ ചരിത്ര സംഭവത്തിന്റെ ഓർമകൾക്ക് മിഴിവേറുകയാണ്.