അയോധ്യാ ശ്രീരാമജന്മഭൂമി തർക്കത്തിന്മേൽ സുപ്രീം കോടതിയുടെ വിധി വന്നപ്പോൾ അമിത് ഷാ പറഞ്ഞിരുന്ന ഒരു കാര്യമാണ് ക്ഷേത്ര നിർമാണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുക എന്നത്. 2020 ഫെബ്രുവരി 9 -ന് മുമ്പായി ട്രസ്റ്റ് രൂപീകരിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ അന്തിമ തീയതിക്ക് ദിവസങ്ങൾ മുമ്പുതന്നെ പതിനഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ച്, പ്രധാനമന്ത്രി അതുസംബന്ധിച്ച പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. ഈ ട്രസ്റ്റിൽ എല്ലാക്കാലത്തും ദളിത് സമുദായത്തിൽ പെട്ട ഒരംഗമെങ്കിലും ഉണ്ടായിരിക്കും എന്നാണ് സങ്കൽപം. ആ ദളിത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് കാമേശ്വർ ചൗപാൽ എന്നയാളാണ്. 

ആരാണ് കാമേശ്വർ ചൗപാൽ ?

ബിഹാറിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് കാമേശ്വർ ചൗപാൽ. 2014 -ൽ ബിജെപി ടിക്കറ്റിൽ സുപ്പോളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ചൗപാൽ പക്ഷേ, കോൺഗ്രസിലെ രൺജിത് രഞ്ജനും ജനതാദൾ യുണൈറ്റഡിലെ ദിലേശ്വർ കമൈത്തിനും പിന്നിലായി  മൂന്നാം സ്ഥാനത്തായിപ്പോയി ഫലം വന്നപ്പോൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാനാകാതിരുന്നതാണ് ഇത്തവണ ഈ അവസരത്തിന് ചൗപാൽ പരിഗണിക്കപ്പെടാൻ ഒരു കാരണം. എന്നാൽ, അതുമാത്രമല്ല കാരണം. പ്രധാനകാരണം ശ്രീരാമജന്മഭൂമി വിഷയവുമായി ചൗപാലിനുള്ള അടുത്ത ബന്ധമാണ്.

ബിജെപിയിൽ ചേരുന്നതിനൊക്കെ എത്രയോ മുമ്പുതന്നെ ശ്രീരാമജന്മഭൂമി വിഷയത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ഒരാളാണ് സീതാദേവിയുടെ ജന്മഭൂമിയായ മിഥിലയിൽ നിന്നുള്ള ഈ രാഷ്ട്രീയനേതാവ്. ഇന്ത്യയിലെ ആദ്യത്തെ കാർസേവകൻ താനാണ് എന്നാണ് ചൗപാൽ അവകാശപ്പെടുന്നത്. 

റാം മന്ദിർ ശിലാന്യാസിലെ ആദ്യത്തെ കട്ട ചൗപാൽ വക 

1989 നവംബർ 9 -ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസ്(കല്ലിടീൽ) കർമ്മം നടന്നപ്പോഴാണ് കാമേശ്വർ ചൗപാൽ എന്ന പേര് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യമായി ഉയർന്നുകേൾക്കുന്നത്. അന്ന് രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് സംഘടിച്ച് അയോധ്യയിലേക്ക് വന്നെത്തിയ സന്യാസിമാരുടെയും, ആയിരക്കണക്കിനുവരുന്ന കാർസേവകരുടേയുമൊക്കെ സമ്മേളനം നടക്കുകയായിരുന്നു. അന്ന് ആ ചടങ്ങിൽ ആദ്യത്തെ ശില സ്ഥാപിച്ചത് താനാണ് എന്നാണ് ചൗപാൽ അവകാശപ്പെടുന്നത്. "ശിലാന്യാസ് നടക്കുന്നതിന് മുമ്പത്തെ കുംഭമേളയിൽ വെച്ചാണ് മതാചാര്യന്മാരും സന്യാസികളും ഒക്കെ ചേർന്നുകൊണ്ട് ശിലാസ്ഥാപനം ഏതെങ്കിലുമൊരു ദളിതസമുദായത്തിലെ അംഗത്തെക്കൊണ്ട് നടത്തണം എന്നുള്ള തീരുമാനം എടുക്കുന്നത്. അതിൽ ഞാൻ ഒരു കാർസേവക് എന്ന നിലയിലും, വിശ്വഹിന്ദുപരിഷത്തിന്റെ ബിഹാർ സംസ്ഥാന സമിതി സെക്രട്ടറി എന്ന നിലയിലും പങ്കെടുത്തിരുന്നു. അന്ന് ആ കർമത്തിനായി അവർ തെരഞ്ഞെടുത്ത ദളിതൻ ഞാനായിരുന്നു" ചൗപാൽ ബിബിസിയോട് പറഞ്ഞു. 
 1984 -ലാണ് കാമേശ്വർ ചൗപാൽ വിശ്വഹിന്ദുപരിഷത്തിൽ അംഗമാകുന്നത്. അന്നുമുതൽ ശ്രീരാമക്ഷേത്ര നിർമാണത്തിനുള്ള കൂടിയാലോചനാ യോഗങ്ങളിൽ ചൗപാൽ സ്ഥിരമായി പങ്കെടുത്തിരുന്നു. ആ യോഗങ്ങളിൽ ഒന്നിലാണ് ക്ഷേത്രനിർമാണത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന തടസ്സങ്ങൾ നീക്കാൻ ഒരു ഗോരക്ഷപീഠത്തിന്റെ അധിപതി യോഗി അവൈദ്യനാഥിന്റെ അധ്യക്ഷതയിൽ രൂപീകരിക്കുന്നത്. ആ സമിതിയാണ് രാം-ജാനകി യാത്ര എന്നൊരു റാലി നടത്തുന്നത്. അതിന്റെ സംഘാടകനും ഇതേ ചൗപാൽ തന്നെ. ആ യാത്രക്കൊടുവിലാണ്, കോടതി ഉത്തരവിന്റെ പിൻബലത്തോടെ 1986 രാമജന്മഭൂമിയുടെ പൂട്ട് തുറപ്പിക്കപ്പെടുന്നത്. കോടതിയുടെ തീരുമാനത്തിനെ വലിയൊരളവുവരെ തങ്ങളുടെ യാത്ര സ്വാധീനിച്ചിരുന്നു എന്ന് ചൗപാൽ അവകാശപ്പെടുന്നു. അതിനു ശേഷമാണ് എൽകെ അദ്വാനി രഥയാത്ര നടത്തുന്നതും, അതിനെ ലാലുപ്രസാദ് യാദവ് പട്നയിൽ വെച്ച് തടഞ്ഞ്, അദ്വാനി അടക്കമുള്ളവരെ അറസ്റ്റു ചെയ്യുന്നതും. 

ലോകമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികൾക്ക് ശ്രീരാമൻ ദൈവമായിരിക്കെ, മിഥിലാവാസികളായ തങ്ങൾക്ക്  രാമനെന്നാൽ അടുത്ത ബന്ധുവാണ് എന്ന് ചൗപാൽ പറഞ്ഞു. മിഥിലാവാസികളൊക്കെ രാമനെ കരുതുന്നത് മിഥിലാപുത്രി സീതയുടെ ഭർത്താവ് എന്ന ബന്ധുതയിലാണത്രെ. ഈ വിഷയവുമായി തുടക്കം മുതൽ സഹകരിച്ചിരുന്ന പല സന്യാസിമാർക്കും ട്രസ്റ്റിൽ അംഗത്വം നൽകാത്തതിൽ കടുത്ത അമർഷം പുകയുന്നുണ്ട് എന്ന കാര്യവും ചൗപാൽ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. മഹന്ത് പരമഹംസദാസിനെപ്പോലെ ചിലർ ഉപവാസസമരത്തിനും ഒരുങ്ങുന്നുണ്ടത്രേ. 

1989 -ലെ ശിലാന്യാസ കർമ്മത്തിനു ശേഷം ചൗപാലിന്റെ പേര് മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ, ബിജെപി അദ്ദേഹത്തിന് പാർട്ടിയുടെ പ്രാഥമികാംഗത്വം നൽകുകയാണ് ഉണ്ടായത്.  അതിനു ശേഷം, പിന്നീട് ജനപ്രീതി കണക്കിലെടുത്തുകൊണ്ട് ബിജെപി ചൗപാലിന് പലകുറി മത്സരിക്കാൻ ടിക്കറ്റ് നൽകിയിട്ടുണ്ട് എങ്കിലും ഒരിക്കൽപോലും ജയിച്ചു കയറാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.  2009 -ലെ തിരഞ്ഞെടുപ്പിൽ ചൗപാൽ ബിജെപിയുടെ താരപ്രചാരകന്മാരിൽ ഒരാളായിരുന്നു. എന്തായാലും, രാജ്യത്തെ ആദ്യത്തെ കാർസേവകരിൽ ഒരാളായ തന്നെ തന്റെ സേവനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ് രാമജന്മഭൂമി നിർമ്മാണ ട്രസ്റ്റിന്റെ ഭാഗമാക്കിയതിൽ സന്തുഷ്ടനാണ് എന്നും ചൗപാൽ ബിബിസിയോട് പറഞ്ഞു.