ന്യൂയോര്‍ക്ക്: കൊവിഡ് ഭീതിയില്‍ ലോകമെങ്ങും ലോക്ക്ഡൗണിലാണ്. ഈ ലോക്ക്ഡൗണ്‍ കാലത്ത് ടെക് ലോകം ഏറ്റവും ചര്‍ച്ച ചെയ്തത് വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളെക്കുറിച്ചാണ്.  ഇത്തരം പ്ലാറ്റ്ഫോമുകളുടെ ആവശ്യകത കുത്തനെ കൂടിയതോടെ ഫേസ്ബുക്കും, വാട്ട്സ്ആപ്പും വീഡിയോ കോൾ സേവനങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇപ്പോൾ, ഗൂഗിൾ മീറ്റ് പ്രീമിയം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ഒരു പടികൂടി കടന്ന് സൗജന്യമാക്കിയിരിക്കുകയാണ്

ഗൂഗിളിന്‍റെ വീഡിയോ കോണ്‍ഫ്രന്‍സ് പ്ലാറ്റ്ഫോം ഗൂഗിള്‍ മീറ്റ് ഗൂഗിള്‍ സേവനമായ‌ ജി സ്യൂട്ടിന്‍റെ ഭാഗമാണ്. മുൻപ് ഗൂഗിൾ ഹാങൗട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. വര്‍ഷങ്ങളായി ലോകത്തുള്ള വിവിധ സ്ഥാപനങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്ത മാസങ്ങളിൽ കൂടുതൽ‌ സഹായകരമാക്കുന്നതിന് മീറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് ജാവിയർ സോൾറ്റെറോ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ജനുവരി മുതൽ മീറ്റിന്‍റെ ദിവസവുമുള്ള ഉപയോഗം 30 മടങ്ങാണ് വർധിച്ചുവരുന്നത്. ഈ കാലയളവില്‍ 300 കോടി മിനിറ്റ് വിഡിയോ മീറ്റിങുകൾ ഈ പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്തു. പ്രതിദിനം 30 ലക്ഷം പുതിയ ഉപയോക്താക്കളെ ചേർക്കുന്നതായും ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് പറയുന്നു. 250 പേർക്ക് വരെ ഒരേസമയം ഗ്രൂപ്പ് കോളിങ്ങിന്റെ ഭാഗമാകാം. സൈൻ അപ്പ് ചെയ്യാൻ ഒരു ജിമെയിൽ അക്കൗണ്ട് മതി. മികച്ച സുരക്ഷയ്ക്കൊപ്പം സംഭാഷണങ്ങൾ റെക്കോർഡുചെയ്യാനുള്ള കഴിവുമുണ്ട്.

ഒരു ബ്രൗസർ അധിഷ്ഠിത ഇന്റർഫേസാണ്. ഇതിനാൽ പ്രവർത്തിപ്പിക്കുന്നതിന് ഒന്നും ഇൻസ്റ്റാൾ ചെയ്യുകയോ ഡൗൺലോഡോ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് വേണ്ടത് ഗൂഗിൾ ക്രോം, ജിമെയിൽ അക്കൗണ്ട് മാത്രം. സൗജന്യ പതിപ്പിന് ഒരു കോളിന് 60 മിനിറ്റ് എന്ന പരിധിയുണ്ട്. എന്നാൽ, ഈ പരിധി സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരികയൊള്ളൂ.