കനകകുന്നില്‍ ഒരുമിച്ചിരുന്നുവെന്ന പേരില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും പിങ്ക് പോലീസ് പിടികൂടി ഭീഷണിപ്പെടുത്തിയത് നേരത്തെയും വാര്‍ത്തയായിരുന്നു. ഇന്ന് വൈകിട്ട് കനകകുന്നില്‍ പിങ്ക് പോലീസിന്റെ സദാചാരപോലീസ് ചമയല്‍ ജല്‍ജിത്ത് എന്ന യുവാവ് തന്റെ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പൊതു സ്ഥലത്ത് ഇരുന്ന യുവാവിനെയും യുവതിയെയും പിങ്ക് പോലീസ് ഭീഷണിപ്പെടുത്തി ഇറക്കിവിടുകയായിരുന്നുവെന്ന് ജില്‍ജിത്ത് asianetnews.tv യോട് പറഞ്ഞു. വല്ലാത്ത രീതിയിലാണ് പോലീസ് ആ കുട്ടികളെ അപമാനിച്ചത്. അവര്‍ എഴുനേറ്റ് പോകുന്നത് വരെ പോലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നെന്നും ജല്‍ജിത്ത് പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനാണ് കേരളപോലീസ് പിങ്ക് പോലീസ് ആരംഭിച്ചത്. എന്നാല്‍ പിങ്ക് പോലീസ് പട്രോളിനിടെ നിരവധി പേര്‍ ഇവരുടെ സദാചാര പോലീസിംഗിന് ഇരയായിട്ടുണ്ട്. നിരവധി പരാതികളുയര്‍ന്നിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയരുന്നു.