Asianet News MalayalamAsianet News Malayalam

മകൾക്ക് കൂടുതൽ പഠിക്കാനാവസരം കിട്ടിയില്ല, പെൺകുട്ടികൾക്കായി സ്കൂൾ തന്നെ തുടങ്ങി

തുടക്കത്തിൽ വെറും 37 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. 4,000 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സാധിക്കുന്ന രീതിയിൽ അത് വളർന്നിരിക്കുന്നു. 

Zamindar Babasaheb Keshav Narayanrao Deshmukh started school for poor kids
Author
Maharashtra, First Published May 15, 2022, 10:21 AM IST

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സഗ്രോലി ഗ്രാമത്തിൽ ആയിരക്കണക്കിന് നിരാലംബരായ കുട്ടികളുടെ ഭാവി മാറ്റിമറിച്ച ഒരു സ്‌കൂളുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാനായി ബാബാസാഹേബ് കേശവ് നാരായൺറാവു ദേശ്മുഖ് (Babasaheb Keshav Narayanrao Deshmukh ) 1959 -ൽ സ്ഥാപിച്ചതാണ് സ്കൂൾ. പേര് ശ്രീ ഛത്രപതി ശിവാജി ഹൈസ്കൂൾ. 

ഇവിടത്തെ പ്രത്യേകത പഠിപ്പിനൊപ്പം, വിദ്യാർത്ഥികൾക്ക് ഭക്ഷണവും, വസ്ത്രവും, താമസസൗകര്യവും എല്ലാം ഇവിടെ സൗജന്യമാണ്. ഗുരുകുല വിദ്യാഭ്യാസമാണ് അദ്ദേഹം അവിടെ വാ​ഗ്‍ദ്ധാനം ചെയ്യുന്നത്. ഇന്ന് ബാബാസാഹേബ് സ്ഥാപിച്ച സ്കൂളുകളിലെ വിദ്യാർത്ഥികൾ വിവിധ സർക്കാർ വകുപ്പുകളിലും പ്രതിരോധ, അർദ്ധസൈനിക സേനകളിലും ജോലി ചെയ്യുന്നു. കുടുംബത്തെ പട്ടിണി അകറ്റാനും മറ്റുള്ളവർക്ക് മാതൃകയാകാനും അവിടത്തെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.  

അവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ്. വിവിധ കായിക ഇനങ്ങളിൽ മെഡലുകളും ട്രോഫികളും നേടുന്ന വിദ്യാർഥികൾക്ക് സർക്കാർ ജോലിയിൽ ചേരാനുള്ള അവസരവും ലഭിക്കുന്നു. ഈ സ്കൂൾ സ്ഥാപിച്ച ബാബാസാഹേബ് പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാൽ, അദ്ദേഹത്തിന്റെ മകളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. സമീപത്ത് സ്കൂളുകൾ ഒന്നും ഇല്ലാതിരുന്നത് മൂലം മകൾക്ക് നാലാം ക്ലാസിനപ്പുറം പഠിക്കാൻ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. തന്റെ മകളുടെ ഗതി ഇനി ഒരു പെൺകുട്ടിക്കും വരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം പെൺകുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു.

ഒരു ജമീന്ദാർ കുടുംബത്തിൽ പെട്ട അദ്ദേഹത്തിന് ഏക്കർ കണക്കിന് ഭൂമി കൈവശമായി ഉണ്ടായിരുന്നു. അതിൽ നിന്ന്  ബാബാസാഹേബ് 100 ഏക്കർ സ്ഥലം ഒരു സ്കൂൾ സ്ഥാപിക്കാനായി സംഭാവന ചെയ്തു. വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെ 1959 -ൽ അദ്ദേഹം സംസ്‌കൃതി സംവർദ്ധൻ മണ്ഡല് (എസ്എസ്എം) എന്ന എൻജിഒ സ്ഥാപിച്ചു. അതിന്റെ കീഴിൽ താഴെത്തട്ടിലുള്ള കുട്ടികൾക്കായി ആദ്യത്തെ റെസിഡൻഷ്യൽ സ്കൂളായ ശ്രീ ഛത്രപതി ശിവാജി ഹൈസ്കൂൾ ആരംഭിച്ചു. 

തുടക്കത്തിൽ വെറും 37 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. 4,000 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സാധിക്കുന്ന രീതിയിൽ അത് വളർന്നിരിക്കുന്നു. അവിടെ എത്തുന്ന വിദ്യാർത്ഥികളിൽ ചിലർ അനാഥരും മറ്റുള്ളവർ ആദിവാസി കുടുംബങ്ങളിൽ പെട്ടവരും അതുമല്ലെങ്കിൽ രക്ഷിതാക്കൾ കൂലിപ്പണി ചെയ്യുന്നവരുമാണ്. മുൻപ് ദാരിദ്ര്യം കാരണം മാതാപിതാക്കൾ തങ്ങളുടെ പെൺകുട്ടികളെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിച്ച് അയക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ പെൺകുട്ടികൾക്ക് പഠിക്കാനും, സ്വന്തം കാലിൽ നിൽക്കാനും സാധിച്ചതോടെ ശൈശവ വിവാഹങ്ങൾ കുറഞ്ഞു.

നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചമായി നിന്ന ബാബാസാഹെബ് ദേശ്മുഖ് ഇന്ന് ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ മകനും, പേരക്കുട്ടികളും അദ്ദേഹത്തിന്റെ പാരമ്പര്യം പിൻതുടരുന്നു.

Follow Us:
Download App:
  • android
  • ios