ആണവോർജ്ജത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നപ്പോൾ, സ്വെൻ‌ടെൻ‌ഡോർഫ് പ്ലാന്റ് ആരംഭിക്കണമോ എന്ന് തീരുമാനിക്കാൻ റഫറണ്ടം നടത്താൻ സർക്കാർ നിർബന്ധിതരായി. 

വിയന്നയിൽ നിന്ന് 20 മൈൽ വടക്കുപടിഞ്ഞാറായി ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സ്വെൻ‌ടെൻഡോർഫ് ന്യൂക്ലിയർ പവർ പ്ലാന്റ് ഓസ്ട്രിയയിലെ ഏക ആണവ നിലയമാണ്. ഇത് 1978 -ലാണ് പൂർത്തീകരിച്ചത്. എന്നാൽ, അതിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെ രാജ്യത്തിന് ആ ആണവ നിലയത്തിന്റെ പ്രവർത്തനം ഉപേക്ഷിക്കേണ്ടി വന്നു. പൂർണമായും പൂർത്തിയായ ഒരേയൊരു ന്യൂക്ലിയർ റിയാക്ടറാണ് ഇത്. കോടികൾ ചിലവഴിച്ച് നിർമ്മിച്ച അത് ഉപേക്ഷിക്കാൻ എന്തായിരുന്നു കാരണം?

1960 -കളുടെ അവസാനത്തിൽ ഓസ്ട്രിയൻ സർക്കാർ അംഗീകരിച്ച മൂന്ന് ആണവ നിലയങ്ങളിൽ ആദ്യത്തേതാണ് സ്വെൻ‌ടെൻഡോർഫ് പ്ലാന്റ്. 700 മെഗാവാട്ട് ശേഷിയുള്ള ഇത് ഓസ്ട്രിയയുടെ വൈദ്യുതി ആവശ്യത്തിന്റെ പത്തിലൊന്ന് നിറവേറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്ലാന്റിന്റെ നിർമ്മാണം 1972 -ൽ ആരംഭിച്ചു. ആ വർഷത്തിനും 1978 -നും ഇടയിൽ, അതിന്റെ നിർമ്മാണത്തിനായി ഏകദേശം ഒരു ബില്യൺ ഡോളറാണ് ചെലവായത്. ആണവോർജ്ജത്തോടുള്ള പ്രതിബദ്ധത കഠിനമായിരുന്നു. 1973 -ലെ എണ്ണ പ്രതിസന്ധി ഇതിന്റെ ആവശ്യകത വർധിപ്പിച്ചു. ഇത് ആണവോർജ്ജത്തെക്കുറിച്ചുള്ള തന്റെ നിലപാട് ശക്തിപ്പെടുത്താൻ ചാൻസലർ ബ്രൂണോ ക്രെയ്സ്കിയെ പ്രേരിപ്പിച്ചു.

ഒരൊറ്റ കൂളിംഗ് സർക്യൂട്ട് ഉപയോഗിച്ച് ചുട്ടുതിളക്കുന്ന വാട്ടർ റിയാക്ടറായിട്ടാണ് സ്വെൻ‌ടെൻഡോർഫ് പവർ പ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് റിയാക്ടർ കോർ വെള്ളം ചൂടാക്കുകയും അത് നീരാവിയായി മാറുകയും ഈ റേഡിയോ ആക്ടീവ് നീരാവി ടർബൈനുകൾ ഓടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഡാന്യൂബ് നദിയിലെ ജലം ഉപയോഗിച്ച് നീരാവി തണുപ്പിക്കാൻ രൂപകൽപ്പന ചെയ്തതിനാൽ സ്വെൻ‌ടെൻ‌ഡോർഫിന് ഒരു ന്യൂക്ലിയർ പവർ പ്ലാന്റിന്റെ സാധാരണ കൂളിംഗ് ടവറുകൾ ഇല്ലായിരുന്നു. അക്കാലത്ത് അത് അത്യാധുനികമായിരുന്നെങ്കിലും, അടിയന്തര ബാക്കപ്പ് പവർ പുറത്ത് സ്ഥാപിക്കുകയും വെള്ളപ്പൊക്കത്തിന് ഇരയാകുകയും ചെയ്യുന്നതുപോലുള്ള നിരവധി സുരക്ഷാ പാളിച്ചകൾ റിയാക്ടറിനെ ബാധിക്കുകയുണ്ടായി.

സ്വെൻ‌ടെൻഡോർഫ് പ്ലാന്റിന് തുടക്കം മുതലേ പ്രശ്നങ്ങളായിരുന്നു. തറ പണിത് രണ്ട് ആഴ്ചകൾ പിന്നിട്ടപ്പോൾ, ശക്തമായ ഭൂകമ്പം വൈദ്യുതി നിലയത്തിന്റെ അടിത്തറ തകർത്തു. തുടർന്ന്, അത് പൊളിച്ച് പുതിയത് പണിയേണ്ടി വന്നു. പിന്നീട്, ഒരു ഡാന്യൂബ് വെള്ളപ്പൊക്കത്തിൽ, വെള്ളം അതിന്റെ കണ്ടെയ്നർ വെസ്സലിലേയ്ക്ക് ഒഴുകി. ഇത് ചോർച്ചയ്ക്ക് കാരണമായി. കൂടാതെ, ആണവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലായിരുന്നു. ആൽപ്‌സിനു കീഴിൽ ആഴത്തിൽ കുഴിയെടുത്തു മൂടുക എന്നതായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ, തിരഞ്ഞെടുത്ത സൈറ്റിലെ ഗ്രാമങ്ങൾ ശക്തമായി ഇതിനെതിരെ പ്രതിഷേധിച്ചു. ഓസ്ട്രിയക്കാർ മാലിന്യങ്ങൾ ഹംഗറി, ഈജിപ്ത്, ചൈന എന്നിവിടങ്ങളിൽ പുനരുപയോഗത്തിനായി വിൽക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാവരും നിരസിച്ചു.

ആണവോർജ്ജത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നപ്പോൾ, സ്വെൻ‌ടെൻ‌ഡോർഫ് പ്ലാന്റ് ആരംഭിക്കണമോ എന്ന് തീരുമാനിക്കാൻ റഫറണ്ടം നടത്താൻ സർക്കാർ നിർബന്ധിതരായി. 1978 നവംബർ 5 -ന് 1.6 ദശലക്ഷം ആളുകൾ ആണവ നിലയത്തിനെതിരെ വോട്ട് ചെയ്തു. 1986 -ൽ ചെർണോബിലിൽ നടന്ന ആണവ ദുരന്തം, പ്ലാന്റ് പ്രവർത്തിപ്പിക്കുമെന്ന പ്രതീക്ഷ പൂർണമായും ഇല്ലാതാക്കി. സംഭവം നടന്നയുടനെ സർക്കാർ ഭാഗികമായി വൈദ്യുതി നിലയം പൊളിച്ചുതുടങ്ങി. ചില ഭാഗങ്ങൾ ജർമ്മൻ ന്യൂക്ലിയർ സ്ഥാപനങ്ങൾക്ക് വിറ്റെങ്കിലും ഏറെക്കുറെ അത് ഇപ്പോഴും പഴയ അവസ്ഥയിലാണ്. പ്ലാന്റിന്റെ നിലവിലെ ഉടമ ഈ സമുച്ചയത്തെ ഒരു സുരക്ഷാ പരിശീലന കേന്ദ്രമായി ഉപയോഗിക്കുന്നു. ഒപ്പം ഇത് ഒരു സിനിമ പശ്ചാത്തലമായി ഉപയോഗിക്കുകയും ചെയ്യുന്നു.