Asianet News MalayalamAsianet News Malayalam

ഈ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുകയാണ്, ഇങ്ങനെ

അതിഗംഭീരമായിരുന്നു അവളുടെ പ്രസംഗം. അവളുടെ കഥകൾ കേട്ട് സദസ്സ് കൈയടിച്ചു. മറ്റ് പ്രാസംഗികർ പോലും അവളെ പ്രശംസിച്ചുവെന്ന് പരിപാടിയുടെ സംഘാടകർ പറഞ്ഞു. 

worlds youngest TEDx speaker
Author
India, First Published Nov 17, 2021, 10:20 AM IST

അഞ്ച് വയസ്സുള്ള ഇന്ത്യൻ-അമേരിക്കൻ പെൺകുട്ടി കിയാര കൗർ(Kiara Kaur) ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ TEDx സ്പീക്കറായി(TEDx Speaker). ശിശുദിനമായ നവംബർ 14 -ന് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച TEDx മീറ്റിൽ സംസാരിച്ചതിനെ തുടർന്നാണ് ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ അവൾ കയറിയത്. ഏറ്റവും പ്രായം കുറഞ്ഞ TED സ്പീക്കറായതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അവൾ പറഞ്ഞു.

അതിഗംഭീരമായിരുന്നു അവളുടെ പ്രസംഗം. അവളുടെ കഥകൾ കേട്ട് സദസ്സ് കൈയടിച്ചു. മറ്റ് പ്രാസംഗികർ പോലും അവളെ പ്രശംസിച്ചുവെന്ന് പരിപാടിയുടെ സംഘാടകർ പറഞ്ഞു. അവൾക്ക് അതിനുള്ള കഴിവ് നൽകിയത് അവളുടെ വായനാശീലമാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ അവൾ രണ്ടായിരത്തിലധികം പുസ്തകങ്ങൾ വായിച്ചു തീർത്തു. കൂടാതെ, ഈ ചെറുപ്രായത്തിൽ തന്നെ മറ്റൊരു റെക്കോർഡും അവൾ സ്വന്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ 105 മിനിറ്റ് നിർത്താതെ 36 പുസ്തകങ്ങൾ വായിച്ചാണ് കിയാര ലോക റെക്കോർഡ് സ്ഥാപിച്ചത്. അതും പോരെങ്കിൽ, ഇപ്പോൾ സ്വന്തമായൊരു പുസ്തകം എഴുതി ഒരു എഴുത്തുകാരിയായി മാറിയിക്കയാണ് അവൾ. തന്റെ പുസ്തകമായ "ഡയറി ഓഫ് എ 5-വയസ്-ഓൾഡ് ജീനിയസ് ചാറ്റർബോക്സ് ഹു സെറ്റ് വേൾഡ് റെക്കോർഡ്സ്" പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കിയാര ഇപ്പോൾ.  

പുസ്തകം പൂർത്തിയാക്കാൻ ഏഴ് മാസമെടുത്തുവെന്ന് ഡെന്റൽ കോളേജിലെ ഡീൻ ആയ അവളുടെ അമ്മ ഡോ. ലിറ്റിൽ മഹേന്ദ്ര പറഞ്ഞു. പുസ്തകം ടൈപ്പ് ചെയ്യാൻ സഹായിച്ചത് അവരാണ്. ഭാഷകളോട് ചായ്‌വുള്ള അവൾ ഫ്രഞ്ച്, സ്പാനിഷ് ഭാഷകളും ഇപ്പോൾ പഠിക്കുന്നുണ്ട്.  ഇങ്ങനെയൊക്കെയാണെങ്കിലും, ഭാവിയെ കുറിച്ച് ചോദിച്ചാൽ അവൾ ആശയക്കുഴപ്പത്തിലാകും. “ചിലപ്പോൾ ആളുകളെ ചികിത്സിക്കാൻ ഒരു ഡോക്ടറാകാനും ചിലപ്പോൾ ദരിദ്രരെ സഹായിക്കാൻ ഒരു നേതാവാകാനും ഞാൻ ആഗ്രഹിക്കുന്നു,” അവൾ പറഞ്ഞു. അമേരിക്കയിൽ ജനിച്ച കിയാര അബുദാബിയിലാണ് താമസിക്കുന്നത്. ഡോക്ടർ ദമ്പതികളുടെ മകളാണ് അവൾ. 

Follow Us:
Download App:
  • android
  • ios