മൂന്ന് മാസത്തിലൊരിക്കൽ 20-30 ടൺ ഉപ്പാണ് സ്ത്രീകൾ ഉൽപ്പാദിപ്പിക്കുന്നത്. അവരുടെ ഒരേയൊരു പ്രതീക്ഷ ഈ വ്യവസായമാണെന്ന് അൽ-ഹാസി അസോസിയേഷൻ മേധാവി ഖമീസ് ബഹ്‌ത്രൂഷ് പറഞ്ഞു.
വർഷങ്ങളായുള്ള യുദ്ധത്തിന്റെ ഫലമായി വേദനയും ദുരിതവും പേറി തളർന്നുപോയ ഒരു ജനതയാണ് യെമനി(Yemen)ലുള്ളത്. ഒട്ടിയ വയറും, വറ്റിയ കണ്ണുനീരുമായി അവർ അവിടെ കഴിയുന്നു. എന്നാൽ, ഇപ്പോൾ അവർക്ക് ആശ്വാസമാവുകയാണ് അവിടത്തെ ഉപ്പ് വ്യവസായം. ഏഴ് വർഷത്തെ യുദ്ധത്തിന് ശേഷം ഈ പരമ്പരാഗത വ്യവസായം അവർക്ക് വീണ്ടും താങ്ങാകുന്നു. തീരദേശ കുളങ്ങളിൽ നിന്ന് ശേഖരിക്കുന്ന വെള്ള പരലുകൾ ശേഖരിച്ച്, യെമനിലെ സ്ത്രീകൾ ഇപ്പോൾ ഉപ്പ് കുറുക്കിയെടുക്കുന്നു.
യെമന്റെ തെക്കൻ തീരത്തുള്ള ഏദൻ ഉൾക്കടലിന് അഭിമുഖമായി നിൽക്കുന്ന ഒരു ഗ്രാമത്തിലാണ് സാകിയ ഒബെയ്ദ് താമസിക്കുന്നത്. അവളോടൊപ്പം ഈ ഉപ്പ് കുറുക്കിയെടുക്കാൻ പ്രവർത്തിക്കുന്നത് 500 ഓളം സ്ത്രീകളാണ്. "ഞങ്ങൾ സഹകരിച്ച് ഷിഫ്റ്റുകളിലായി ജോലി ചെയ്യും. കാരണം പട്ടിണിയുടെ മുൻപിൽ എല്ലാവരും ഒന്നാണ്. ഞങ്ങൾക്ക് പരസ്പരം ബുദ്ധിമുട്ടുകൾ മനസിലാകും" ഒബെയ്ദ് പറഞ്ഞു. യെമനിൽ തൊഴിലവസരങ്ങൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന ജോലികൾ സ്ത്രീകൾ പരസ്പരം പങ്കിട്ട് ചെയ്യുന്നു.
സ്ത്രീകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ആദ്യ സംഘത്തിലെ ഓരോരുത്തർക്കും ആദ്യ 15 ദിവസം പണി കിട്ടും. അതുകഴിഞ്ഞ് അവർ വിശ്രമിക്കുമ്പോൾ, അടുത്ത സംഘം പണിക്കിറങ്ങും. നഗ്നമായ പാദങ്ങളാലും, ചെളി പുരണ്ട വസ്ത്രങ്ങളാലും അവർ കഠിനാധ്വാനം ചെയ്യുന്നു. വേലിയിറക്കത്തിൽ തടം കുഴിച്ച്, കടൽവെള്ളം ബാഷ്പീകരിക്കുന്നു. തുടർന്ന് ഉപ്പ് സ്വാംശീകരിച്ച് അത് പാക്കറ്റുകളിലായി വിൽക്കുന്നു.
ഇത് അവിടെ കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു ഉപജീവനമാർഗമാണ്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു തൊഴിൽ. എന്നാൽ, ഇപ്പോൾ ഇത് അതിജീവനത്തിനുള്ള ഒരു മാർഗമാണ്. നിരവധി കുടുംബങ്ങളുടെ ഏക വരുമാന മാർഗം. ഉപ്പ് കുറുക്കിയെടുക്കുന്നതിനും പ്ലാസ്റ്റിക് കൂടകളിൽ പാക്ക് ചെയ്യുന്നതിനും സ്ത്രീകൾക്ക് പ്രതിമാസം 100 ഡോളർ ലഭിക്കും.
2020 -ൽ അൽ-ഹാസി അസോസിയേഷൻ ഫോർ സീ സാൾട്ട് പ്രൊഡക്ഷൻ രൂപീകരിച്ചത് മുതൽ, യെമനിലുടനീളം ഉപ്പ് പൊടിച്ച് പായ്ക്ക് ചെയ്ത് വിൽക്കാൻ സ്ത്രീകൾക്ക് കഴിയുന്നു. അതിനുമുമ്പ്, ഇതേ ജോലി തന്നെയാണ് ചെയ്യാറുള്ളതെങ്കിലും, ഉപ്പ് അസംസ്കൃതമായി മാത്രമേ അവർക്ക് വിൽക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, അത് പൊടിച്ച് വിതരണം ചെയ്യാം. കാരണം അസോസിയേഷൻ അത് പൊടിക്കാനും, കവറുകളിൽ ആക്കാനും, വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാനും സഹായിക്കുന്നു. മൂന്ന് മാസത്തിലൊരിക്കൽ 20-30 ടൺ ഉപ്പാണ് സ്ത്രീകൾ ഉൽപ്പാദിപ്പിക്കുന്നത്. അവരുടെ ഒരേയൊരു പ്രതീക്ഷ ഈ വ്യവസായമാണെന്ന് അൽ-ഹാസി അസോസിയേഷൻ മേധാവി ഖമീസ് ബഹ്‌ത്രൂഷ് പറഞ്ഞു.
വേനൽക്കാലത്തേക്കാൾ ശൈത്യകാലത്ത് ഉൽപ്പാദനം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ബാഗും ഏകദേശം 3,000 യെമൻ റിയാലിനാണ് വിൽക്കുന്നത്. പക്ഷേ, രാജ്യത്ത് പണപ്പെരുപ്പം വളരെ അധികമാണ്. അത് കൊണ്ട് തന്നെ അവർക്ക് വലിയ ലാഭമൊന്നും ഉണ്ടാക്കാൻ സാധിക്കുന്നില്ല. "ഇതാണ് അവരുടെ ഏക വരുമാന മാർഗ്ഗം, അവർക്ക് മറ്റൊന്നും ഇല്ല. ഫാമുകളില്ല, കന്നുകാലികളില്ല" അദ്ദേഹം പറഞ്ഞു. സംഘട്ടനത്തിൽ പുരുഷൻമാർ നഷ്ടപ്പെടുന്നത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ വർധിപ്പിച്ചതായി യുഎൻ പോപ്പുലേഷൻ ഫണ്ട് പറഞ്ഞു. “അടിസ്ഥാന വിദ്യാഭ്യാസമോ തൊഴിലധിഷ്ഠിത പരിശീലനമോ ഒന്നും തന്നെയില്ലാത്ത സ്ത്രീകൾ പെട്ടെന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമ്പോൾ അത് കൂടുതൽ പ്രയാസകരമാണ്” അതിൽ പറയുന്നു.
