Asianet News MalayalamAsianet News Malayalam

ചാരപ്രവർത്തനത്തിന് പിടിയിലായ പാക് ഹൈക്കമ്മീഷൻ ജീവനക്കാരെ തിരിച്ചയക്കാൻ കാരണമായ 'നയതന്ത്ര പരിരക്ഷ' എന്താണ് ?

ഒരു ഇന്ത്യൻ പൗരന് പണവും ഐഫോണും നൽകി പകരമായി ഈ രേഖകൾ വാങ്ങുന്നതിനിടെയാണ് പാക് ഹൈക്കമ്മീഷൻ ജീവനക്കാർ പിടിക്കപ്പെട്ടത്. 

what is this diplomatic immunity that helped pak high commission employee to be sent back despite espionage?
Author
Delhi, First Published Jun 6, 2020, 12:51 PM IST

കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ ഗവൺമെന്റ് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തിരുന്ന രണ്ടു ജീവനക്കാരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നതാണ് ഇങ്ങനെ ഒരു ഉത്തരവിടാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു. ഇരുവരെയും ചാരപ്രവർത്തനം നടത്തുന്നതിനിടെ ഇന്ത്യൻ ഇന്റലിജൻസും പൊലീസും ചേർന്ന് കയ്യോടെ പിടികൂടുകയായിരുന്നത്രെ. 
 
കരോൾബാഗിലെ ബിക്കാനീർവാല ചൗക്കിൽ വെച്ചാണ് ഹൈക്കമീഷനിലെ രണ്ടു ജീവനക്കാർ അറസ്റ്റിലായത് എന്ന് ദില്ലി പൊലീസിലെ സ്‌പെഷ്യൽ സെല്ലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പിടിക്കപ്പെടുമ്പോൾ അവരുടെ കയ്യിൽ ഇന്ത്യൻ ഗവൺമെന്റിലെ അതീവ രഹസ്യ സ്വഭാവത്തിലുള്ള പല രേഖകളുടെയും കോപ്പികൾ ഉണ്ടായിരുന്നു. ഒരു ഇന്ത്യൻ പൗരന് പണവും ഐഫോണും നൽകി പകരമായി ഈ രേഖകൾ വാങ്ങുന്നതിനിടെയാണ് ആബിദ് ഹുസ്സൈൻ, മുഹമ്മദ് താഹിർ ഖാൻ, ജാവേദ് ഹുസ്സൈൻ എന്നീ പാക് ഹൈക്കമ്മീഷൻ ജീവനക്കാർ പിടിക്കപ്പെട്ടത്. സംശയാസ്പദമായ നീക്കങ്ങൾ കാരണം മാസങ്ങളായി ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു ഇവർ എന്നും പൊലീസ് പറയുന്നു.  

 

what is this diplomatic immunity that helped pak high commission employee to be sent back despite espionage?

 

അറസ്റ്റുചെയ്യപ്പെട്ടവരുടെ കയ്യിൽ വ്യാജ ആധാർ കാർഡുകളും ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ തങ്ങൾ പാക് ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ ഏജന്റുമാരാണ് എന്ന് അവർ സമ്മതിച്ചു. ദില്ലി പൊലീസിന് മിലിട്ടറി ഇന്റലിജൻസിൽ നിന്ന് കിട്ടിയ രഹസ്യവിവരമാണ് ഇവരെ നിരീക്ഷിക്കുന്നതിലേക്കും, ഒടുവിൽ തെളിവുസഹിതം പിടികൂടുന്നതിലും ചെന്നെത്തിയത്. 

ഇത് ആദ്യമായിട്ടൊന്നും അല്ല ചാരപ്രവർത്തനത്തിന്റെ പേരിൽ ഒരു പാക് ഹൈക്കമീഷൻ ഉദ്യോഗസ്ഥൻ ഇന്ത്യൻ മണ്ണിൽ പിടിക്കപ്പെടുന്നത്. 2016 -ൽ മെഹ്മൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥൻ പിടിക്കപ്പെട്ട സംഭവം ഏറെ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. നയതന്ത്ര പരിരക്ഷ ഉള്ളതിനാലാണ് അന്ന് മെഹ്മൂദിനെ അറസ്റ്റു ചെയ്യാതെ വിട്ടയക്കേണ്ടി വന്നത്. അന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചു വരുത്തി അന്ന് ഇന്ത്യൻ പ്രതിനിധി പ്രതിഷേധമറിയിക്കുകയും ഉണ്ടായതാണ്. 

ഇത്തവണയും, ഹൈക്കമ്മീഷനിലെ നയതന്ത്ര പ്രതിനിധികൾ നടത്തിയ ഈ നിയമവിരുദ്ധമായ ചാരപ്രവർത്തനത്തിൽ അമർഷം രേഖപ്പെടുത്തിക്കൊണ്ട് ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് പാക് ഹൈക്കമ്മീഷന് ഒരു ഡീമാർഷ്‌ (demarche) ഇഷ്യൂ അഥവാ 'രേഖാമൂലമുള്ള അതൃപ്തി' ചെയ്യുകയുണ്ടായി. അതിനോട് പ്രതികരിക്കാൻ പാക് ഹൈക്കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല. എന്തായാലും ഹൈക്കമ്മീഷൻ ജീവനക്കാർ എന്ന നിലയ്ക്ക് ഈ മൂന്നുപേർക്കും 'നയതന്ത്ര പരിരക്ഷ' അഥവാ 'ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി' ഉള്ളതുകൊണ്ട് അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പകരം നാടുകടത്താനാണ് ഇന്ത്യയുടെ തീരുമാനം. 

എന്താണ് നയതന്ത്ര പരിരക്ഷ ? 

ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്ക് ആ രാജ്യത്ത് ലഭ്യമായ ഒരു സവിശേഷ പരിരക്ഷയാണ് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി. അത് ഉള്ള ഉദ്യോഗസ്ഥരെ ആ രാജ്യത്ത് വെച്ച് സിവിലോ ക്രിമിനലോ ആയ വിചാരണയ്ക്ക് വിധേയരാക്കാൻ സാധിക്കില്ല. അതിനി എന്ത് കുറ്റം ആരോപിക്കപ്പെട്ടാലും ശരി. 

നയതന്ത്ര പരിരക്ഷയെപ്പറ്റി പറയും മുമ്പ് മൂന്ന് കാര്യങ്ങൾ മനസ്സിലാക്കണം. 

ഒന്ന്, കോമൺ വെൽത്ത് രാജ്യങ്ങൾ : മുൻകാലങ്ങളിൽ ബ്രിട്ടന്റെ ഭരണത്തിന് കീഴിൽ ഉണ്ടായിരുന്നിട്ടുള്ള രാജ്യങ്ങളെയാണ് ഇന്ന് നമ്മൾ കോമൺ വെൽത്ത് രാജ്യങ്ങൾ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. ഈ കൂട്ടായ്മയിൽ 54 രാജ്യങ്ങളുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഒക്കെ ഇതിൽ അംഗങ്ങളാണ്. 

രണ്ട്, ഹൈക്കമ്മീഷൻ : എല്ലാ കോമൺവെൽത്ത് രാജ്യങ്ങൾക്കും മറ്റുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽ ഹൈക്കമ്മീഷൻ എന്ന പേരിൽ ഒരു ഓഫീസ് ഉണ്ട്. ഇന്ത്യക്ക് മറ്റുള്ള 53 കോമൺ വെൽത്ത് രാജ്യങ്ങളിലും തങ്ങളുടെ ഹൈക്കമീഷൻ ഉണ്ട്. അപ്പോൾ പിന്നെ എന്താണീ എംബസി എന്നൊരു ചോദ്യം വരാം. കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടത്തിൽ പെടാത്ത രാജ്യങ്ങൾക്കിടയിലെ നയതന്ത്ര സമ്പർക്കത്തിന് വേണ്ടിയുള്ള ഓഫീസുകളാണ് എംബസികൾ എന്നപേരിൽ അറിയപ്പെടുന്നത്. ഉദാ. ഇന്ത്യ കോമൺവെൽത്ത് ആണ്, അമേരിക്ക അല്ല.  അതുകൊണ്ട് അമേരിക്കയ്ക്ക് ഇന്ത്യയിൽ ഉള്ളത് എംബസി ആണ്. ഹൈക്കമ്മീഷൻ അല്ല. തിരിച്ച് അമേരിക്കയിൽ ഇന്ത്യക്കുള്ളതും എംബസി തന്നെയാണ്. അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയിലും, തിരിച്ചങ്ങോട്ടും ഉള്ളത് ഹൈക്കമ്മീഷൻ ആണ്, എംബസി അല്ല. 

മൂന്ന്, വിയന്ന കൺവെൻഷൻ : കൺവെൻഷൻ എന്നുവെച്ചാൽ സമ്മേളനം. എംബസികളുടെയും ഹൈക്കമ്മീഷനുകളുടെയും പ്രവർത്തനങ്ങൾക്ക് ഒരു പൊതു ചട്ടം കൊണ്ടുവരാൻ വേണ്ടി 1961 -ലാണ് ലോകത്തിലെ പരമാധികാര രാജ്യങ്ങൾ എല്ലാം ചേർന്നുകൊണ്ട് വിയന്നയിൽ ഒരു സമ്മേളനം കൂടുന്നത്. അത് എംബസി/ഹൈക്കമ്മീഷനുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമസംഹിതകൾ ഉണ്ടാക്കി. ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ മറ്റൊരു രാജ്യം അവരുടെ മണ്ണിൽ എങ്ങനെ പരിചരിക്കും എന്നതുൾപ്പെടെ പലതിനും ഒരു തീരുമാനമുണ്ടാകുന്നത് വിയന്ന കൺവെൻഷനിൽ വെച്ചാണ്. 

മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളിലും വ്യക്തത വന്ന സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം. എന്താണ് നയതന്ത്ര പരിരക്ഷ അഥവാ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി. ഇമ്യൂണിറ്റി എന്ന വാക്ക് കൊവിഡ് വന്ന ശേഷം ഒട്ടുമിക്കവരും പരിചയിച്ച കഴിഞ്ഞതാണ്. ശരീരത്തിന്റെ ഇമ്യൂണിറ്റി എന്നത് രോഗാണുക്കളുടെ ആക്രമണത്തെ തടുക്കാനുള്ള അതിന്റെ കഴിവാണ്. ഇമ്യൂണിറ്റി ശക്തമാണെങ്കിൽ രോഗത്തിന് ശരീരത്തെ അത്ര എളുപ്പത്തിൽ കീഴടക്കാൻ സാധിക്കില്ല.

വിയന്ന കൺവെൻഷനിൽ ആണ് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി എന്ന സങ്കൽപം ഉടലെടുക്കുന്നത്. ഒരു രാജ്യത്തെ പൗരൻ, മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ജോലി ചെയ്യുമ്പോൾ അയാൾക്ക് സ്വാഭാവികമായും അവിടത്തെ ജനങ്ങളോടും നിയമപരിപാലന, നീതിന്യായ വ്യവസ്ഥയോടും ഒക്കെ അറിഞ്ഞോ അറിയാതെയോ ഇടപെടേണ്ടി വന്നേക്കും. രണ്ടു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം അതിർത്തിയിലെ എന്തെങ്കിലും പ്രശ്നങ്ങളുടെ പേരിൽ വഷളായാൽ ചിലപ്പോൾ അതിന്റെ പേരിൽ നയതന്ത്ര പ്രതിനിധികൾക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് അന്നേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു പ്രത്യേക നിയമ പരിരക്ഷ അവർക്ക് കണ്ടറിഞ്ഞ് നല്കപ്പെട്ടിട്ടുള്ളതും. എന്നത് നൽകിയത് വിശേഷിച്ച് ഭയപ്പാടൊന്നും കൂടാതെ അന്യരാജ്യത്ത് ചെന്ന് ജോലിചെയ്യാൻ ഉദ്യോഗസ്ഥർക്ക് സാധിക്കട്ടെ എന്ന് കരുതിയാണ്. ഇന്ത്യയും പാകിസ്ഥാനും അടക്കം, ലോകത്തെ 187 രാജ്യങ്ങൾ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി എന്ന സങ്കല്പത്തെ മാനിക്കുന്നുണ്ട്. 

എന്തൊക്കെയാണ് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി കൊണ്ടുള്ള ഗുണങ്ങൾ?

ഒന്ന്, ഒരു രാജ്യത്തിന് അന്യരാജ്യത്തിന്റെ നയതന്ത്ര പ്രതിനിധി സ്വന്തം രാജ്യത്തെ എന്തെങ്കിലും നിയമം തെറ്റിച്ചു എന്ന് തോന്നിയാൽ പോലും സ്വന്തം രാജ്യത്തെ നിയമമനുസരിച്ച് ആ പ്രതിനിധിയെ വിചാരണ ചെയ്യാൻ സാധിക്കില്ല. രണ്ട്, ഒരു നയതന്ത്ര പ്രതിനിധിയെ അറസ്റ്റു ചെയ്യാനോ, കസ്റ്റഡിയിൽ എടുക്കാനോ സാധിക്കില്ല. മൂന്ന്, വിദേശ നയതന്ത്ര പ്രതിനിധികളുടെ വീട്ടിൽ കടന്നുകയറി പരിശോധന നടത്താനോ, മറ്റു നടപടികൾ സ്വീകരിക്കാനോ സാധിക്കില്ല. 

അപ്പോൾ ഈ നയതന്ത്ര പ്രതിനിധികൾ വിദേശരാജ്യത്തെ തങ്ങളുടെ ജോലിക്കിടെ എന്തെങ്കിലും നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഒന്നും ചെയ്യാനാകില്ലേ? ഒരു നടപടി മാത്രമാണ് ഈ ഘട്ടത്തിൽ ഉള്ളത്. ആ പ്രതിനിധിയെ 'Persona Non Grata' അഥവാ അസ്വീകാര്യനായ വ്യക്തി എന്ന് മുദ്രകുത്തി നിശ്ചിത സമയത്തിനകം നാടുവിട്ട് തിരികെ സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യപ്പെടാം. ഈ നടപടി രണ്ടു രാജ്യങ്ങൾക്കിടയിൽ സ്വീകരിക്കപ്പെടുന്ന ഏറ്റവും കടുപ്പമുള്ള നയതന്ത്ര നടപടിയായാണ് കണക്കാക്കപ്പെടുന്നത്. ഈ ആക്ഷൻ തന്നെയാണ് ഇപ്പോൾ പാകിസ്ഥാനെതിരെ ഇന്ത്യൻ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളതും. 

Follow Us:
Download App:
  • android
  • ios