സംഘത്തിനൊപ്പം ചേർന്നതോടെ കൗറ തന്റെ പേര് മാറ്റി 'അസ്നത്ത്' എന്നാക്കിയിട്ടുണ്ട്. 'ദാസി'യായിട്ടാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.

36 -കാരിയെ കാണാനില്ലെന്ന് കുടുംബം. എന്നാൽ, തന്നെ കാണാതായതല്ല എന്നും താൻ മുതിർന്നൊരു വ്യക്തിയാണ്, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണ് എന്നും അധികൃതരോട് യുവതി. തന്നെ തന്റെ വഴിക്ക് വിടണമെന്നും യുവതി അപേക്ഷിച്ചു. ടെക്സാസിൽ നിന്നുള്ള കൗറ ടെയ്‌ലറിന്റെ കുടുംബമാണ് അവളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയത്. എന്നാൽ, സ്കോട്ട്ലാൻഡിലെ 'കിങ്ഡം ഓഫ് കുബാല' സംഘത്തോടൊപ്പമാണ് കൗറയുള്ളത് എന്ന വിവരം അവൾ തന്നെ പുറംലോകത്തെ അറിയിക്കുകയായിരുന്നു.

'കിങ്ഡം ഓഫ് കുബാല' എന്നറിയപ്പെടുന്ന ഈ സംഘം എഡിൻബർഗിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ മാറി ജെഡ്ബർഗിനടുത്തുള്ള വനപ്രദേശങ്ങളിൽ സംഘം ഒരു ക്യാമ്പ് തയ്യാറാക്കിയതായും അവിടെ അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ യുവതി കഴിയുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

'നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പൂർവ്വികർക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുകയാണ് തങ്ങൾ' എന്നാണ് ഈ സ്വയം പ്രഖ്യാപിത ഗോത്രം അവകാശപ്പെടുന്നത് എന്നാണ് യുകെ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ എസ്‌ഡബ്ല്യുഎൻ‌എസിലെ റിപ്പോർട്ട് പറയുന്നത്.

സംഘത്തിനൊപ്പം ചേർന്നതോടെ കൗറ തന്റെ പേര് മാറ്റി 'അസ്നത്ത്' എന്നാക്കിയിട്ടുണ്ട്. 'ദാസി'യായിട്ടാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ക്യാമ്പിൽ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിൽ അവർ പറയുന്നത്, തന്നെ കാണാതായതല്ല എന്നാണ്. 'യുകെ അധികൃതർക്ക്' എന്നു പറഞ്ഞാണ് അവർ വീഡിയോസന്ദേശം തുടങ്ങുന്നത്. 'തീർച്ചയായും തന്നെ കാണാതായിട്ടില്ല. എന്നെ വെറുതെ വിടൂ. ഞാൻ ഒരു മുതിർന്ന ആളാണ്, നിസ്സഹായയായ കുട്ടിയല്ല' എന്നും അവർ വീഡിയോയിൽ പറയുന്നു.

അതേസമയം, എന്നുമുതലാണ് കൗറയെ കാണാതായത്, എന്തുകൊണ്ടാണ് വീട്ടുകാർക്ക് അവളെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലാത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

'കിങ്ഡം ഓഫ് കുബാല'

ഒരുകാലത്ത് ‘കോഫി ഓഫെ’ എന്നറിയപ്പെട്ടിരുന്ന മുൻ ഓപ്പറ ഗായകനായ 36 വയസ്സുകാരൻ അതെഹെൻ, ഇയാളുടെ ഭാര്യ നന്ദി എന്നിവരാണ് കിങ്ഡം ഓഫ് കുബാല ഭരിക്കുന്നത്. രാജാവ്, രാജ്ഞി എന്നാണ് ഇവർ അറിയപ്പെടുന്നത്. മറ്റ് നിയമങ്ങളല്ല, മറിച്ച് യഹോവയുടെ നിയമങ്ങളാണ് തങ്ങൾ അനുസരിക്കുന്നത് എന്നാണ് അവർ പറയുന്നത്. തങ്ങള്‍ പരമാവധി പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന്, പ്രകൃതിയെ ആശ്രയിച്ച് ലളിതമായ ജീവിതമാണ് നയിക്കുന്നത്, തങ്ങളെ സൃഷ്ടിച്ച യഹോവയുടെ സംരക്ഷണം എപ്പോഴും തങ്ങള്‍ക്കൊപ്പമുണ്ട് എന്നും ഇവര്‍ പറയുന്നു.