ന്യൂയോര്‍ക്ക്: സമ്പന്ന രാജ്യങ്ങൾ 100 ശതമാനം സിന്തറ്റിക് മാംസം മാത്രമേ കഴിക്കാവൂ എന്ന ബില്‍ഗേറ്റ്സിന്റെ നിരീക്ഷണം വിവാദത്തില്‍. മൈക്രോസ്ഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സ് പറയുന്നത് ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം കഴിക്കണമെന്നാണ്. തന്‍റെ പുതിയ പുസ്തകത്തിലാണ് ബില്‍ഗേറ്റ്സ് ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്. ‘ഒരു കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം: നമുക്ക് ആവശ്യമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും’ ആണ് ബിൽഗേറ്റ്സിന്റെ പുതിയ പുസ്തകം.

ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികൾ മൈക്രോസോഫ്റ്റ് സ്ഥാപകൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ൻ ഉദ്‌വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. കന്നുകാലികളും ആടുകളും പുറത്തുവിടുന്ന വാതകങ്ങൾ ഗോമാംസം ഉപഭോഗം തടയുന്നതിലൂടെ കുറയ്ക്കാമെന്നതാണ് ബിൽഗേറ്റ്സ് പുസ്തകത്തില്‍ പറയുന്നത്.

എന്നാല്‍ ഈ വാദം ട്വിറ്ററില്‍‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഗേറ്റ്സിനെതിരെ പ്രചാരണം ആരംഭിച്ചു. ബില്‍ഗേറ്റ്സിന്‍റെ ചില ആശയങ്ങള്‍ വലിയ മണ്ടത്തരം എന്ന രീതിയിലാണ് ചിലര്‍ ഇതിനെതിരെ പ്രതികരിച്ചത്. ബില്‍ഗേറ്റ്സ് വന്ന് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമായി എന്ന രീതിയില്‍ പോലും ട്വീറ്റുകള്‍ വന്നു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് എത്തിയ ബില്‍ഗേറ്റ്സിനെതിരെ വലിയ പ്രചാരണം ട്വിറ്റരില്‍ നടന്നു. ചൈനയില്‍ വൈറസ് ഉണ്ടായെന്ന് പറയുന്ന ലാബിന് അടക്കം ബില്‍ഗേറ്റ്സ് സാമ്പത്തിക സഹായം നല്‍കുന്നു എന്ന രീതിയിലായിരുന്നു കുപ്രചരണം.

ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ സ്ഥാപനം വിപുലമായ പൊതുജനാരോഗ്യ പദ്ധതികളിലും കാലാവസ്ഥാ വ്യതിയാന ഗവേഷണങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്.