Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ ഓഗസ്റ്റ് 15 തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

എങ്ങനെയാണ് ഓഗസ്റ്റ് 15 -ന് ഇന്ത്യയെ സ്വതന്ത്രമാക്കിക്കളയാം എന്ന് ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
 

Why 15th August was chosen as Independence Day?
Author
Thiruvananthapuram, First Published Aug 14, 2021, 3:35 PM IST

ഓഗസ്റ്റ് 15 -ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതോടെ ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കും തുടക്കമാവും. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മോചിതമായി ഇന്ത്യ സ്വാതത്ര്യത്തിന്റെ അമൃതം നുകര്‍ന്നു തുടങ്ങിയ ദിവസം എന്ന നിലയ്ക്ക് ഈ ദിവസത്തിന് നമ്മുടെ ചരിത്രത്തില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്.

എങ്ങനെയാണ് ഈ ദിവസത്തില്‍ ഇന്ത്യയെ സ്വതന്ത്രമാക്കിക്കളയാം എന്ന് ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 1947 ജൂലൈ നാലാം തീയതിയാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കപ്പെടുന്നത്. തേര്‍ഡ് ജൂണ്‍ പ്ലാന്‍ എന്നും മൗണ്ട് ബാറ്റണ്‍ പ്ലാന്‍ എന്നും അറിയപ്പെട്ടിരുന്ന പദ്ധതിയുടെ സാക്ഷാത്കാരമായിരുന്നു ഈ നിയമം. അതുപ്രകാരം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടായി വിഭജിച്ച്, തങ്ങളുടെ കോളനിക്ക് സ്വാതന്ത്ര്യം നല്‍കി, എന്നെന്നേക്കുമായി ഇവിടം വിട്ടു.

എന്തുകൊണ്ടാണ് ഈ ഒരു പ്രത്യേക തീയതി തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്? 

തുടക്കത്തില്‍ ജനുവരി 26 ആയിരുന്നു സ്വാതന്ത്ര്യ ദിനമായി തീരുമാനിക്കപ്പെട്ടത്. പിന്നീടാണ് അത് ഓഗസ്റ്റ് 15 ആക്കി പുനര്‍നിശ്ചയിക്കപ്പെട്ടത്. 1948 ജൂണ്‍ 30 ന് മുമ്പ് ഭരണം ഇന്ത്യന്‍ നേതാക്കള്‍ക്ക് കൈമാറി തിരിച്ചു പോരാനായിരുന്നു മൗണ്ട് ബാറ്റണ്‍ പ്രഭുവിന് കിട്ടിയ നിര്‍ദേശം. എന്നാല്‍ അദ്ദേഹം ഒരു വര്‍ഷം മുമ്പുതന്നെ അധികാരം കൈമാറി, തിരികെ ബ്രിട്ടനിലേക്ക് മടങ്ങുകയാണുണ്ടായത്. 

എന്തുകൊണ്ടാവും അദ്ദേഹം അങ്ങനെ ചെയ്തത്? ഇതിനെപ്പറ്റി കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ സി രാജഗോപാലാചാരി പറഞ്ഞത്, 'ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയുടെ മേലുണ്ടായിരുന്ന നിയന്ത്രണം പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു വര്‍ഷം കൂടി കാത്തിരുന്നെങ്കില്‍ ചിലപ്പോള്‍ കൈമാറാന്‍ വിശേഷിച്ച് അധികാരമൊന്നും ബാക്കി കാണില്ലായിരുന്നു' എന്നാണ്.  ഏറെക്കുറെ ഇതു തന്നെയായിരുന്നു മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ പറഞ്ഞേല്‍പ്പിച്ചിരുന്നതിലും നേരത്തെ അധികാരം കൈമാറി മടങ്ങാന്‍ പ്രേരിപ്പിച്ച കാരണവും.

രാജ്യത്ത് അരങ്ങേറിക്കൊണ്ടിരുന്ന വര്‍ഗീയ കലാപങ്ങളില്‍ ഇനിയും രക്തം ചിന്താതിരിക്കാന്‍ വേണ്ടിയാണ് താന്‍ അധികാര കൈമാറ്റം നേരത്തെ ആക്കിയത് എന്നാണ് ഇതേപ്പറ്റി മൗണ്ട് ബാറ്റണ്‍ പ്രഭു പറഞ്ഞത്. ആ പറഞ്ഞതിന് കടകവിരുദ്ധമായിട്ടായിരുന്നു പക്ഷേ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ സംഭവങ്ങള്‍. മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവിഭജനം ഇന്ത്യന്‍ ജനതയുടെ മനസ്സുകളില്‍ ഹിന്ദു മുസ്ലിം വൈരത്തിന്റെ വിത്തുകള്‍ പാകിയ ഒരു നടപടിയായിരുന്നു. ചരിത്രത്തില്‍ ഇത്രത്തോളം വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയ, ഇത്രത്തോളം ചോര വീഴ്ത്തിയ ഒരു കലാപം വേറെ ഉണ്ടാവില്ല. മൗണ്ട് ബാറ്റണ്‍ ഇതേപ്പറ്റി പിന്നീട് പറഞ്ഞത്, ലോകത്ത് എവിടെയൊക്കെ കൊളോണിയല്‍ ഭരണം അധികാരം നാട്ടുകാര്‍ക്ക് കൈമാറിയിട്ടുണ്ടോ, അവിടെയൊക്കെ നാട്ടുകാര്‍ അധികാരത്തിനുവേണ്ടി കടിപിടി കൂടി ചോര ചിന്തിയിട്ടുണ്ട് എന്നാണ്. സ്വാതന്ത്ര്യം എന്ന ദീര്‍ഘകാലത്തെ ആവശ്യം സാധിച്ചു കിട്ടിയപ്പോള്‍ ഇന്ത്യക്ക് സഹിക്കേണ്ടി വന്ന ത്യാഗം രാജ്യത്തെ ജനങ്ങളുടെ സമുദായിക ഐക്യമായിരുന്നു.

എന്തുകൊണ്ട്  ഓഗസ്റ്റ് 15 ?

സ്വാതന്ത്ര്യം നല്‍കാനുളള തീയതി നിര്‍ണയിക്കാനുള്ള നിയോഗം മൗണ്ട് ബാറ്റണ്‍ പ്രഭുവിനായിരുന്നു. ഈ തീരുമാനത്തിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്നത്, ഡൊമിനിക് ലാപിയറും, ലാറി കോളിന്‍സും ചേര്‍ന്നെഴുതിയ  'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ അദ്ദേഹത്തെ തന്നെ ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കപ്പെടുന്നുണ്ട്. ' ആ തീയതി പെട്ടെന്ന് അങ്ങ് നിശ്ചയിക്കപ്പെടുകയായിരുന്നു. എന്നോട് ചോദിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഞാന്‍ അതേപ്പറ്റി സൂചിപ്പിക്കുന്നത്. ഞാനാണ് ഈ സംഗതിയുടെ സര്‍വാധികാര്യക്കാരന്‍ എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം എന്നെനിക്കുണ്ടായിരുന്നു. അവര്‍ എന്നോട് ഒരു തീയതി പറയാന്‍ പറഞ്ഞപ്പോള്‍ അത് എത്രയും അടുത്തുള്ള ഒരു തീയതി ആവേണ്ടതുണ്ട് എന്നെനിക്ക് തോന്നി. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആവാം എന്ന് ആദ്യം മനസ്സില്‍ കരുതി. പിന്നീട് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഓഗസ്റ്റ് 15 എന്ന് പറഞ്ഞു. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ആ ദിവസം ജാപ്പനീസ് പട രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന് മുന്നില്‍ തോല്‍വി സമ്മതിച്ചതിന്റെ രണ്ടാം വാര്‍ഷികമാണ്. അത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു വിശേഷദിനമാണ്.' 1945 ഓഗസ്റ്റ് 15 നാണ് ജാപ്പനീസ് ചക്രവര്‍ത്തിയായ ഹിറോഹിതോ ഒരു റേഡിയോ സന്ദേശത്തിലൂടെ സഖ്യ സേനയ്ക്ക് മുന്നില്‍ ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.

1947 ഓഗസ്റ്റ് 15 ന് അധികാരം കൈമാറി ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അവസാനമായത് 1757 -ലെ പ്ലാസി യുദ്ധത്തോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ തുടക്കമിട്ട കൊളോണിയലിസ്റ്റ് അധിനിവേശങ്ങള്‍ക്ക് കൂടിയാണ്.

Follow Us:
Download App:
  • android
  • ios