ടെക്‌സസ്: മോഷ്ടിക്കുക മാത്രമല്ല, അത് ഹൈടെക്കായി വില്‍ക്കുകയും ചെയ്തു. ഇതും കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുള്ള സാധനങ്ങള്‍. മോഷണമുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറായ ഇബേയില്‍ വിറ്റതിന് അമേരിക്കയിലെ ടെക്‌സസ് വനിതയ്ക്ക് 54 മാസം ഫെഡറല്‍ ജയില്‍ ശിക്ഷയും കിട്ടി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് സീക്രട്ട് സര്‍വീസിന്റെ അന്വേഷണത്തെത്തുടര്‍ന്ന് 63 കാരിയാണ് കുടങ്ങിയത്. കിം റിച്ചാര്‍ഡ്‌സണ്‍ എന്നു പേരായ ഇവര്‍ 3.8 മില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് അറ്റോര്‍ണി റിയാന്‍ കെ. പാട്രിക് അറിയിച്ചു.

യുഎസിലുടനീളമുള്ള യാത്രകള്‍ക്കിടെ ഡാളസ് റസിഡന്റ് ഷോപ്പില്‍ മോഷണം നടത്തുകയും യുഎസ് മെയില്‍, ഫെഡറല്‍ എക്‌സ്പ്രസ്, യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് എന്നിവ വഴി ഇവ കടത്തുകയും ചെയ്തു. അതിനു മുന്‍പ് ആവശ്യക്കാര്‍ക്ക് ഇത് ഓണ്‍ലൈന്‍ വഴി എത്തിച്ചു കൊടുക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ സ്‌റ്റോറായ ഇബേയിലും നേരിട്ടുള്ള ഇന്റര്‍നെറ്റ് വില്‍പ്പന വഴിയും ചരക്കുകള്‍ വില്‍ക്കുകയും ചെയ്തു.

'റിച്ചാര്‍ഡ്‌സണ്‍ നിരവധി റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചു. സുരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ അവര്‍ ഷോപ്പ് ലിഫ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചു, മോഷ്ടിച്ച ചരക്കുകള്‍ ഒരു വലിയ കറുത്ത ബാഗില്‍ വച്ചുകൊണ്ട് കടയില്‍ നിന്ന് പുറത്തുകടക്കും,' വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 'ഇന്റര്‍നെറ്റിലെ ഇനങ്ങള്‍ വില്‍ക്കുന്നതിനും മോഷ്ടിച്ച വസ്തുക്കള്‍ പാക്കേജിംഗ് ചെയ്യുന്നതിനും മെയില്‍ ചെയ്യുന്നതിനും റിച്ചാര്‍ഡ്‌സണെ ആരെങ്കിലും സഹായിച്ചിരുന്നുവോയെന്നു വ്യക്തമല്ല. അതേസമയം, മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയവര്‍ റിച്ചാര്‍ഡ്‌സണുമായി ലിങ്ക് ചെയ്തിട്ടുള്ള നാല് പേപാല്‍ അക്കൗണ്ടുകളിലേക്ക് ഏകദേശം 3.8 ദശലക്ഷം ഡോളര്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തിരിച്ചു കൊടുക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്.

വിധിന്യായത്തില്‍, റിച്ചാര്‍ഡ്‌സണിന്റെ മോഷണപദ്ധതിക്ക് ഇരയായ എല്ലാവരേയും തിരിച്ചറിയുന്നത് ഫലത്തില്‍ അസാധ്യമാണെന്ന് കോടതി വ്യക്തമാക്കി. 2019 ഡിസംബറില്‍ റിച്ചാര്‍ഡ്‌സണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു.