ചുവപ്പ് നിറമാണ് അപകട സൂചന നൽകുന്നതെന്ന് തനിക്ക് അറിയാമെന്നും, അപകട സാധ്യതയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാമെന്ന് കരുതിയാണ് താൻ സാരി അഴിച്ച് ട്രാക്കിൽ കെട്ടിയതെന്നും ഓംവതി പറഞ്ഞു.
ഉത്തർപ്രദേശിൽ ഒരു എഴുപത് വയസുകാരിയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു വലിയ ട്രെയിൻ ദുരന്തം ഒഴിവായി. ഇറ്റ(Etah) ജില്ലയുടെ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള കുസ്ബ റെയിൽവേ സ്‌റ്റേഷനു(Kusba railway station) സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. റെയിൽവേ പാളങ്ങൾ തകർന്നത് കണ്ടെത്തിയ ഓംവതി(Omvati) എന്ന സ്ത്രീ തന്റെ ചുവന്ന സാരി ഊരി ട്രാക്കിന്റെ രണ്ടറ്റത്തും കെട്ടി, ലോക്കോപൈലറ്റിന് അപായ സൂചന നൽകി. ഇത് കണ്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയും ചെയ്തു. ബുദ്ധിമതിയായ ആ സ്ത്രീയുടെ യുക്തിപൂർവ്വമായ ഇടപെടൽ നിരവധി ജീവനുകളെയാണ് രക്ഷിച്ചത്.
ഇറ്റാ ജില്ലയിലെ അവഗാർ ബ്ലോക്കിലെ ഗുലേരിയ ഗ്രാമത്തിലാണ് ഓംവതി താമസിക്കുന്നത്. പതിവ് പോലെ ജോലിക്കായി വയലിലേക്ക് പോകുന്നതിനിടെയാണ് അവർ അത് ശ്രദ്ധിച്ചത്, റെയിൽവേ ട്രാക്കിൽ ഒരു വലിയ വിള്ളൽ. ട്രെയിൻ വരാൻ ഇനി അധികം സമയമില്ലെന്ന് അവർക്കറിയാം. അപായസൂചന നൽകാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ എന്നവർ ചുറ്റും നോക്കി. ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ അവർ ചുറ്റിയിരുന്ന ചുവന്ന സാരി അഴിച്ച് ട്രാക്കുകൾക്കിരുവശം കെട്ടാൻ തീരുമാനിച്ചു. തുടർന്ന്, സമീപത്തെ മരത്തിന്റെ കമ്പുകൾ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തി നിർത്തി അതിൽ അവരുടെ ചുവന്ന സാരി അവർ കെട്ടി. നോക്കി നിൽക്കുന്ന സമയം കൊണ്ട് ട്രെയിൻ പാഞ്ഞെത്തി. ഇറ്റയിൽ നിന്ന് തുണ്ട്‌ലയിലേക്ക് പോകുന്ന ഒരു പാസഞ്ചർ ട്രെയിനായിരുന്നു അത്. എന്നാൽ, പാളങ്ങൾക്ക് കുറുകെയായി ചുവന്ന നിറത്തിലുള്ള തുണി കണ്ട് അപകടം മനസ്സിലാക്കിയ ലോക്കോപൈലറ്റ് ബ്രേക്ക് ചവിട്ടി. അങ്ങനെ ഒരു വലിയ ദുരന്തം ഒഴിവായി.
പിന്നീട് പാളത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ട പാസഞ്ചർ ട്രെയിനിന്റെ ഡ്രൈവർ തന്റെ സീനിയർമാരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ട്രാക്കുകൾ നന്നാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂർ കഴിഞ്ഞ് ട്രെയിൻ യാത്ര തുടരുകയും ചെയ്തു. ചുവപ്പ് നിറമാണ് അപകട സൂചന നൽകുന്നതെന്ന് തനിക്ക് അറിയാമെന്നും, അപകട സാധ്യതയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാമെന്ന് കരുതിയാണ് താൻ സാരി അഴിച്ച് ട്രാക്കിൽ കെട്ടിയതെന്നും ഓംവതി പറഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായ ഓംവതിയെ ട്രെയിനിന്റെ ഡ്രൈവർ അഭിനന്ദിക്കുകയും അവരുടെ ഈ നല്ല പ്രവൃത്തിയ്ക്കുള്ള ഒരു പാരിതോഷികമായി 100 രൂപ സമ്മാനമായി അവർക്ക് നൽകുകയും ചെയ്തു. എന്നാൽ, ഏറെ നിർബന്ധിച്ചതിന് ശേഷം മാത്രമാണ് അവർ അത് സ്വീകരിച്ചത്.
അതേസമയം, സച്ചിൻ കൗശിക് എന്ന യുപിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആ സ്ത്രീയുടെ മനഃസാന്നിധ്യത്തെ അഭിനന്ദിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ, നടന്ന സംഭവമെല്ലാം പങ്കിടുകയുണ്ടായി. "രാവിലെ വയലിൽ ജോലിക്ക് പോകവേ ഓംവതി പാളം തകർന്നത് കാണാൻ ഇടയായി. ട്രെയിൻ വരാൻ തുടങ്ങിയപ്പോൾ, ഒരു അപായ സൂചനയായി ട്രാക്കിന് കുറുകെ കമ്പുപയോഗിച്ച് അവർ ധരിച്ചിരുന്ന തന്റെ ചുവന്ന സാരി വിരിച്ചു കെട്ടി," സച്ചിൻ കൗശിക് ട്വീറ്റ് ചെയ്തു. ഇതോടെ സംഭവം വെളിച്ചത്ത് വരുകയും, വൃദ്ധയുടെ ധീരമായ നീക്കത്തെയും, ബുദ്ധിപരമായ ഇടപെടലിനെയും ആളുകൾ പ്രശംസിക്കുകയും ചെയ്തു.
