ഗോട്ടബായ രാജപാക്‌സെ ശ്രീലങ്കൻ പ്രസിഡന്റാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. കഴിഞ്ഞ ഈസ്റ്റർ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിനു ശേഷം പ്രബലമായ ഒരു നേതൃത്വം വേണം എന്ന വികാരം ശ്രീലങ്കൻ ജനതയിൽ ശക്തിപ്പെട്ടിരുന്നു. അതുതന്നെയാണ് പുലികളെ അടിച്ചമർത്തിയ ഗോട്ടബായ രാജപാക്‌സെയെ വിജയത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. രാജ്യത്തെ സിംഹളഭൂരിപക്ഷ പ്രദേശങ്ങളിൽ ഗോട്ടബായ്ക്ക് കനത്ത ഭൂരിപക്ഷം തന്നെ ലഭിച്ചിട്ടുണ്ട്. രാജപാക്‌സെ കുടുംബത്തിൽ നിന്നൊരാള്‍ വീണ്ടും പ്രസിഡണ്ടാവുകയാണ് ഇതോടെ. ആരാണ് ഈ ഗോട്ടബായ രാജപാക്‌സെ? എന്താണ് അദ്ദേഹത്തിന്റെ ചരിത്രം?

 

ഗോട്ടബായ രാജപാക്‌സെ ശ്രീലങ്കൻ മിലിട്ടറിയിൽ ലെഫ്റ്റനന്റ് കേണൽ വരെ ആയ ശേഷം വിരമിച്ച് വിദേശത്ത് ജോലിതേടിപ്പോയ ആളാണ്. ലോസ് എൻജെലസിലെ ലയോള ലോ സ്‌കൂളിൽ സിസ്റ്റംസ് ഇന്റഗ്രേറ്റർ ആയും യൂണിക്സ് സൊളാരിസ് അഡ്മിനിസ്ട്രേറ്റർ ആയും മറ്റും ജോലി ചെയ്തശേഷം, 2005 -ൽ തന്റെ സഹോദരൻ മഹിന്ദ രാജപക്‌സെയുടെ പ്രസിഡൻഷ്യൽ കാമ്പെയ്ൻ മാനേജരായിട്ടാണ് തിരികെ ശ്രീലങ്കയിലേക്കെത്തുന്നത്. 

തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡണ്ടായ മഹിന്ദ, സഹോദരൻ ഗോട്ടബായയെ പ്രതിരോധ വകുപ്പിലെ പെർമനന്റ് സെക്രട്ടറിയായി നിയമിച്ചു. പ്രസിഡന്റായ ഉടനെ മഹിന്ദ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ ഒന്ന് തമിഴ് പുലികളെ അടിച്ചമർത്തുക എന്നതായിരുന്നു. അതിന് ചുക്കാൻ പിടിക്കാനുള്ള ചുമതല മഹിന്ദ ഏല്പിച്ചതാകട്ടെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായ ഗോട്ടബായയെയും. മുപ്പതുവര്‍ഷമായി രാജ്യത്ത് അശാന്തി പടർത്തുന്ന തമിഴ്‍പുലി ശല്യത്തെ വേരോടെ പിഴുതെറിയാൻ എന്തും ചെയ്തുകൊള്ളാനുള്ള അനുവാദം സഹോദരനിൽ നിന്ന് ഗോട്ടബായ്ക്ക് അന്ന് കിട്ടി. ആ തീരുമാനം കാരണമായത് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രൂരമായ മർദ്ദന-ബലാത്സംഗ-കൊലപാതകങ്ങളുടെയും ഒരു പരമ്പരക്ക് തന്നെയായിരുന്നു.

 

ബ്രിട്ടീഷ് ചാനൽ ആയ ചാനൽ ഫോർ, 'കില്ലിംഗ് ഫീൽഡ്സ് ഓഫ് ശ്രീലങ്ക' എന്ന പേരിൽ ഒരു ഡോകുമെന്ററി തന്നെ നിർമ്മിക്കുകയുണ്ടായി. അതിൽ ശ്രീലങ്കയിലെ സാധാരണക്കാരായ ജനങ്ങൾ അവരുടെ മൊബൈലിലും മറ്റും ഷൂട്ട്‌ചെയ്ത രംഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ബ്രിട്ടീഷ് ടിവി ചരിത്രത്തിലെ ഏറ്റവും ഭീതിദമായ കലാപസാക്ഷ്യങ്ങളിൽ ഒന്നാണ് അത്.

ചില വീഡിയോകൾ സിംഹളരായ പട്ടാളക്കാർ തന്നെ ഷൂട്ടുചെയ്ത വീഡിയോകളാണ്. അതിൽ പിടിക്കപ്പെടുന്ന പുലികളെ പൂർണ്ണനഗ്നരാക്കി കണ്ണുകളിൽ കറുത്ത തുണികെട്ടി, കൈകൾ പിന്നിലേക്ക് ചേർത്ത് ബന്ധിച്ച്, മർദ്ദിച്ചവശരാക്കിയ ശേഷം തലക്ക് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് അവരെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പുലികൾക്കെതിരായ ആഭ്യന്തരയുദ്ധം അതിന്റെ അവസാനത്തിലേക്കടുത്ത് 2009 അവസാനത്തിലാണ് ഈ കൊടിയ ക്രൂരതകൾ അരങ്ങേറിയത്. LTTE അനുഭാവം ആരോപിച്ചുകൊണ്ട് പട്ടാളം നിരവധി യുവതികളെ ബലാത്സംഗം ചെയ്ത വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. അതിൽ ഇസൈപ്രിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടെലിവിഷൻ അവതാരകയും ഉൾപ്പെടും. കീഴടങ്ങാൻ തയ്യാറായി വെള്ളക്കൊടിയും പേറിവരുന്ന പുലികളെപ്പോലും വെടിവെച്ച് കൊന്നുകളഞ്ഞേക്കാൻ ഗോട്ടബായ തന്നോട് നിർദ്ദേശിച്ചിരുന്നു എന്ന ജനറൽ ശരത് ഫൊൻസേകയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

 

പുലികളെ തുടച്ചു നീക്കിയ ഗോട്ടബായ്ക്ക് സിംഹളഭൂരിപക്ഷ ജനതയ്ക്കുമുന്നിൽ ഒരു വീരനായകന്റെ പ്രതിച്ഛായയാണ്. യുദ്ധത്തിലെ ധീരതയെ മാനിച്ചുകൊണ്ട് കൊളംബോ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് നൽകി ആദരിക്കുകയും ചെയ്തു. 2006 -ൽ സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ഓട്ടോറിക്ഷ രാജപക്‌സെ സഞ്ചരിച്ചിരുന്ന മോട്ടോർബൈക്കിനുമേൽ ഇടിച്ചു കേറ്റി അദ്ദേഹത്തെ വധിക്കാൻ പുലികൾ ശ്രമിച്ചെങ്കിലും, രണ്ടു കമാൻഡോകൾ അതിനെ തടുക്കുകയും, രാജ്പക്‌സെയ്ക്കടുത്ത് എത്തും മുമ്പ് സ്ഫോടനം നടന്ന് ചാവേറുകളും രണ്ടു കമാണ്ടോകളും അടക്കമുള്ളവർ കൊല്ലപ്പെടുകയുമുണ്ടായി.

 

പൊറുക്കാനാവാത്ത കൊടും ക്രൂരതകളാണ് അന്ന് ഗോട്ടബായയുടെയും മഹിന്ദയുടെയും മേൽനോട്ടത്തിൽ അവരുടെ മൗനാനുവാദത്തോടെ സിംഹള സൈനികർ ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കു മേൽ പ്രവർത്തിച്ചത്. ആ മനുഷ്യാവകാശലംഘനങ്ങളൊക്കെ ഒരു തെരഞ്ഞെടുപ്പ് വിജയത്തോടെ റദ്ദാക്കപ്പെടുന്നുണ്ടോ എന്നതാണ് ഇപ്പോൾ പ്രസക്തമാകുന്ന ചോദ്യം.