Asianet News MalayalamAsianet News Malayalam

വെറും ഏഴാം ക്ലാസുവരെ പഠിച്ച മനുഷ്യന്റെ കുടിൽ നാടിന് വിദ്യാലയമായ കഥ, രാഷ്ട്രപതിക്ക് തലയിൽ കൈവച്ച് അനു​ഗ്രഹം...

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം ഏഴാം ക്ലാസ് വരെ മാത്രം പഠിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. അതുകൊണ്ട് തന്നെ പഠിക്കാൻ കഴിയാത്ത ഒരാളുടെ വേദന അദ്ദേഹത്തിന് നല്ലപോലെ അറിയാം.

who is Nanda Prusty Padma Awardee
Author
Delhi, First Published Nov 11, 2021, 12:44 PM IST

സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളായിരുന്നു ഇപ്രാവശ്യം പത്മശ്രീ വാങ്ങാൻ(Padma Awardee) എത്തിയവരിൽ കൂടുതലും. അതിലൊരാൾ കഴിഞ്ഞ 75 വർഷമായി മുതിർന്നവരെയും, കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുന്ന നന്ദ പ്രസ്തി(Nanda Prusty)യായിരുന്നു. വയസ്സ് 102 ആയെങ്കിലും, പ്രായത്തിന്റെ അവശതകൾ എല്ലാം മറന്ന് അദ്ദേഹം പുരസ്‌കാരം വാങ്ങാൻ എത്തിയിരുന്നു. കാവിനിറത്തിലുള്ള ഷർട്ടും, മുണ്ടും ധരിച്ച് നഗ്നപാദനായി വേദിയിലെത്തിയ അദ്ദേഹം അവാർഡ് നൽകുന്നതിന് മുമ്പും ശേഷവും രാഷ്ട്രപതിയുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. സദസ്സ് മുഴുവൻ ആരവത്തോടെ കൈയടിച്ച നിമിഷമായിരുന്നു അത്. അദ്ദേഹം അനുഗ്രഹിക്കുന്നതിന്റെ ചിത്രം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. എല്ലാവർക്കും നന്മ മാത്രം നേരുന്ന ഒരു അധ്യാപകന്റെ വാത്സല്യവും, ഒരു സാധാരണക്കാരന്റെ നിഷ്കളങ്കതയും ആ ചിത്രത്തിലൂടെ നമുക്ക് കാണാം.    

രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്ററാണ് ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ പങ്കിട്ടത്. “സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനയുടെ പേരിൽ ശ്രീ നന്ദ പ്രസ്റ്റിക്ക് രാഷ്ട്രപതി കോവിന്ദ് പത്മശ്രീ സമ്മാനിക്കുന്നു. ഒഡീഷയിലെ ജാജ്പൂരിൽ പതിറ്റാണ്ടുകളായി കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ വിദ്യാഭ്യാസം നൽകിയ 102 വയസ്സുള്ള "നന്ദ സർ" രാഷ്ട്രപതിയെ അനുഗ്രഹിക്കുന്നതിനായി കൈകൾ ഉയർത്തുന്നു" ട്വീറ്റിൽ പറയുന്നു. 'നന്ദ മാസ്‌ട്രേ' എന്നും 'നന്ദ സർ' എന്നും അറിയപ്പെടുന്ന പ്രസ്റ്റി, കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജജ്‌പൂരിലെ തന്റെ ഗ്രാമമായ കാന്തിരയിൽ കുട്ടികളെയും മുതിർന്ന പൗരന്മാരെയും സൗജന്യമായി പഠിപ്പിക്കുന്നു. നിരക്ഷരത ഇല്ലാതാക്കാനുള്ള ആഗ്രഹമാണ് അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ ഈ കഠിനാധ്വാനത്തിന് പിന്നിൽ.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം ഏഴാം ക്ലാസ് വരെ മാത്രം പഠിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. അതുകൊണ്ട് തന്നെ പഠിക്കാൻ കഴിയാത്ത ഒരാളുടെ വേദന അദ്ദേഹത്തിന് നല്ലപോലെ അറിയാം. അതിനാലാണ് പ്രതിഫലം മോഹിക്കാതെ അദ്ദേഹം മറ്റുള്ളവരെ പഠിപ്പിക്കുന്നതും. രാജ്യം സ്വാതന്ത്ര്യം നേടിയ വർഷം മുതൽ തുടങ്ങിയതാണ് അദ്ദേഹം കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഒരു താൽക്കാലിക കുടിലിലാണ് അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നത്. ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും പുലർച്ചെ തന്നെ ക്ലാസുകൾ ആരംഭിക്കും. പാഠശാലയിൽ രാവിലെ 9 വരെയും തുടർന്ന് വൈകീട്ട് 4 മുതൽ 6 വരെയും കുട്ടികളെ പഠിപ്പിക്കും. മുതിർന്ന പൗരന്മാർ, കൂടുതലും നിരക്ഷരർ, വൈകുന്നേരം 6 മണിക്ക് ശേഷമാണ് വരുന്നത്. ആ ക്ലാസ്സുകൾ രാത്രി 9 വരെ നീളും.  

Follow Us:
Download App:
  • android
  • ios