Asianet News MalayalamAsianet News Malayalam

ഒരാൾ ദിവസം 7,000 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വരെ ശ്വസിക്കുന്നുവെന്ന് പഠനം, പുകയില പോലെ ആരോഗ്യത്തിന് ഭീഷണി

കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ നിന്ന് കുടുംബം ഓരോ ദിവസവും 2,000 മുതൽ 7,000 വരെ മൈക്രോപ്ലാസ്റ്റിക്കുകൾ ശ്വസിക്കാൻ സാധ്യതയുണ്ടെന്ന് സംഘം കണ്ടെത്തി. 

we breath  in up to 7000 microplastic particles every day
Author
UK, First Published Nov 11, 2021, 12:23 PM IST

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ നമുക്കെല്ലാം അറിവുള്ളതാണെങ്കിലും, ഇപ്പോൾ പുറത്തുവരുന്ന ഒരു പുതിയ പഠനത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഒരാൾ പ്രതിദിനം 7,000 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ(Microplastic Particles) വരെ ശ്വസിക്കുന്നുവെന്നാണ് പഠനം(study) വെളിപ്പെടുത്തുന്നത്. പുകയില പോലെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാവുന്ന ഒരു ഭീഷണിയാണ് ഇതെന്ന് പഠനത്തിൽ പറയുന്നു.  

യുകെയിലെ പോർട്ട്‌സ്മൗത്ത് ഹോസ്പിറ്റൽസ് ട്രസ്റ്റാണ് പഠനം നടത്തിയത്. പഠനത്തിൽ വളരെ സെൻസിറ്റീവായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് 10 മൈക്രോണിൽ താഴെ വലിപ്പമുള്ള ചെറിയ കണങ്ങളെ എണ്ണിയത്. മനുഷ്യന്റെ മുടിയുടെ വീതിയുടെ പത്തിലൊന്ന് വലുപ്പം മാത്രമേ അതിനുള്ളൂ. സിന്തറ്റിക് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച കിടക്ക, പരവതാനി, കളിപ്പാട്ടങ്ങൾ, പോളിസ്റ്റർ, നൈലോൺ എന്നിവയാണ് പ്ലാസ്റ്റിക് ഏറ്റവും കൂടുതൽ പുറന്തള്ളുന്ന വസ്തുക്കളെന്ന് പഠനം പറയുന്നു. മൈക്രോപ്ലാസ്റ്റിക്കുകൾ അലിഞ്ഞ് ഇല്ലാതാകുന്നില്ല, അതുകൊണ്ട് തന്നെ അവ അപകടകരമാണെന്ന് പോർട്ട്‌സ്മൗത്ത് ഹോസ്പിറ്റൽസ് ട്രസ്റ്റിലെ ശ്വസന വിദഗ്ധനായ പ്രൊഫസർ അനൂപ് ചൗഹാൻ പറഞ്ഞു.

"നിങ്ങളുടെ ശരീരത്തിൽ ഈ കണങ്ങൾ പ്രവേശിച്ചാൽ സമ്മർദ്ദത്തിനും, മെറ്റബോളിസത്തിലെ മാറ്റത്തിനും കാരണമാകും. ഇത് പ്രതിരോധശേഷി, അണുബാധകൾക്കെതിരെ പോരാടാനുള്ള കഴിവ്, നിങ്ങളുടെ പ്രത്യുൽപാദന ശേഷി എന്നിവയെ തകരാറിലാക്കും. കൂടാതെ, ഇത് ക്യാൻസറിന് കാരണമാകാം" ചൗഹാൻ പറഞ്ഞു. തെക്ക്-കിഴക്കൻ ലണ്ടനിലെ ബെക്കൻഹാമിലെ ഒരു ബ്രിട്ടീഷ് റിപ്പോർട്ടറുടെ വീട്ടിൽ വച്ചാണ് പഠനം നടത്തിയത്. അവിടെ എട്ട് വയസ്സുള്ള പെൺകുട്ടിയുടെ മുറിയിലായിരുന്നു ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയത്. കാരണം സിന്തറ്റിക് വസ്തുക്കളിൽ നിന്നാണ് അവളുടെ കിടക്കയും, പരവതാനിയും, കളിപ്പാട്ടങ്ങളും നിർമ്മിച്ചിരിക്കുന്നത്. അവളുടെ കിടപ്പുമുറിയിൽ ഓരോ മിനിറ്റിലും 28 പ്ലാസ്റ്റിക് കണികകളും, അടുക്കളയിൽ നിന്ന് ഒരു മിനിറ്റിൽ രണ്ട് പ്ലാസ്റ്റിക് കണികകളും ഗവേഷകർ കണ്ടെത്തി. പഠനത്തിന് നേതൃത്വം നൽകിയത് പരിസ്ഥിതി മലിനീകരണ വിദഗ്ധനായ ഫെയ് കോസിറോവാണ്.  

കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ നിന്ന് കുടുംബം ഓരോ ദിവസവും 2,000 മുതൽ 7,000 വരെ മൈക്രോപ്ലാസ്റ്റിക്കുകൾ ശ്വസിക്കാൻ സാധ്യതയുണ്ടെന്ന് സംഘം കണ്ടെത്തി. ആസ്ബറ്റോസ്, കൽക്കരി അല്ലെങ്കിൽ സിഗരറ്റ് എന്നിവയുടെ പുക ശ്വസിക്കുമ്പോലെ തന്നെ അപകടസാധ്യതയുള്ള ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ. നമ്മുടെ വീടുകളിൽ മറഞ്ഞിരിക്കുന്ന ഒരു അപകടമാണിതെന്ന് ചൗഹാൻ പറഞ്ഞു. ദൈനംദിന ജീവിതത്തിൽ നാം ശ്വസിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവിനെ സൂചിപ്പിക്കുന്ന ആദ്യ പഠനമാണിത്. മൈക്രോ പ്ലാസ്റ്റിക്കുകൾ നശിക്കാതെ ശരീരത്തിൽ തന്നെ നിലനിൽക്കുന്നുവെന്നും ഇത് കോശങ്ങൾക്ക് വീക്കത്തിനും സമ്മർദ്ദത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്കം, ഗർഭപാത്രം, ശ്വാസകോശം, തുടങ്ങിയ മനുഷ്യരിലെ സുപ്രധാന അവയവങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ കൂടുതലായി കാണപ്പെടുന്നു. ഇത് കൂടാതെ, കുടലിലും, രക്തത്തിലും അവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios