'നെഹ്റുവിന്റെ വധു' എന്ന് വിളിച്ച് സ്വന്തം ഗോത്രം തിരസ്‍കരിച്ച 15 -കാരി, ആരാണ് ബുധിനി?
നെഹ്റുവെത്തി. തന്നെ ചുമതലപ്പെടുത്തിയത് പോലെ ബുധിനി നെഹ്റുവിനെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ, വളരെ സ്നേഹത്തോടെ ആ മാല നെഹ്റു തിരികെ ബുധിനിക്ക് തന്നെ ഇട്ടുകൊടുത്തു.

സാറാ ജോസഫിന്റെ പ്രശസ്തമായ നോവലാണ് ബുധിനി. എന്നാൽ, ബുധിനി ഒരു സാങ്കല്പിക കഥാപാത്രമായിരുന്നില്ല. ഒരിക്കൽ, 'നെഹ്‍റുവിന്റെ വധു' എന്ന് വിളിച്ച് സ്വന്തം ഗോത്രത്താൽ തിരസ്കരിക്കപ്പെട്ട പെൺകുട്ടിയായിരുന്നു ബുധിനി. കഴിഞ്ഞ ദിവസമാണ് തന്റെ 85 -ാമത്തെ വയസ്സിൽ ബുധിനി മെജാൻ അന്തരിച്ചത്.
ആരാണ് ബുധിനി മെജാൻ?
1959 ഡിസംബർ ആറ്... ജാർഖണ്ഡിലെ പാഞ്ചേത്ത് അണക്കെട്ടിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കുന്ന ദിവസം. അന്ന് അവിടുത്തെ നിർമ്മാണത്തൊഴിലാളിയായിരുന്നു 15 -കാരിയായ ബുധിനി. അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്. നെഹ്റുവിനെ സ്വീകരിക്കാൻ നിൽക്കുന്നവരുടെ കൂട്ടത്തിൽ അന്ന് ബുധിനിയും ഉണ്ടായിരുന്നു. ദാമോദർവാലി കോർപറേഷൻ അധികൃതരാണ് അന്ന് നെഹ്റുവിന് പൂമാല നൽകി സ്വീകരിക്കാൻ ബുധിനിയെ ചുമതലപ്പെടുത്തിയത്.
അങ്ങനെ നെഹ്റുവെത്തി. തന്നെ ചുമതലപ്പെടുത്തിയത് പോലെ ബുധിനി നെഹ്റുവിനെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ, വളരെ സ്നേഹത്തോടെ ആ മാല നെഹ്റു തിരികെ ബുധിനിക്ക് തന്നെ ഇട്ടുകൊടുത്തു. ഒപ്പം ആ അണക്കെട്ട് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഗോത്രജനതയുടെ പ്രതിനിധിയായി ബുധിനിയെക്കണ്ട നെഹ്റു അവളെ കൂടി ഉൾപ്പെടുത്തിയാണ് അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
എന്നാൽ, ചടങ്ങ് കഴിഞ്ഞതോടെ ആ 15 -കാരിയുടെ ജീവിതത്തിൽ നടന്നത് മറ്റൊന്നായിരുന്നു. സന്താൾ വിഭാഗക്കാരിയായിരുന്നു ബുധിനി. തിരികെ എത്തിയ ബുധിനിയെ സ്വീകരിക്കാൻ അവളുടെ ഗോത്രം തയ്യാറായില്ല. കാരണം, നെഹ്റു അവൾക്ക് മാലയിട്ടത് വിവാഹമായി കണക്കാക്കുന്നു എന്നും നെഹ്റു സന്താൾ വിഭാഗക്കാരനല്ല എന്നതുമായിരുന്നു. അങ്ങനെ നെഹ്റുവിന്റെ വധു എന്നു പറഞ്ഞു കൊണ്ട് അവൾ തന്റെ ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെട്ടു.
പാഞ്ചേത്തിൽ താമസിക്കുകയായിരുന്ന സുധീർ ദത്ത എന്ന ബംഗാളി യുവാവാണ് പിന്നീട് അവൾക്ക് അഭയം നൽകിയത്. അങ്ങനെ അവർ ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. അവർക്ക് ഒരു മകളും പിറന്നു, രത്നാദത്ത എന്നായിരുന്നു പേര്. പിന്നീട്, സുധീർ ദത്ത മരിച്ചപ്പോഴും ബുധിനി പാഞ്ചേത്തിൽ തന്നെ തുടർന്നു. അസൻസോൾ എംപിയായിരുന്ന ആനന്ദഗോപാൽ മുഖോപാധ്യയിൽ നിന്നും ബുധിനിയെ കുറിച്ച് എല്ലാം അറിഞ്ഞ രാജീവ് ഗാന്ധി ബുധിനിക്ക് പിന്നീട് ദാമോദർവാലി കോർപറേഷനിൽ ജോലി സ്ഥിരപ്പെടുത്തി നൽകിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു ബുധിനിയുടെ അന്ത്യം. അവരുടെ സംസ്കാര ചടങ്ങുകൾ നടത്തിയത് പഞ്ചായത്തും ദാമോദർവാലി കോർപറേഷനും ചേർന്നാണ്. ബുധിനി മരിക്കുന്നതോടെ പ്രധാനമന്ത്രി മാലയിട്ടതിന്റെ പേരിൽ സ്വന്തം ഇടത്തുനിന്നും തന്നെ ഇറക്കിവിടപ്പെട്ട ഒരു പെൺകുട്ടി കൂടിയാണ് ഇല്ലാതെയാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം