സന്‍ഫ്രാന്‍സിസ്കോ: ആയിരക്കണക്കിന് യാഹൂ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി എന്ന കേസില്‍ യാഹൂ മുന്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി. റെയിസ് ഡാനിയേല്‍ എന്ന 34 കാരന് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് സന്‍ ജോസിലെ ഫെഡറല്‍ കോടതി കണ്ടെത്തി.

യാഹൂ ഉപയോക്താക്കളുടെ സൗകര്യ ചിത്രങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു എന്നും. സെക്സ് ചിത്രങ്ങളോടും വീഡിയോകളോടും ഉള്ള താല്‍പ്പര്യമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത് എന്നും എഫ്ബിഐയ്ക്ക് വേണ്ടി കേസ് വാദിച്ച നോര്‍ത്ത് ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ അറ്റോര്‍ണി മാധ്യമങ്ങളോട് വിശദീകരിച്ചു. 

യാഹൂവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു റെയിസ്. ഏതാണ്ട് 6000 യാഹൂ അക്കൗണ്ടുകളാണ് ഇയാള്‍ ഹാക്ക് ചെയ്തത്. പ്രധാനമായും വനിത ഉപയോക്താക്കളെയാണ് ഇയാള്‍ ലക്ഷ്യം വച്ചത്. ഇതില്‍ ഇയാളുടെ അടുപ്പക്കാരും ഉണ്ടായിരുന്നു എന്നാണ് കേസ് അന്വേഷിച്ച എഫ്ബിഐ റിപ്പോര്‍ട്ട് നല്‍കിയത്.

ഒരിക്കല്‍ യാഹൂ അക്കൗണ്ടിന്‍റെ നിയന്ത്രണം കിട്ടിയാല്‍ ഇത് വച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തുറന്ന് തനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ ഇയാള്‍ ശേഖരിക്കുന്നതായിരുന്നു പതിവ്. ഇത്തരത്തില്‍ ഇയാള്‍ ശേഖരിച്ച ചിത്രങ്ങളും വീഡിയോകളും ഇയാളുടെ വീട്ടില്‍ നിന്നും എഫ്ബിഐ കണ്ടെത്തിയിരുന്നു. ഇയാള്‍ കേസില്‍ പ്രതിയായതോടെ ഇയാളെ യാഹൂ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.