Asianet News MalayalamAsianet News Malayalam

മൊബൈൽ മോഷ്ടിച്ച ആളെ സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ കണ്ടെത്തി, തലക്കടിച്ച് ഫോൺ തിരികെ വാങ്ങി യുവതി

പല്ലവി ഒച്ച വയ്ക്കാതെ പതിയെ അയാളുടെ പുറകിലൂടെ ചെന്ന് അവിടെക്കിടന്ന ഒരു  കമ്പുകൊണ്ട് തലക്കടിച്ചു. ഭയന്നുപോയ കള്ളൻ രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ ഫോൺ അയാളുടെ കയ്യിൽ നിന്നും താഴെ വീണു.

woman found mobile thief with the help of smart watch
Author
First Published Oct 6, 2022, 6:17 PM IST

ഈ യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം താരം. തൻറെ കയ്യിൽ നിന്നും മൊബൈൽ തട്ടിപ്പറിച്ച് ഓടിയ കള്ളനെ സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ കണ്ടെത്തി തലയ്ക്ക് അടിച്ച് ഫോൺ തിരികെ വാങ്ങിയ ഗുരുഗ്രാമിലെ പല്ലവി കൗശിക് എന്ന യുവതിയാണ് ആ ധീര.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞമാസമാണ് പല്ലവിയുടെ ഫോൺ മോഷണം പോയത്. ഒരു പലചരക്ക് കടയിൽ നിന്നും സാധനം വാങ്ങി യുപിഐ പിൻ ഉപയോഗിച്ച് പണം നൽകി കൊണ്ടിരിക്കുന്നതിനിടയിലാണ് സമീപത്തു നിന്ന് ഒരാൾ പല്ലവിയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു ഓടിയത്. ഇയാൾ ഏറെ നേരമായി തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്ന് പിന്നീട് പല്ലവി പൊലീസിനോട് പറഞ്ഞു. ഫോൺ കള്ളൻ തട്ടിപ്പറിച്ചതും സഹായത്തിനായി അവർ ഉറക്കെ കരഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പക്ഷേ കള്ളനെ വെറുതെ വിടാൻ പല്ലവി തയ്യാറായിരുന്നില്ല അവൾ 200 മീറ്ററോളം കള്ളന്റെ പിന്നാലെ ഓടി. പക്ഷേ അതിനിടയിൽ അയാൾ ഏതോ ഒരു ഊടു വഴിയിലൂടെ രക്ഷപ്പെട്ടു.

പക്ഷേ പല്ലവി അയാളെ വിടാൻ തയ്യാറായിരുന്നില്ല. കാരണം അവളുടെ ജോലിയുമായി ബന്ധപ്പെട്ടത് അടക്കമുള്ള മുഴുവൻ രേഖകളും കോൺടാക്ടുകളും ആ ഫോണിലായിരുന്നു ഉണ്ടായിരുന്നത്. അവൾ തൻറെ സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ കള്ളന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ശ്രമിച്ചു. അതിലൂടെ കള്ളൻ തൊട്ടടുത്ത് എവിടെയോ ഉണ്ട് എന്ന് അവൾ മനസ്സിലാക്കി. അങ്ങനെ മണിക്കൂറുകൾ അലഞ്ഞുതിരിഞ്ഞു നടത്തിയ തിരച്ചിലിനൊടുവിൽ അവൾ കള്ളനെ കണ്ടെത്തി. ആരും അധികം ശ്രദ്ധിക്കാത്ത ഒരു ഇടവഴിയിലിരുന്ന് ഫോൺ പരിശോധിക്കുകയായിരുന്നു അയാൾ. 

പല്ലവി ഒച്ച വയ്ക്കാതെ പതിയെ അയാളുടെ പുറകിലൂടെ ചെന്ന് അവിടെക്കിടന്ന ഒരു  കമ്പുകൊണ്ട് തലക്കടിച്ചു. ഭയന്നുപോയ കള്ളൻ രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ ഫോൺ അയാളുടെ കയ്യിൽ നിന്നും താഴെ വീണു. ഉടൻതന്നെ പല്ലവി ഫോൺ എടുത്തു പരിശോധിച്ചില്ലെങ്കിലും ഇതിനിടയിൽ അയാൾ അവളുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ യുപിഐ പിൻ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത് എടുത്തിരുന്നു. രാത്രി ഒമ്പതരയോടെയാണ് അവൾ കള്ളനെ കണ്ടെത്തിയത്.

തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും കള്ളനെ കണ്ടെത്താൻ ആയിട്ടില്ല. ഏതായാലും പല്ലവിയുടെ ധീരമായ പ്രവർത്തിക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios