IndianPoll.in ന്റെ വോട്ടെടുപ്പിലെ ചോദ്യം ഇങ്ങനെയായിരുന്നു, ‘നിങ്ങൾ എൻ‌ആർ‌സിയും സി‌എ‌എയും പിന്തുണയ്ക്കുന്നുണ്ടോ? ഈ വോട്ടെടുപ്പിൽ ഇതുവരെ 20 ലക്ഷം പേരാണ് വോട്ട് ചെയ്തത്. ഇതിൽ കേവലം രണ്ടു ലക്ഷം പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. 

ദില്ലി: പാര്‍ലമെന്‍റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമവും അതിന് പ്രതികൂലമായി ഉയര്‍ന്നുവന്ന സമരങ്ങളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും സിഎഎ പ്രധാന വിഷയമായിട്ടുണ്ട്. സിഎഎ പാസാക്കിയ അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് എന്നാണ് ഗൂഗിള്‍ ട്രെന്‍റ് പോലും വ്യക്തമാക്കുന്നത്. സിഎഎ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ കീഴടക്കുമ്പോള്‍ അതില്‍ ആധിപത്യം നേടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ #IndiaSupportsCAA എന്ന ഹാഷ്ടാഗ് ക്യാംപെയിന്‍ ആരംഭിച്ചിരുന്നു.

ഇതിലൂടെ ട്വിറ്റര്‍ ട്രെന്‍റിംഗ് ഒരു ദിവസത്തോളം പിടിച്ചെടുക്കാന്‍ കേന്ദ്ര നിയമം അനുകൂലിക്കുന്നവര്‍ക്ക് സാധിച്ചിരുന്നു. അതേ സമയം ഒരു അബദ്ധവും പറ്റി. പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ഹാഷ്ടാഗില്‍ അക്ഷരത്തെറ്റ്. ട്വിറ്ററില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രെന്‍ഡിംഗായ ഹാഷ്ടാഗിലാണ് ഗുരുതര അക്ഷരത്തെറ്റ്. #IndiaSupportsCCA എന്നാണ് ട്രെന്‍ഡിംഗ് ആയ ഹാഷ്ടാഗ്. പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി ക്യാംപയിന്‍ ആയ #IndiaSupportsCAA എന്ന ഹാഷ്ടാഗിനെ വെല്ലുന്ന രീതിയിലാണ് തെറ്റായ അക്ഷരത്തോട് കൂടിയ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയത്. 

അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവര്‍ എത്രയെന്ന് അറിയാന്‍ വിവിധ വ്യക്തികളും, മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയയിൽ നടത്തിയ വോട്ടെടുപ്പുകളിലെല്ലാം മോദി സർക്കാരിന് തിരിച്ചടിയാണ് ലഭിക്കുന്നത് എന്നാണ് മറ്റൊരു വിവരം. സി‌എ‌എ-എൻ‌ആർ‌സിയെക്കുറിച്ചുള്ള വോട്ടെടുപ്പുകളിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത് പലതും സര്‍ക്കാറിന് പ്രതികൂലമായ ഫലഭങ്ങളാണ് കാണിക്കുന്നത്.

IndianPoll.in ന്റെ വോട്ടെടുപ്പിലെ ചോദ്യം ഇങ്ങനെയായിരുന്നു, ‘നിങ്ങൾ എൻ‌ആർ‌സിയും സി‌എ‌എയും പിന്തുണയ്ക്കുന്നുണ്ടോ? ഈ വോട്ടെടുപ്പിൽ ഇതുവരെ 20 ലക്ഷം പേരാണ് വോട്ട് ചെയ്തത്. ഇതിൽ കേവലം രണ്ടു ലക്ഷം പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. അതായത് 10.2% പേർ പിന്തുണയോടെ വോട്ട് ചെയ്തപ്പോൾ 18.73 ലക്ഷം, അതായത് 89.8 ശതമാനം പേർ എൻ‌ആർ‌സിയും സി‌എ‌എയ്ക്കും എതിരായി വോട്ട് ചെയ്തു.

ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ ഡിസംബർ 17 ന് ഫെയ്സ്ബുക്കിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ‘#CAB #NRC- യിലെ നിങ്ങളുടെ നിലപാട് എന്താണ്?’ ഇതായിരുന്നു ചോദ്യം. ഈ പോളിൽ 6.5 ലക്ഷം പേരാണ് പങ്കെടുത്തത്. 36 ശതമാനം വോട്ടർമാർ CAB / NRC യെ പിന്തുണച്ചപ്പോൾ 64 ശതമാനം പേർ എതിരെ വോട്ട് ചെയ്തു.

ജനപ്രിയ ഹിന്ദി ദിനപത്രമായ ദൈനിക്ക് ജാഗ്രാൻ പുറത്തിറക്കിയ മറ്റൊരു വോട്ടെടുപ്പിൽ 54.1 ശതമാനം പേർ സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്തിയപ്പോൾ 44.1 ശതമാനം പേർ ഇത് അംഗീകരിച്ചു. ഡിസംബർ 24 ന് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി നടത്തിയ വോട്ടെടുപ്പിൽ 52.3 ശതമാനം പേർ സി‌എ‌എയ്‌ക്കെതിരെ വോട്ട് ചെയ്തപ്പോൾ 47.7 ശതമാനം പേർ അനുകൂലമായി വോട്ട് ചെയ്തു. ഫെയ്സ്ബുക്കില്‍ ഇദ്ദേഹം നടത്തിയ പോളില്‍ 64 ശതമാനം ആളുകൾ സിഎഎയ്ക്കെതിരെ വോട്ടുചെയ്യുകയും 36 ശതമാനം പേർ അനുകൂലമായി വോട്ടുചെയ്യുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി അനുകൂലിച്ച വ്യക്തിയാണ് സദ്ഗുരു. ഇദ്ദേഹത്തിന്‍റെ ഇത് സംബന്ധിച്ച വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഷെയര്‍ ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന്‍ ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പങ്കുവച്ച ചോദ്യം ഇതായിരുന്നു - എന്‍ആര്‍സി, സിഎഎ എന്നിവയ്ക്കെതിരായ സമരങ്ങളെ നിങ്ങള്‍ ന്യായീകരിക്കുന്നുണ്ടോ? - ഇതില്‍ 62 ശതമാനം പേര്‍ പ്രക്ഷോഭം ശരിയാണെന്ന് പറഞ്ഞപ്പോള്‍, 38 ശതമാനം പേര്‍ മാത്രമാണ് പ്രക്ഷോഭം ശരിയല്ലെന്ന് പറഞ്ഞത്.