Asianet News MalayalamAsianet News Malayalam

ദക്ഷിണ കൊറിയയെ സ്തംഭിപ്പിച്ച് തൊഴിലാളികളുടെ പ്രതിഷേധം, വേഷം സ്ക്വിഡ് ഗെയിമിലേത്

കാന്‍റീന്‍ ജോലിക്കാര്‍ സമരത്തില്‍ പങ്കെടുത്തത് നിരവധി സ്കൂളുകളെ പ്രതികൂലമായി ബാധിച്ചു. ആയിരത്തോളം ഡെലിവറി ജീവനക്കാര്‍ തങ്ങളുടെ ഫോണ്‍ ഓഫ് ചെയ്ത് കൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. 

workers protest in South Korea with Squid Game costume
Author
South Korea, First Published Oct 25, 2021, 12:40 PM IST

ദക്ഷിണ കൊറിയയിലെ ആയിരക്കണക്കിന് യൂണിയൻ തൊഴിലാളികൾ നെറ്റ്ഫ്ലിക്സ്(netflix) ഹിറ്റായ സ്ക്വിഡ് ഗെയിമിൽ(Squid Game) നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രങ്ങൾ ധരിച്ച് തെരുവുകളിൽ റാലി നടത്തി. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഈ വേറിട്ട പ്രതിഷേധം. നാല് ദിവസം മുമ്പാണ് വലിയ പ്രതിഷേധം രാജ്യത്ത് നടന്നത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

നെറ്റ്‌ഫ്ലിക്സ് ഷോയിൽ അഭിനേതാക്കൾ അണിഞ്ഞ ജമ്പ് സ്യൂട്ടുകളും മാസ്കുകളും ധരിച്ച് കൊണ്ട് ഡസൻ കണക്കിന് അംഗങ്ങൾ സിയോളിലും മറ്റും രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്തിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊറിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനുകൾ (കെസിടിയു), ഏകദേശം 80,000 അംഗങ്ങൾ 13 നഗരങ്ങളിലുടനീളം റാലികളിൽ പങ്കുചേർന്നുവെന്ന് പറയുന്നു. ഇത് കടുത്ത ഗതാഗതക്കുരുക്കിനും തടസത്തിനും കാരണമായി. 

റാലി നിയമവിരുദ്ധമാണെന്നും കൊവിഡ്-19 നിയന്ത്രണങ്ങൾ ലംഘിക്കുന്നുവെന്നുമുള്ള സർക്കാരിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പ്രകടനങ്ങൾ. കാന്‍റീന്‍ ജോലിക്കാര്‍ സമരത്തില്‍ പങ്കെടുത്തത് നിരവധി സ്കൂളുകളെ പ്രതികൂലമായി ബാധിച്ചു. ആയിരത്തോളം ഡെലിവറി ജീവനക്കാര്‍ തങ്ങളുടെ ഫോണ്‍ ഓഫ് ചെയ്ത് കൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ദക്ഷിണ കൊറിയയിലെ തൊഴിൽ നിയമപ്രകാരം താൽക്കാലിക തൊഴിലാളികളും കരാർ തൊഴിലാളികളും ഉള്‍പ്പടെയുള്ളവര്‍ക്ക് മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 

എല്ലാ തൊഴിലാളികൾക്കും യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശവും കെസിടിയു ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വ്യവസായത്തിൽ നിന്ന് സേവനങ്ങളിലേക്ക് മാറുന്നതിനാൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൂടുതൽ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം, പൊതുഗതാഗത ശൃംഖലകൾ, വൈദ്യസഹായം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തണമെന്നും ഇത് ആവശ്യപ്പെടുന്നു.

ദക്ഷിണ കൊറിയയിൽ നിർമ്മിച്ച, സ്ക്വിഡ് ഗെയിംസ് എന്ന അതിജീവന പരമ്പര കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു ഗെയിമിലാണ്. അതിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള 456 മുതിർന്നവർ മാരകമായ ഗെയിമുകളിൽ മത്സരിച്ച് വൻ തുക സമ്മാനമായി നേടാന്‍ ശ്രമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios