"സമാധാനമെന്നത് എത്യോപ്യയെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ഒരു അവശ്യ വസ്തുവാണ് " - ഡോ. ആബി അഹമ്മദ്. 

ഡോ. ആബി അഹമ്മദ് എന്ന എത്യോപ്യൻ പ്രധാനമന്ത്രി അറിയപ്പെടുന്നത്, അയൽരാജ്യമായ എറിത്രിയയുമായി രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന അതിർത്തിപ്രശ്നത്തിന് സമാധാനപൂർണമായ പരിഹാരമുണ്ടാക്കിയതിന്റെ പേരിലാണ്. കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് നോർവേയിൽ ഓസ്ലോയിൽ നിന്ന് ആബിയെത്തേടി ഒരു ടെലിഫോൺ കോൾ വന്നു. നോബൽ സമ്മാന സമിതിയുടെ പ്രതിനിധിയായിരുന്നു മറുതലക്കൽ. സകലരും അസാധ്യമെന്നു മുദ്രകുത്തി ഏറ്റെടുക്കാൻ മടിച്ചിരുന്ന ആ ഹിമാലയൻ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കിയതിനുള്ള അംഗീകാരമായി നൂറാമത്തെ നോബൽ സമാധാന പുരസ്കാരം ആബിക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷ വർത്തമാനം അറിയിക്കാൻ വേണ്ടിയായിരുന്നു അത്. വാർത്ത ആഡിസ് അബാബയിലെങ്ങും പരന്നതോടെ തെരുവുകളിലെ ഫാസ്റ്റ്ഫുഡ് കച്ചവടക്കാർ മുതൽ സർവകലാശാലാ പ്രൊഫസർമാർ വരെ ഒരേസ്വരത്തിൽ പറഞ്ഞു, " എറിത്രിയയുമായുള്ള സംഘർഷം തീർക്കാൻ അദ്ദേഹം ചെയ്തത് വളരെ വലിയ കാര്യങ്ങളാണ്. അതിന്റെ പേരിൽ ഞങ്ങൾക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. ഇപ്പോൾ ലോകം മുഴുവൻ അദ്ദേഹത്തിന്റെ സൽപ്രവൃത്തിയെ അംഗീകരിക്കുന്നു എന്നറിഞ്ഞതിൽ ആഹ്ലാദമുണ്ട്."

 

ഏറെ ചോരചിന്തിയ അതിർത്തിയുദ്ധം 

'എറിത്രിയ-എത്യോപ്യ' യുദ്ധത്തിന്റെ ചരിത്രം ഏറെ രക്തരൂഷിതമായ ഒന്നാണ്. ഒരേ സംസ്കാരത്തിനും, ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ സവിശേഷതകൾക്കും ഉടമകളായ, ഏറെക്കുറെ സഹോദരരാഷ്ട്രങ്ങൾ എന്നുതന്നെ വിളിക്കാവുന്ന ആ രണ്ടു രാജ്യങ്ങളും രണ്ടു പതിറ്റാണ്ടുകൊണ്ട് പരസ്പരം അഴിച്ചുവിട്ടത് നിരവധിപേരുടെ ചോരചിന്തിയ അതിർത്തിയുദ്ധമാണ്. 1993-ൽ എറിത്രിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. അഞ്ചുവർഷങ്ങൾക്കുള്ളിൽ, 1998-ൽ ആദ്യമായി എത്യോപ്യയുടെ എറിത്രിയ യുദ്ധം തുടങ്ങുമ്പോൾ, അന്നുവരെ അയല്പക്കമെന്നോണം അതിർത്തിക്ക് അപ്പുറമിപ്പുറം കഴിഞ്ഞുപോന്നിരുന്ന കുടുംബങ്ങൾ തമ്മിൽ പിന്നീടൊരിക്കലും തമ്മിൽ കാണാൻ കഴിയാത്ത വണ്ണം അകന്നുപോയി. ആദ്യത്തെ രണ്ടുവർഷം കൊണ്ട് കൊല്ലപ്പെട്ടത് 80,000-ലധികം പേരാണ്. രണ്ടു രാജ്യങ്ങൾക്കിടയിലുള്ള യുദ്ധം എന്നതിലുപരി, ഒരു ആഭ്യന്തരകലാപത്തിന്റെ രീതിയായിരുന്നു ആ പോരാട്ടത്തിന്. 

2000-ൽ ഇടക്കൊരു വെടിനിർത്തൽ ഉണ്ടായി എങ്കിലും, അധികനാൾ ആ സമാധാനം നീണ്ടുനിന്നില്ല. ഇരു പക്ഷങ്ങളും വീണ്ടും കടുത്ത പോരാട്ടങ്ങളിലേക്ക് വഴുതിവീണു. താരതമ്യേന ദരിദ്രമായ ആ രണ്ട് ആഫ്രിക്കൻ രാഷ്ട്രങ്ങളും, തങ്ങളുടെ പരിമിതമായ വരുമാനത്തിന്റെ സിംഹഭാഗവും പടക്കോപ്പുകൾക്കും യുദ്ധകാലച്ചെലവുകൾക്കുമായി നീക്കിവയ്ക്കേണ്ട ഗതികേടിലേക്ക് നീങ്ങി. പലകുടുംബങ്ങളും കരുതിയത്, അതിർത്തിക്കപ്പുറമുള്ള തങ്ങളുടെ ബന്ധുക്കളെ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്നുതന്നെ മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 

43-കാരനായ ഡോ. ആബിയെ എത്യോപ്യയുടെ നെൽസൺ മണ്ടേല എന്നാണ് മാധ്യമങ്ങൾ വിളിക്കുന്നത്. 1976-ലാണ് മുസ്‌ലിം-ക്രിസ്ത്യൻ ദമ്പതികളായ ഒറോമയ്ക്കും അംഹാരയ്ക്കും മകനായി ആബി അഹമ്മദ് ജനിക്കുന്നത്. നെൽസൺ മണ്ടേലയെ ജീവിതത്തിലെ മാതൃകയായി കണ്ടിരുന്ന ആബി ചെറുപ്പത്തിൽ മണ്ടേലയുടെ ചിത്രമുള്ള ടി ഷർട്ടും ധരിച്ചുകൊണ്ടാണ് നടന്നിരുന്നത്. ആബിയുടെ പതിമൂന്നാം വയസ്സിലാണ് നെൽസൺ മണ്ടേല ജയിൽ മോചിതനാകുന്നത്. 

എത്യോപ്യൻ സൈന്യത്തിൽ ചേർന്ന് സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന കാലത്താണ് ആബി തന്റെ ആദ്യ ബിരുദം. കമ്പ്യൂട്ടർ സയൻസിൽ, നേടുന്നത്. ദീർഘകാലം പല റാങ്കുകളിൽ ആബി സൈനികസേവനമനുഷ്ഠിച്ചു. ലെഫ്റ്റനന്റ് കേണൽ റാങ്കുവരെ ഉയർന്നിരുന്നുഅദ്ദേഹം. അതിനിടെ ട്രാൻസ്ഫോർമേഷണൽ ലീഡർഷിപ്പിലും, ബിസിനസ് അഡ്മിനിസ്ട്രേഷനിലും ആബി ബിരുദാനന്തര ബിരുദങ്ങൾ നേടി. ഏറ്റവും ഒടുവിലായി, താൻ പരിഹരിക്കാൻ മുൻകൈയെടുത്ത ' രാഷ്ട്രാന്തര അതിർത്തി തർക്ക'ങ്ങളിൽ തന്നെ ഗവേഷണം നടത്തി ആഡിസ് അബാബയിലെ പീസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് ഇന്സ്ടിട്യൂട്ടിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും ആബി സ്വന്തമാക്കി. 

2018 ജൂണിലാണ് ഡോ. ആബി അഹമ്മദ് എത്യോപ്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് കടന്നുവരുന്നത്. ഇരുരാജ്യങ്ങൾക്കും അല്ലൽ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിന് എന്ത് വിലകൊടുത്തും പരിഹാരമുണ്ടാക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്ന ആബി ആദ്യം തന്നെ ചെയ്തത് രാജ്യത്ത് നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥ പിൻവലിക്കുകയാണ്. പിന്നാലെ 2000-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്കവിഷയം അതിർത്തി പട്ടണമായ ബാഡ്‌മിയുടെ നിയന്ത്രണമായിരുന്നു. അത് എറിത്രിയയ്ക്ക് വിട്ടുകൊടുക്കുന്നതായി പ്രഖ്യാപിക്കുച്ചു ആബി. ആഴ്ചകൾക്കകം, പരസ്പരം നിലനിന്നിരുന്ന എല്ലാ തർക്കങ്ങൾക്കും ചർച്ചകളിലൂടെ പരിഹാരം കണ്ട്, ഡോ. ആബി അഹമ്മദും എറിത്രിയൻ പ്രസിഡന്റ് ഇസായസ് ആഫ്‌വെര്‍ക്കിയും ഒന്നിച്ച് യുദ്ധം അവസാനിച്ചതായി ലോകത്തെ അറിയിച്ചു. 

അതേ മാസം തന്നെ, ഇരു രാജ്യങ്ങൾക്കിടയിൽ ഇരുപതുവർഷമായി ചത്തുകിടന്നിരുന്ന ടെലിഫോൺ ലൈനുകൾക്ക് ജീവൻ വെച്ചു. എത്യോപ്യക്കാർ ഒന്ന് ഹലോ പറയാൻ വേണ്ടി മാത്രം എറിത്രിയൻ നമ്പറുകളിലേക്ക് ചുമ്മാ വിളിച്ചു. എറിത്രിയൻ തലസ്ഥാനമായ അസ്‌മാരയ്ക്കും എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയ്ക്കും ഇടയിൽ മുടങ്ങിക്കിടന്നിരുന്ന വിമാനസർവീസുകൾ പുനരാരംഭിക്കപ്പെട്ടു. ജൂലൈ 14-ന് ആഡിസ് അബാബയിൽ രാഷ്ട്രത്തിന്റെ വിശിഷ്ടാതിഥിയായി വിരുന്നിൽ പങ്കെടുത്തുകൊണ്ട് ആഫ്വെർക്കി ഒട്ടു കാല്പനികമായിത്തന്നെ പറഞ്ഞു, " ഇനിയും എറിത്രിയക്കാരും എത്യോപ്യക്കാരും വെവ്വേറെ ജനുസ്സാണ് എന്ന് പറയുന്നവരുണ്ടെങ്കിൽ, അവർ വെളിവില്ലാത്തവരാണ് എന്നേ ഞാൻ പറയൂ.." സെപ്റ്റംബർ 11-ന് ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തിയിൽ ഗതാഗതവും പുനഃസ്ഥാപിക്കപ്പെട്ടു. 

എന്നാൽ ഡോ. ആബി അഹമ്മദിന്റെ മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമായിരുന്നില്ല. സമാധാനം എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നായിരുന്നില്ല. രാജ്യത്തിന്റെ ഐക്യത്തിനും അയൽ രാജ്യങ്ങളുമായുള്ള സമാധാനത്തിനായി ആബി പരിശ്രമിച്ചുകൊണ്ടിരുന്നപ്പോഴും വംശീയകലാപങ്ങളാൽ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടായി. എറിത്രിയയിലും വിമതസ്വരങ്ങൾ ഏറെ ഉയർന്നു. അവിടെയാണ് ആഫ്‌വെര്‍ക്കിയും ഡോ. ആബിയും തമ്മിലുള്ള വ്യത്യാസം.

ആഫ്‌വെര്‍ക്കി തന്റെ പരമാധികാരത്തിനു നേരെ ഉയർന്നുവന്ന എല്ലാ സ്വരങ്ങളെയും തന്റെ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്തുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പട്ടാളം എറിത്രിയയിൽ നിരവധി രാഷ്ട്രീയ ശത്രുക്കളെ നിഷ്കരുണം വധിക്കുകയും തുറുങ്കിലടച്ച് പീഡിപ്പിക്കുകയുമൊക്കെ ചെയ്തു. അത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുതിരാതെ പൂർണമായും ജനാധിപത്യം നിലനിർത്തിക്കൊണ്ടുതന്നെ യുദ്ധാനന്തര സംഘർഷങ്ങൾക്കും ഡോ. ആബി പരിഹാരമുണ്ടാക്കി. അതുകൊണ്ടുതന്നെയാണ് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ആബിക്കൊപ്പം, സമാധാന സ്ഥാപനത്തിന് കൂടെയുണ്ടായിരുന്ന ആഫ്‌വെര്‍ക്കിയുടെ പേര് മുന്നോട്ട് വരാതിരുന്നത്.