18 കാൻ ബിയർ കട്ടുകുടിച്ചു, ഫിറ്റായി പശുവുമായി ഇടിയുണ്ടാക്കാൻ ചെന്ന് പന്നി
കാംപിങ്ങിനെത്തിയ സംഘത്തിലെ ഒരാളാണ് പിന്നീട് ഈ കഥകളെല്ലാം മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾക്ക് തൊട്ടപ്പുറത്തായി കാംപ് ചെയ്തിരുന്ന സംഘമാണ് സംഭവങ്ങളെല്ലാം കണ്ടത് എന്നും ഇയാൾ പറഞ്ഞു.

ഓസ്ട്രേലിയൻ വന്യമൃഗങ്ങളെ കുറിച്ചുള്ള അനേകം വിചിത്രവും രസകരവുമായ വാർത്തകൾ നാം കാണാറുണ്ട്. മിക്കവാറും ടൂറിസ്റ്റുകൾക്കും ക്യാംപിങ്ങിനെത്തുന്നവർക്കുമെല്ലാം ഇവ ചില തടസങ്ങളും പ്രശ്നങ്ങളുമെല്ലാം സൃഷ്ടിക്കാറുമുണ്ട്. ഏതായാലും അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു കാട്ടുപന്നിയാണ് വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്.
ഒരു കാട്ടുപന്നി വയറുനിറയെ ബിയർ കുടിച്ച് ഒരു പശുവുമായി ഇടിയുണ്ടാക്കാൻ ചെന്നതാണ് വാർത്ത. ഓസ്ട്രേലിയൻ കാട്ടിലാണ് സംഭവം നടന്നത്. ഇവിടെ കാംപിങ്ങിനെത്തിയ സംഘം ബാക്കിയുണ്ടായിരുന്ന ബിയർ എടുക്കാതെ പോയി. ബിയറിന്റെ മണം കാട്ടുപന്നിയെ വല്ലാതെ ആകർഷിച്ചു. അത് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ അവിടെ ബാക്കിയിരിക്കുന്ന ബിയർ കണ്ടു.
അങ്ങനെ ഒന്നും രണ്ടുമല്ല 18 കാൻ ബിയറാണ് പന്നി കുടിച്ചതത്രെ. ഇത്രയും ബിയർ കുടിച്ചാൽ ഇനി ഏത് പന്നിയായാലും ഫിറ്റായിപ്പോവും അല്ലേ? അങ്ങനെ ഈ പന്നിയും ബിയറു കുടിച്ച് ഫിറ്റായി. നമ്മുടെ ചുറ്റുമുള്ള ചിലരെ കാണാം. അവർക്ക് വെള്ളമടിച്ചു കഴിഞ്ഞാൽ ആരോടെങ്കിലും തല്ലിന് പോണം. അതുപോലെ പന്നിക്കും തോന്നി. അവിടെ ഒരു പശു നിൽപ്പുണ്ടായിരുന്നു. അതും സൈസിൽ വളരെ വലിയ പശു. എന്നാൽ, പന്നി അതൊന്നും കാര്യമാക്കിയില്ല. നേരെ പശുവുമായി തല്ലുണ്ടാക്കാൻ ചെന്നു. തല്ലുണ്ടാക്കാനാണ് ചെന്നതെങ്കിലും അവിടെ നിന്ന് അൽപ്പം മുരളുകയും മുറുമുറുപ്പുണ്ടാക്കുകയും ചെയ്ത ശേഷം സമീപത്തുണ്ടായിരുന്ന നദിയിലേക്കിറങ്ങി. പിന്നീട്, ഒരു മരത്തിന്റെ കീഴിൽ ചെന്നു കിടക്കുകയും അവിടെ ബോധം കെട്ടുറങ്ങുകയും ചെയ്തു.
കാംപിങ്ങിനെത്തിയ സംഘത്തിലെ ഒരാളാണ് പിന്നീട് ഈ കഥകളെല്ലാം മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾക്ക് തൊട്ടപ്പുറത്തായി കാംപ് ചെയ്തിരുന്ന സംഘമാണ് സംഭവങ്ങളെല്ലാം കണ്ടത് എന്നും ഇയാൾ പറഞ്ഞു. ബിയർ കാനിന്റെ ശബ്ദം കേട്ടാണ് അവർ ടോർച്ച് തെളിയിച്ച് നോക്കിയതെന്നും സംഭവങ്ങളെല്ലാം കണ്ടത് എന്നും ഇയാൾ പറഞ്ഞു. ഏതായാലും പന്നിക്കോ പശുവിനോ പരിക്കൊന്നും പറ്റിയിരുന്നില്ല. പന്നി കുറച്ച് ദിവസം ആ പരിസരങ്ങളിലെല്ലാം കറങ്ങി നടന്നു എന്നും പിന്നെ അതിനെ കാണാതായി എന്നും പറയുന്നു. ഈ സംഭവം നടന്നിട്ട് കുറച്ച് കാലങ്ങളായി എന്ന് പറയുന്നവരും ഉണ്ട്.