മഹാമാരിക്ക് മുമ്പ് എഡ്ന തനിച്ചായിരുന്നു താമസം. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്തെ ഒറ്റപ്പെടല്‍ അവരുടെ ആത്മവിശ്വാസം തകര്‍ത്തു കളഞ്ഞു. അങ്ങനെയാണ് നൂറാം പിറന്നാളിന് തനിച്ചായതും.
കെയര്‍ ഹോമി(Care home)ല്‍ കഴിയുന്ന വൃദ്ധയ്ക്ക് നൂറ്റിയൊന്നാം പിറന്നാളിന് സര്‍പ്രൈസ് പാര്‍ട്ടി. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തനിച്ചായിരുന്നു അവരുടെ നൂറാം പിറന്നാള്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് ഗ്ലാസ്‌ഗോയിലെ ഷോലാൻഡ്‌സിലെ ഹെക്ടർ ഹൗസ് കെയര്‍ ഹോമിലേക്ക് എഡ്ന ക്ലേട്ടൺ(Edna Clayton) മാറുന്നത്. കഴിഞ്ഞ വർഷം നൂറാം ജന്മദിനം അവര്‍ വീട്ടിൽ ഒറ്റയ്ക്ക് ചെലവഴിക്കുകയായിരുന്നു. കാർഡുകളോ സന്ദർശകരോ ആഘോഷമോ ഒന്നുമില്ലാതെ.
നൂറാം പിറന്നാള്‍ ആഘോഷമില്ലാതെ തനിച്ചാണ് എഡ്ന കഴിഞ്ഞുപോയത് എന്ന് കെയര്‍ ഹോമിലെ ജീവനക്കാര്‍ മനസിലാക്കി. തുടര്‍ന്ന്, കെയര്‍ഹോം മാനേജര്‍ ആഞ്ചെലാ ടോഡ് പൊതുജനങ്ങളോട് എഡ്നയ്ക്ക് വേണ്ടി കാര്‍ഡുകളയക്കാന്‍ അപേക്ഷിച്ചു. ഏതായാലും 30,000 -ത്തിലധികം കാര്‍ഡുകളാണ് എഡ്നയെത്തേടിയെത്തിയത്. ഇതെല്ലാം കണ്ട മുത്തശ്ശി അമ്പരപ്പിലും ആഹ്ളാദത്തിലും ആയി എന്ന് പ്രത്യേകം പറയേണ്ടല്ലോ.

'അത് തികച്ചും അവിശ്വസനീയം ആയിരുന്നു, ഒരു ഇരുപതോ മുപ്പതോ കാര്‍ഡ് വരും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, 30,000 ആണ് വന്നത്' എന്ന് ആഞ്ചെലാ പറയുന്നു. എഡ്ന, ഐടിവി ഷോയുടെ വലിയ ആരാധികയാണ്. 'ഗുഡ് മോര്‍ണിംഗ് ബ്രിട്ടന്‍' തീമിലുള്ള പിറന്നാള്‍ കാര്‍ഡ് അതുകൊണ്ട് തന്നെ അവരെ ഒരേസമയം അമ്പരപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്തു.

എഡ്ന ജീവിതം മുഴുവനും അവരുടെ ഡൗണ്‍ സിന്‍ഡ്രോം ഉള്ള മകന് വേണ്ടിയാണ് ജീവിച്ചത്. അവനെ പിന്നീട് ഷെല്‍റ്റേഡ് അക്കമഡേഷനിലാക്കി. മഹാമാരിക്ക് മുമ്പ് എഡ്ന തനിച്ചായിരുന്നു താമസം. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്തെ ഒറ്റപ്പെടല്‍ അവരുടെ ആത്മവിശ്വാസം തകര്‍ത്തു കളഞ്ഞു. അങ്ങനെയാണ് നൂറാം പിറന്നാളിന് തനിച്ചായതും. പിന്നീട് അവർ കെയർഹോമിലേക്ക് മാറുകയായിരുന്നു. ഏതായാലും അതുകൊണ്ട് തന്നെ ജീവനക്കാരെല്ലാം ചേര്‍ന്ന് എഡ്നയുടെ നൂറ്റിയൊന്നാം പിറന്നാള്‍ കളറാക്കി. ബ്രേക്ക്ഫാസ്റ്റിനും കേക്കിനും ഷാമ്പെയിനും ശേഷം എഡ്നയേയും കൊണ്ട് അവരുടെ ജന്മനാട്ടിലൂടെ സ്റ്റാഫ് ഒരു ട്രിപ്പും പോയി. നിരവധിയാളുകളാണ് എഡ്നയ്ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
