ജസ്റ്റിസ് എസ് മുരളീധർ എന്ന ദില്ലി ഹൈക്കോടതി ജഡ്ജിയെ പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടി വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണല്ലോ. സുപ്രീം കോടതി കൊളീജിയത്തിന്റെ ഈ വിവാദ തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോർട്ട് ബാർ അസോസിയേഷൻ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങിയിട്ടുണ്ട്. ഇത് നീതിയുക്തമായ കോടതിയിൽ നിലപാടുകൾ സ്വീകരിക്കുന്ന ന്യായാധിപരുടെ മനോവീര്യം കെടുത്തുന്ന നടപടിയായി എന്നാണ് ബാർ അസോസിയേഷൻ പറയുന്നത്. "ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും നട്ടെല്ലുള്ള ന്യായാധിപരിലൊരാൾ" ആണ് ജസ്റ്റിസ് എസ് മുരളീധർ എന്നും, അദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി "ഈ സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതും പൊതുജനങ്ങൾക്ക് നീതിപീഠത്തിലുള്ള വിശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ളതും" ആണെന്ന് ബാർ അസോസിയേഷൻ അവരുടെ പരസ്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ആരാണ് ജസ്റ്റിസ് മുരളീധർ ?

എന്തുകൊണ്ടാണ് ഡൽഹി ബാർ അസോസിയേഷൻ ഇങ്ങനെ ഒരു ദൃഢമായ നിലപാടിലേക്ക്, അതും സുപ്രീം കോടതി കൊളീജിയം എന്ന ആധികാരിക സ്ഥാനത്തിനെതിരെ, നീങ്ങിയത് എന്നറിയണമെന്നുണ്ടെങ്കിൽ ആരാണ് ഈ ജസ്റ്റിസ് എസ് മുരളീധർ എന്നത് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.  അശരണരും നിസ്സഹായരും സംസാരിക്കാനുള്ള ത്രാണിയില്ലാത്തവരുമായ പാവപ്പെട്ടവർക്ക് എന്നും, നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ തന്റെ ശബ്ദം നിർഭയം കടം നൽകിയിരുന്ന ധീരനായ ഒരു അഭിഭാഷകനായിരുന്നു മുരളീധർ. 1961 ഓഗസ്റ്റ് 8 -ന് ചെന്നൈയിൽ ജനിച്ച മുരളീധർ 1984 സെപ്റ്റംബറിലാണ് ചെന്നൈയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. 1987 -ൽ അദ്ദേഹം തന്റെ പ്രാക്ടീസ് സുപ്രീം കോടതിയിലേക്കും, ദില്ലി ഹൈക്കോടതിയിലേക്കും പറിച്ചുനട്ടു. അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം കോടതിയിൽ തന്റെ വിശ്വരൂപം കാണിച്ച  രണ്ട് അവസരങ്ങളാണ് ഭോപ്പാൽ ഗ്യാസ് ട്രാജഡിയിലെ ഇരകളുടെ കേസിലെയും, അതുപോലെ നർമദാ അണക്കെട്ടുകാരണം കിടപ്പാടം നഷ്ടമായവരുടെ കേസിലെയും വാദങ്ങൾ. അഭിഭാഷകൻ എന്നനിലയിലുള്ള പ്രാക്ടീസിന് പുറമെ അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കോൺസൽ ആയിരുന്നു. 2002 മുതൽ ഇന്ത്യൻ ലോ കമ്മീഷന്റെയും പാർട്ട് ടൈം മെമ്പർ ആണ് ജസ്റ്റിസ് എസ് മുരളീധർ. 2006 -ലാണ് അദ്ദേഹം ദില്ലി ഹൈക്കോടതിയിലേക്ക് ജഡ്ജിയായി ഉയർത്തപ്പെടുന്നത്. 

ജഡ്ജ് എന്ന നിലയിലും മുരളീധർ വളരെ ധീരനും പുരോഗമന സ്വഭാവമുള്ളയാളും ആയി അറിയപ്പെട്ടു. ഐപിസിയിലെ 377 വകുപ്പ് റദ്ദാക്കുന്ന കേസ് കേട്ട ബെഞ്ചിലും, 1984 -ലെ സിഖ് വിരുദ്ധ കലാപത്തിൽ സജ്ജൻകുമാറിനെ ശിക്ഷിച്ച ബെഞ്ചിലും ജസ്റ്റിസ് മുരളീധരന്റെ സാന്നിധ്യമുണ്ടായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരവകാശനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ വിധിയും അദ്ദേഹം അടങ്ങിയ ബെഞ്ചിന്റെതായിരുന്നു. മനുഷ്യന്റെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയായിരുന്നു ഏതൊരു കേസിലും. കോടതിയിൽ വരുന്ന അഭിഭാഷകരോട് തന്നെ 'മൈ ലോർഡ്' എന്നോ  'മൈ ലോർഡ്‌ഷിപ്പ്' എന്നോ ഒന്നും വിളിക്കേണ്ടതില്ല എന്നും മുരളീധർ പറയുമായിരുന്നു.  'Law, Poverty and Legal Aid: Access to Criminal Justice' എന്നപേരിൽ ഒരു പുസ്തകവും എഴുതിയിട്ടുണ്ട് ജസ്റ്റിസ് എസ് മുരളീധർ.

ദില്ലി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന മൂന്നാമത്തെ ജഡ്ജിയാണ് ഇന്ന് ജസ്റ്റിസ് മുരളീധർ. അദ്ദേഹത്തെപ്പോലെ ഇത്രയും സർവീസുള്ള ഒരു ജഡ്ജിയെ സ്ഥലം മാറ്റുന്നെങ്കിൽ കീഴ്വഴക്കം അനുസരിച്ച് അത് മറ്റേതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കാൻ വേണ്ടി ആകണമായിരുന്നു. എന്നാൽ, ഈ സ്ഥലംമാറ്റത്തെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു ന്യായം, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ രണ്ടാമത്തെ സീനിയർ മോസ്റ്റ് ജഡ്ജ് എന്ന നിലയിലുള്ള ജസ്റ്റിസ് എസ് മുരളീധറിന്റെ ഈ സ്ഥലംമാറ്റം അവിടത്തെ ചീഫ് ജസ്റ്റിസിനെ സുപ്രീംകോടതിയിലേക്ക് ഉയർത്തി, ജസ്റ്റിസ് മുരളീധരനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കാൻ വേണ്ടിയാണ് എന്നാണ്. എങ്കിലും, ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുള്ള ഒരു ഹർജിയുടെ അടിയന്തര ഹിയറിങിനിടെ തിരക്കിട്ട് അദ്ദേഹത്തിന് ഇങ്ങനെയൊരു സ്ഥലംമാറ്റ ഉത്തരവ് കൈമാറിയത് രാഷ്ട്രീയ ലാക്കോടെയാണ് എന്ന വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.