വിവാഹത്തിന്റെ വിവരങ്ങൾ മാത്രമല്ല, മറിച്ച് കൊറോണ പകർച്ചവ്യാധി ഒഴിവാക്കുന്നതിനായി നമ്മൾ പാലിക്കേണ്ട മുൻകരുതലുകളും അതിൽ ചേർത്തിട്ടുണ്ട്.
ഛത്തീസ്‌ഗഢിലെ(Chhattisgarh) ജഷ്പൂർ(Jashpur) ജില്ലയിലെ ഒരു യുവാവിന്റെ വിവാഹ ക്ഷണക്കത്ത്(Wedding invitation) ഇപ്പോൾ അതിവേഗം വൈറലാവുകയാണ്. അദ്ദേഹം ഒരു സർക്കാർ ജീവനക്കാരനാണ്. തന്റെ ജോലിയോടുള്ള താല്പര്യം കാരണം അദ്ദേഹം ക്ഷണക്കത്ത് ആധാർ കാർഡിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വരന്റെ പേര് ലോഹിത് സിംഗ്. ഈ കാർഡിന്റെ ലേഔട്ട് കണ്ടാൽ ഒറ്റനോട്ടത്തിൽ ആർക്കും ആശയക്കുഴപ്പമുണ്ടാകും.
എന്നാൽ, ഇത് വൈറലായതോടെ കാർഡിന്റെ സർഗ്ഗാത്മകതയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്. ജഷ്പൂർ ജില്ലയിലെ അങ്കിര ഗ്രാമത്തിലാണ് യുവാവ് താമസിക്കുന്നത്. ഈ കത്തിന് പിന്നിലെ ആശയം അദ്ദേഹത്തിന്റെ മാത്രമാണ്. ക്ഷണക്കത്തിൽ വിവാഹത്തിന്റെ എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ അത് ആധാർ കാർഡിന്റെ രൂപത്തിലാണ് എന്ന് മാത്രം. ആധാർ നമ്പറിന്റെ സ്ഥാനത്ത് വിവാഹത്തീയതി എഴുതിയിരിക്കുന്നു. കൂടാതെ, മറ്റ് വിശദാംശങ്ങളായ വരന്റെ പേര്, വധുവിന്റെ പേര്, വിവാഹസ്ഥലം - എല്ലാം ആധാർ ശൈലിയിലാണ് പരാമർശിച്ചിരിക്കുന്നത്. ഗ്രാമത്തിൽ തന്നെ ഒരു പൊതുസേവന കേന്ദ്രം നടത്തുകയാണ് ലോഹിത് സിംഗ്. കൂടാതെ, ഗ്രാമത്തിൽ ഇന്റർനെറ്റും വിവാഹ കാർഡ് പ്രിന്റിംഗും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് ജോലികളും അദ്ദേഹം ചെയ്യുന്നു. തന്റെ ഗ്രാമത്തിലെ താമസക്കാർക്കായി ആധാർ കാർഡുകൾ തയ്യാറാക്കുന്നതും അദ്ദേഹത്തിന്റെ ജോലിയിൽ ഉൾപ്പെടുന്നു.
നിലവിൽ ഈ കാർഡ് രാജ്യത്തുടനീളം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കൊറോണ മഹാമാരി മൂലം ആളുകളെ വീടുകളിൽ പോയി ക്ഷണിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പകരം, അതിഥികൾക്ക് അദ്ദേഹം ക്ഷണക്കത്തുകൾ മെയിൽ വഴി അയച്ചു കൊടുത്തു. വിവാഹത്തിന്റെ വിവരങ്ങൾ മാത്രമല്ല, മറിച്ച് കൊറോണ പകർച്ചവ്യാധി ഒഴിവാക്കുന്നതിനായി നമ്മൾ പാലിക്കേണ്ട മുൻകരുതലുകളും അതിൽ ചേർത്തിട്ടുണ്ട്. ജഷ്പൂർ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ഹേമ ശർമ്മ ഈ കാർഡ് കാണാൻ ഇടയായി. കൊറോണയിൽ നിന്ന് സംരക്ഷിക്കാനുള്ള വളരെ നല്ല സന്ദേശമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്ന് അവർ അഭിപ്രായപ്പെട്ടു. മഹാമാരിക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ ഗ്രാമത്തിലെ യുവാക്കൾ നല്ല രീതിയിൽ മുൻകൈ എടുക്കുന്നുണ്ടെന്നും ഇതോടൊപ്പം അവർ പറഞ്ഞു.
ഇതിന് മുമ്പും, വിവാഹക്കാർഡുകൾ അവയുടെ വിചിത്രമായ ഉള്ളടക്കത്തിന്റെ പേരിൽ തലക്കെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അത്തരം കാർഡുകളിലൊന്നിൽ, കർഷക സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളായിരുന്നു എഴുതിയിരുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ്, ഒരു അഭിഭാഷകൻ അദ്ദേഹത്തിന്റെ വിവാഹക്കത്ത് കോടതി സമൻസ് ശൈലിയിൽ അച്ചടിക്കുകയുണ്ടായി. അതുപോലെ മറ്റൊന്നിൽ, ആതിഥേയൻ തന്റെ അതിഥികളോട് സാമൂഹ്യ അകലം പാലിക്കാൻ അഭ്യർത്ഥിക്കുന്നതായും കാണാം.
