1920 -കളുടെ പകുതി മുതൽ മരണത്തിനു കീഴടങ്ങിയ 1953 വരെ റഷ്യ അടക്കിവാണ കമ്യൂണിസ്റ്റ് നേതായിരുന്നു ജോസഫ് വിസ്സാരിയോനോവിച്ച്  സ്റ്റാലിൻ. അദ്ദേഹത്തിൻെറ സ്വകാര്യജീവിതത്തെക്കുറിച്ചോ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ അറിയാൻ ഇടവന്നിട്ടുളളവർ റഷ്യയിൽ തന്നെ ചുരുക്കമാണ്. സ്റ്റാലിന്റെ ജീവിതത്തിന്റെ പലഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ കിടപ്പറ പങ്കിട്ടിട്ടുള്ള, ആ സ്വേച്ഛാധിപതിയുടെ സ്വഭാവത്തിന്റെ എല്ലാ സൂക്ഷ്മവശങ്ങളും അടുത്തറിഞ്ഞ് ഇടപഴകിയിട്ടുള്ള ഏഴു സ്ത്രീകളെക്കുറിച്ചാണ് ഇനി. 

ഏകാത്തറീന സ്വാനിഡ്സെ : പാവപ്പെട്ട കുടുംബത്തിൽ നിന്നെത്തിയ സ്റ്റാലിന്റെ ആദ്യഭാര്യ

വല്ലാത്ത നാണക്കാരിയായിരുന്നു സ്റ്റാലിൻ ആദ്യമായി വിവാഹം കഴിച്ച  'കാറ്റോ' എന്നുവിളിച്ചിരുന്ന ഏകാത്തറീന സ്വാനിഡ്സെ എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്നേഹിതർ സന്ദർശനത്തിനായി വീട്ടിലെത്തുമ്പോൾ ലജ്ജിച്ച്, തീന്മേശയ്ക്ക് ചോട്ടിൽ പോയി ഒളിച്ചിരിക്കും അവർ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ടിഫിലിസ് സ്പിരിച്വൽ സെമിനാരിയിൽ പഠിച്ചിരുന്ന തന്റെ സഹോദരനായ അലക്‌സാണ്ടറിന്റെ സതീർഥ്യനായിരുന്ന സ്റ്റാലിൻ സഖാവിനെ പരിചയപ്പെടുന്നത് ജ്യേഷ്ഠനൊപ്പം  വീട്ടിൽ വന്നപ്പോഴാണ്. ഇരുപത്തിനാലുകാരനായ സ്റ്റാലിന് പ്രഥമദർശനത്തിൽ തന്നെ തന്റെ സഖാവിന്റെ അനിയത്തിയെ ഇഷ്ടമായി. കാറ്റോ'യെ വിവാഹം കഴിക്കണം എന്ന തന്റെ ആഗ്രഹം സ്റ്റാലിൻ അറിയിച്ചപ്പോൾ അവൾക്ക് പ്രായം വെറും പതിനാറുമാത്രം. കടുത്ത ദാരിദ്ര്യത്തിൽ പുലർന്നിരുന്ന പെൺവീട്ടുകാർ ഒരേയൊരു നിബന്ധനയേ വെച്ചുള്ളൂ, മോളുടെ കല്യാണം ഒരു പള്ളിയിൽ വെച്ച് ക്രിസ്തീയചടങ്ങുകൾ പ്രകാരം നടത്തണം. 

 

 

അങ്ങനെ 1906 -ൽ അവർ വിവാഹിതരായി. അതേ വർഷം തന്നെ കാറ്റോ സ്റ്റാലിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു നൽകുകയും ചെയ്തു. അവർ അവനെ യാക്കോവ് എന്നു വിളിച്ചു. എന്നാൽ, ആ ദാമ്പത്യം അല്പായുസ്സായിരുന്നു. അടുത്തവർഷം ക്ഷയരോഗത്തിന്റെ രൂപത്തിൽ അകാലമരണം കാറ്റോയെ തേടിയെത്തി. ആ മരണം സ്റ്റാലിനെ ഏറെ ഉലച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭാര്യയെ അടക്കുന്ന ചടങ്ങിനിടെ ആ കുഴിയിലേക്ക് വികാരവിക്ഷുബ്ധനായി ഒപ്പം ചാടി സ്‌റ്റാലിൻ എന്നുവരെ ദൃക്‌സാക്ഷി വിവരണങ്ങളുണ്ട്. 

മരിയയും ലിഡയും - ഒളിവിലെ ഓർമ്മകൾ

കാറ്റോയുടെ വിയോഗത്തിന് ശേഷം, നാട്ടിൽ നിന്നുണ്ടായ രാഷ്ട്രീയമായ ഭീഷണികൾ കാരണം അഞ്ചു തവണ സ്‌റ്റാലിൻ സൈബീരിയൻ മരുഭൂമിയിലേക്ക് ഒളിവിൽ കഴിയാൻ വേണ്ടി പോയിട്ടുണ്ട്. ആ അജ്ഞാതവാസങ്ങൾക്കായി, ഒളിവിൽ പാർക്കാൻ പാർട്ടി സംഘടിപ്പിച്ചു നൽകിയ വീടുകളിലെ യുവതികളുമായി രണ്ടു പ്രാവശ്യമെങ്കിലും സ്റ്റാലിന് ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന്‌ റഷ്യ ബിയോണ്ട് എന്ന റഷ്യൻ വെബ്‌സൈറ്റ് പറയുന്നുണ്ട്. 

സ്റ്റാലിന്റെ ഒളിവിലെ ആദ്യത്തെ പ്രണയത്തിന്റെ പേര് മരിയാ കുസാക്കോവ എന്നായിരുന്നു. നാലുമക്കളുള്ള ഒരു വിധവയായിരുന്നു അവർ. 1911 -ൽ അവർ തന്റെ വീട്ടിലെ ഒരു മുറി വാടകയ്ക്ക് കഴിയാൻ സ്റ്റാലിന് നല്കിയതായിരുന്നു മരിയ. ഒളിവുകാലം പുരോഗമിക്കുന്നതിനിടെ  അവർ സ്റ്റാലിനിൽ നിന്ന് ഗർഭം ധരിച്ചു. എന്നാൽ അതിനടുത്ത വർഷം, അതായത് 1912 -ൽ സ്റ്റാലിന് പാർട്ടിയിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് പാർട്ടിയുടെ ബ്രാഞ്ചുതുടങ്ങാനും വിപ്ലവം നയിക്കാനുമുള്ള നിർദേശം കിട്ടുന്നു. അത് സൈബീരിയയിൽ നിന്ന് ഏറെ ദൂരെയായിരുന്നു. രായ്ക്കുരാമാനം സ്ഥലംവിടേണ്ടി വന്നതുകൊണ്ട്, മരിയയിൽ തനിക്കുപിറന്ന മകനെ, കോസ്ത്യയെ ഒരുനോക്ക് കാണാനുള്ള യോഗം പോലും സ്റ്റാലിന് സിദ്ധിക്കുന്നില്ല. 

 

സ്റ്റാലിനും ലിഡ പെരെപ്രിഗിനയും 

ഒളിവിലെ അടുത്ത പ്രണയം, അടുത്ത സൈബീരിയൻ ഒളിവുകാലത്ത്, 1914 -ൽ ലിഡ പെരെപ്രിഗിനയുമായിട്ടായിരുന്നു. അപ്പോഴേക്കും സ്റ്റാലിനെന്ന വിപ്ലവകാരിക്ക് വയസ്സ് 37 പിന്നിട്ടിരുന്നു. ഇത്തവണ പ്രണയത്തിലായ കർഷകകുടുംബത്തിലെ പെൺകുട്ടിക്ക് പ്രായം വെറും പതിനാലുമാത്രം. അതും ഇതുപോലെ വാടകയ്ക്ക് കഴിഞ്ഞ ഒരു വീട്ടിലെ പെൺകുട്ടിയായിരുന്നു. അവർ തമ്മിൽ രണ്ടു വർഷത്തോളം തുടർന്ന പ്രണയം രണ്ടു പ്രസവങ്ങളിൽ കലാശിച്ചു. ആദ്യത്തെ കുഞ്ഞ് പിറന്നു വീണ് അധികനാൾ കഴിയും മുമ്പേ ജ്വരബാധയാൽ മരിച്ചു പോയി. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത് 1917 ഏപ്രിലിൽ ആണ്. ആ കുഞ്ഞിനെ അലക്‌സാണ്ടർ എന്നുപേരിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഴപ്പിച്ചു എന്നും പറഞ്ഞ് ആ ഗ്രാമത്തിലെ ചിലർ ചേർന്ന് അന്ന് സ്റ്റാലിനെ തടഞ്ഞു വെക്കുന്നുണ്ട്. ആ ജനക്കൂട്ടത്തിന്റെ മുന്നിൽ വെച്ച് താൻ 'ലിഡയെ വിവാഹം കഴിച്ചുകൊള്ളാം' എന്ന്‌ വാക്കുനല്കിയാണ് അന്ന് സ്റ്റാലിൻ തടി കഴിച്ചിലാക്കുന്നത്. എന്നാൽ, അവിടത്തെ തന്റെ ഒളിവുജീവിതം മതിയാക്കാൻ പാർട്ടി പറഞ്ഞ അന്ന് ഒരാളോടും ഒരക്ഷരം മിണ്ടാതെ സ്റ്റാലിൻ അവിടെ നിന്ന് കടന്നുകളഞ്ഞു. 

ഒളിവിൽ സ്റ്റാലിന്റെ തൃഷ്ണകൾ ശമിപ്പിച്ച, അദ്ദേഹത്തിൽ നിന്ന് ഗർഭം ധരിച്ച ഈ രണ്ടു സ്ത്രീകളും പിന്നീട് തങ്ങളെ സ്വീകരിക്കണം എന്നുകാട്ടി സ്റ്റാലിന് കത്തെഴുതിയിരുന്നു എങ്കിലും അദ്ദേഹം ആ കത്തുകൾക്കൊന്നും മറുപടി അയച്ചതേയില്ല. പിന്നീട്, സ്റ്റാലിന്റെ അധികാരം ശക്തമായ 1930 -കളിൽ തങ്ങളുടെ മക്കളുടെ പിതൃത്വം രഹസ്യമായി സൂക്ഷിച്ചുകൊള്ളാം എന്ന രഹസ്യമായ ഉടമ്പടിയിൽ ഇരുവരെയും കൊണ്ട് നിർബന്ധിച്ച് ഒപ്പിടീക്കുകയാണ് സ്റ്റാലിൻ ചെയ്തത്. 

നാദെഷ്‌ദ അല്ലിലുയേവ, ഹൃദയം തുളച്ചു കടന്നുപോയ ഒരു വെടിയുണ്ട

നാദെഷ്‌ദ കോമ്രേഡ് സ്റ്റാലിന്റെ രണ്ടാമത്തെ ഭാര്യയാണ്. അവരുമായുള്ള സ്റ്റാലിന്റെ വൈവാഹിക ബന്ധം ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്നു. നാദിയയുടെ അമ്മ ഓൾഗ, സ്റ്റാലിന്റെ സുഹൃത്തായിരുന്നു. ബാക്കുവിലുള്ള അവരുടെ വീട്ടിൽ സ്റ്റാലിൻ പലവട്ടം പോയിട്ടുണ്ട്. ഒരിക്കൽ കടലിൽ വീണുപോയ നാദിയയെ സ്റ്റാലിൻ നീന്തിച്ചെന്നു രക്ഷിച്ചതിന്റെയും സാക്ഷ്യങ്ങൾ റഷ്യൻ ചരിത്രത്തിന്റെ ഭാഗമാണ്. സൈബീരിയയിലെ ഒളിവുകാലത്തിനു ശേഷം തന്റെ മുപ്പത്തേഴാം വയസ്സിൽ സ്റ്റാലിൻ തിരിച്ചു വന്നപ്പോഴാണ് നാദിയയുമായി അടുത്തിടപഴകാനുളള അവസരം അദ്ദേഹത്തിന് കിട്ടുന്നത്. അന്നും, പതിനാറുകാരിയായ നാദിയക്കായിരുന്നു സ്റ്റാലിനുമായി അസ്ഥിയിൽ പിടിച്ച പ്രണയം. സ്റ്റാലിനെ വിവാഹത്തിന് നിർബന്ധിച്ചതും അവർ തന്നെ. എന്നാൽ, നാദെഷ്‌ദ അല്ലിലുയേവക്ക് സ്റ്റാലിനോടുണ്ടായിരുന്ന തീവ്രപ്രണയം പന്ത്രണ്ടു കൊല്ലങ്ങൾക്കപ്പുറം അവസാനിച്ചത് അവരുടെ ആത്മാഹുതിയിലാണ്. 1931 -ൽ,  തന്റെ വാൾതർ പിസ്റ്റൾ കൊണ്ട് സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്തു മരിച്ചുകിടക്കുന്ന നിലയിൽ വീട്ടിലെ പരിചാരകനാണ് നാദെഷ്‌ദയെ കണ്ടെത്തുന്നത്. 

 

സ്റ്റാലിനും നാദെഷ്‌ദ അല്ലിലുയേവയും 

നാദെഷ്‌ദയെ തുടർച്ചയായി പത്തു തവണ ഗർഭം അലസിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട് സ്റ്റാലിൻ. ഭർത്താവിന്റെ പരുക്കൻ പെരുമാറ്റം താങ്ങാനാവാതെ ആത്മാഹുതി തിരഞ്ഞെടുത്തതാണ് നാദെഷ്‌ദ എന്ന്‌ ഒരു വാദമുണ്ട്. നാദെഷ്‌ദയുടെ അമ്മ ഓൾഗയുമായി തനിക്ക് മുൻകാലബന്ധമുണ്ടായിരുന്നു എന്ന് സ്റ്റാലിൻ ഒരു വഴക്കിനിടെ സൂചിപ്പിച്ചതും, താൻ ഒരു പക്ഷേ സ്റ്റാലിന്റെ മകൾ തന്നെ ആയിരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ആത്മസംഘർഷവുമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന്‌ റഷ്യൻ ജേർണലിസ്റ്റ് ആയ ഓൾഗ കുഷ്കിന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഓൾഗ ലെപ്പെൻഷിൻസ്കായ, വേര ദാവിദോവ - അരങ്ങിലെ പ്രണയങ്ങൾ 

അരങ്ങിൽ നൃത്തം ചെയ്തിരുന്ന ബാലെറിനകളോട് സ്റ്റാലിന് അടങ്ങാത്ത ആകർഷണം ഉണ്ടായിരുന്നു എന്ന്‌ മരിയ സ്വാനിസ്ഡേ തന്റെ ഡയറിക്കുറിപ്പുകളിൽ പറയുന്നുണ്ട്. ബാലെറിനകളിൽ സ്റ്റാലിന്റെ പ്രേമഭാജനം ഓൾഗ ലെപ്പെൻഷിൻസ്കായ ആയിരുന്നു. തനിക്ക് സ്റ്റാലിനുമായി പ്രേമബന്ധമുണ്ടായിരുന്നു എന്ന്‌ ഓൾഗ ഒരിക്കൽപ്പോലും തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ, സ്റ്റാലിൻ ബോൾഷോയി തിയേറ്റർ സന്ദർശിച്ചിരുന്നത് എന്നും ഓൾഗയുടെ പ്രകടനങ്ങളിൽ മതിമറന്നിരിക്കാൻ വേണ്ടിയായിരുന്നു. ഈ പ്രണയബന്ധം ഒരു നിഗൂഢതയായിട്ടാണ് അവസാനം വരെ തുടർന്നത്. 

 

സ്റ്റാലിനും ഓൾഗ ലെപ്പെൻഷിൻസ്കായയും 

മറ്റൊരു സുപ്രസിദ്ധ റഷ്യൻ ബാലെറിനയായ വേര ദാവീദോവ 'സ്റ്റാലിന്റെ കാമുകിയുടെ കുറ്റസമ്മതങ്ങൾ' എന്ന തന്റെ ആത്മകഥയിൽ സ്റ്റാലിനുമായുള്ള തന്റെ പത്തൊമ്പതുവർഷം നീണ്ടുനിന്ന ശാരീരിക ബന്ധത്തിന്റെ കഥകൾ തുറന്നെഴുതിയിട്ടുണ്ട്. അവർ തമ്മിലെ ആദ്യ രതിസംഗമം തന്നെ ഏറെ നിഗൂഢമായ ഒരു കഥയാണ്. ക്രെംലിനിൽ വെച്ച് നടന്ന ഒരു വിരുന്നിനിടെ, അന്ന് വിവാഹിതയായിരുന്ന വേര ദാവീദോവക്ക് ഒരു കുറിപ്പ് കിട്ടുന്നു. "സ്റ്റാലിൻ കൊണ്ടുചെല്ലാൻ ആളയച്ചിരിക്കുന്നു, ഡ്രൈവർ പുറത്ത് കാത്തുനിൽപ്പുണ്ട്". ആ വാഹനത്തിൽ ഒരു രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് നേരെ സ്റ്റാലിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ദാവീദോവയെ.

ചെന്നപാടെ നല്ല കടുപ്പത്തിൽ ഒരു കാപ്പിയിട്ടു നൽകി സ്റ്റാലിൻ. അതിനു ശേഷം അടുത്ത മുറിയിലേക്ക് ദാവീദോവയെ ആനയിച്ചു അദ്ദേഹം. ആ മുറിയിൽ വലിയൊരു സോഫ കിടപ്പുണ്ടായിരുന്നു. മുറിയിൽ കേറി സോഫയിൽ ഇരുന്ന പാടെ, ലൈറ്റണച്ചോട്ടെ എന്ന്‌ ദാവീദോവയോട് സ്റ്റാലിൻ അനുവാദം ചോദിച്ചു. വെളിച്ചം മുഖത്തു വീഴുന്നത് സംഭാഷണത്തിന് തടസ്സമാകും എന്നുകൂടി പറഞ്ഞ്, തന്റെ അതിഥിയുടെ അനുവാദത്തിനു കാക്കാതെ സ്റ്റാലിൻ മുറിയിലെ വെളിച്ചം പാടെ കെടുത്തി. അതിനു ശേഷം കോമ്രേഡ് സ്റ്റാലിന്റെ വായിൽ നിന്ന് വന്നത് അവരെ ഞെട്ടിച്ച ഒരു വാചകമായിരുന്നു, " കോമ്രേഡ് ദാവീദോവ, വിവസ്ത്രയാകൂ, എത്രയും പെട്ടെന്ന്..." 


വേര ദാവീദോവ

"ഞാൻ എങ്ങനെ ആ നിർദേശം അവഗണിക്കും. എങ്ങനെ അദ്ദേഹത്തോട് സഹകരിക്കാതിരിക്കും. ആ നിമിഷത്തെ വിസമ്മതം എന്നെ കൊണ്ടുചെന്നെത്തിക്കുക ഗുലാഗിൽ ആയിരിക്കും എന്നെനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്റെ ബലേറിന കരിയർ അതോടെ അസ്തമിക്കും. എന്നെ അദ്ദേഹം കൊടിയ മർദ്ദനങ്ങൾക്ക് വിധേയയാക്കി വധിക്കാനും മടിച്ചേക്കില്ലെന്നും എനിക്കറിയാമായിരുന്നു. " എന്ന്‌ ദാവീദോവ പിൽക്കാലത്ത് തന്റെ ആത്മകഥയിൽ എഴുതി. കോമ്രേഡുമായുള്ള ദാവീദോവയുടെ രഹസ്യബന്ധം തുടർന്ന് പോയ കാലത്ത് മോസ്കോയിലെ പോഷ് ഏരിയയിൽ തന്നെ അവർക്ക് താമസിക്കാൻ ഒരു രണ്ടുമുറി അപ്പാർട്ട്മെന്റ് കിട്ടി. അക്കാലയളവിൽ തന്നെ രാഷ്ട്രസേവന മികവിനുള്ള വിശ്രുതമായ സ്റ്റാലിൻ പുരസ്‌കാരം മൂന്നുതവണ ദാവീദോവയെ തേടിയെത്തി. 

വാലിയ ഇസ്തോമിന : സ്റ്റാലിന്റെ ജീവിതത്തിലെ അവസാനത്തെ സ്ത്രീ 

സ്റ്റാലിന്റെ അവസാന കാലത്ത് അദ്ദേഹത്തിന്റെ മാളികയിൽ പരിചാരികയായി നിയുക്തയായ മധ്യവയസ്കയായിരുന്നു വാലിയ ഇസ്തോമിന. അക്കാലത്ത് അങ്ങനെ നിയോഗിക്കപ്പെടുന്ന പരിചാരികമാരുടെ അപ്രസ്താവിതമായ കർത്തവ്യങ്ങളിൽ ഒന്ന് യജമാനന്മാരുടെ മൃഗതൃഷ്ണകളുടെ ശമനവും കൂടി ആയിരുന്നു. സത്യത്തിൽ സ്റ്റാലിനുവേണ്ടി റിക്രൂട്ട് ചെയ്തതല്ലായിരുന്നു വാലിയയെ. ജനറൽ നിക്കോളായി വ്ലാസിക്കിന് വേണ്ടിയായിരുന്നു അവരെ അവിടേക്ക് കൊണ്ടുവന്നത്. വന്നപാടെ കോമ്രേഡ് സ്റ്റാലിൻ ഒരു വിരുന്നിൽ വച്ച് വാലിയയെ ഒരു നോക്ക് കാണുകയും, ഇഷ്ടപ്പെട്ട് സ്വന്തം പരിചാരികയായി നിയമിക്കുകയുമാണ് ഉണ്ടായത്. സ്റ്റാലിൻ താത്പര്യം പ്രകടിപ്പിച്ചതോടെ ജനറൽ നിക്കോളായി പിന്മടങ്ങി. അടുത്ത ദിവസം തൊട്ട് സ്റ്റാലിന്റെ തീന്മേശയിൽ ഭക്ഷ്യമെത്തുന്നുണ്ട് എന്നുറപ്പിക്കുകയും, അദ്ദേഹത്തിന്റെ കിടക്കവിരി ചുളുങ്ങാതെ സൂക്ഷിക്കുകയുമായി വാലിയയുടെ പണി. പതിനേഴു വർഷക്കാലം അവർ സ്റ്റാലിനെ സേവിച്ച് ആ മാളികയിൽ കഴിഞ്ഞുപോന്നു. അതിനിടെ വ്ലാസിക് വീണ്ടുമെത്തി വാലിയയെ ബലാത്സംഗം ചെയ്യുന്നു. ആ സംഭവത്തെ വാലിയ തന്നോട് കാണിച്ച വഞ്ചനയായി വ്യാഖ്യാനിച്ച സ്റ്റാലിൻ, അവരെ അറസ്റ്റു ചെയ്ത് കുപ്രസിദ്ധമായ കോളിമ ടോർച്ചർ ക്യാമ്പിലേക്ക് പറഞ്ഞയക്കുന്. വ്ലാസിക്കിനും മറ്റൊരു ക്യാമ്പിലെ പീഡനങ്ങൾ ശിക്ഷയായി വിധിക്കപ്പെട്ടു. എന്നാൽ, കോളിമ ക്യാമ്പിൽ ചെന്നിറങ്ങിയപ്പോഴേക്കും, വാലിയയെകൂടാതെ തനിക്ക് ജീവിക്കാനാവില്ല എന്ന തിരിച്ചറിവുണ്ടായ സ്റ്റാലിൻ അവരെ തിരികെ കൊണ്ടുവരാൻ വേണ്ടി പറഞ്ഞയച്ച വാഹനം അവരെ കാത്തിരിപ്പുണ്ടായിരുന്നു. 

 

സ്റ്റാലിനും വാലിയ ഇസ്തോമിനയും 

അങ്ങനെ അവർ വീണ്ടും മോസ്‌കോയിൽ എത്തി. അവസാനകാലത്ത് സ്വന്തം മൂത്രത്തിൽ സ്ട്രോക്കുവന്നു വീണുകിടന്ന സ്റ്റാലിനെ പരിചരിച്ചതും, മരണം വരെ അയാളുടെ മലമൂത്രാദികൾ കോരി അയാളെ പരിചരിച്ചതും ഒക്കെ വാലിയ ഒറ്റയ്ക്കായിരുന്നു. ഒടുവിൽ 1953 മാർച്ച് 5 -ന് സ്റ്റാലിൻ മരിച്ചു എന്ന സ്ഥിരീകരണമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ആർത്തലച്ചു കരഞ്ഞതും വാലിയ തന്നെ.

സ്റ്റാലിന്റെ മകൾ സ്വെറ്റ്‌ലാനയുടെ ഏറ്റവും അടുത്ത സ്നേഹിതരിൽ ഒരാളായിരുന്നു വാലിയ. അവർ  തന്റെ അച്ഛന്റെ ജീവിതത്തിലെ അവസാനത്തെ സ്ത്രീയെക്കുറിച്ച് തന്റെ "ഒരു സുഹൃത്തിനുള്ള 21 കത്തുകൾ"എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി, " എന്റെ അച്ഛനോളം നന്മയുള്ളൊരു പുരുഷൻ ഈ ലോകത്ത് വേറെയില്ലെന്നുതന്നെയാണ് വാലിയ മരിക്കും വരെ ആത്മാർഥമായി വിശ്വസിച്ചിരുന്നത്"